ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ ദഹ്റാൻ മാളിലുണ്ടായ വൻ തീപിടിത്തത്തിൽനിന്ന് പക്ഷികളെയും മൃഗങ്ങളെയും മത്സ്യങ്ങളെയും രക്ഷപ്പെടുത്തി സൗദി സിവിൽ ഡിഫൻസ്. ദഹ്റാൻ മാളിലെ പെറ്റ്സ് ഹൗസിലുണ്ടായിരുന്ന മിണ്ടാപ്രാണികളാണ് രക്ഷാസേനയുടെ അവസരോചിത ഇടപെടലിലൂടെ പ്രാണൻ കാത്തത്. തങ്ങളുടെ ഓമനകളെ മരണത്തിന്റെ തീനാളങ്ങളിൽനിന്ന് രക്ഷപ്പെടുത്തിയ അഗ്നിശമന സേനക്ക് നന്ദിപറയുകയാണ് ഉടമസ്ഥർ.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ആറോടെയാണ് കിഴക്കൻ പ്രവിശ്യയിലെ പ്രശസ്ത വ്യാപാര സമുച്ചയത്തിന് തീപിടിച്ചത്. ദിവസം പതിനായിരക്കണക്കിന് ആളുകൾ എത്തുന്ന വിവിധതരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മാളിലെ തീപിടിത്തം വലിയ ആശങ്കയാണുണ്ടാക്കിയത്. ഹെലികോപ്ടർ ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി സംഭവസ്ഥലത്ത് കുതിച്ചെത്തിയ അഗ്നിശമന സേന വിഭാഗത്തിന്റെ വേഗത്തിലുള്ള ഇടപെടൽ ദുരന്തത്തിന്റെ വ്യാപ്തി കുറക്കാൻ സഹായിച്ചു.
തീ അണച്ചതിനുശേഷം മാളിനകത്ത് പ്രവേശിച്ച് സേനാംഗങ്ങൾ നടത്തിയ രക്ഷാപ്രവർത്തനങ്ങൾക്കിടയിലാണ് മിണ്ടാപ്രാണികളുടെയും ജീവൻകാത്തത്. യാത്രപോകുന്ന കുടുംബങ്ങളുടെ വളർത്തുമൃഗങ്ങളെ താൽക്കാലികമായി ഏറ്റെടുത്ത് സൂക്ഷിക്കുകയും പരിചരണം നൽകുകയും ചെയ്യുന്ന സ്ഥാപനമാണ് ദഹ്റാൻ മാളിൽ പ്രവർത്തിക്കുന്ന പെറ്റ്സ് ഹൗസ്. ഇങ്ങനെ ഏൽപിക്കപ്പെട്ട ധാരാളം വളർത്തുജീവികൾ പെറ്റ്സ് ഹൗസിലുണ്ടായിരുന്നു.
മാളിന് തീപിടിച്ചതോടെ ഈ ജീവികളെക്കുറിച്ചായിരുന്നു തങ്ങളുടെ ആശങ്ക മുഴുവനെന്ന് പെറ്റ്സ് ഹൗസ് ജനറൽ മാനേജർ നവാഫ് അൽ മന്ദീൽ പറഞ്ഞു. വളർത്തുമൃഗങ്ങളെ പരിചരിക്കുന്ന രീതികളെക്കുറിച്ച് പഠിക്കാനും ജീവികൾക്കാവശ്യമായ തീറ്റയും മറ്റ് സാധനങ്ങളും വാങ്ങാനുമായി നിരവധി പേരാണ് ദിവസവും പെറ്റ്സ് ഹൗസിൽ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇവിടത്തെ എല്ലാ ജീവികളും പെറ്റ്സ് ഹൗസിലെ വെറ്ററിനറി ക്ലിനിക്കിന്റെ മെഡിക്കൽ പരിശോധനക്ക് വിധേയമാണ്.
കൃത്യമായ ശുചിത്വമുള്ള അന്തരീക്ഷത്തിലാണ് ഇവയെ സംരക്ഷിക്കുന്നത്. രാവിലെ തീപിടിത്ത വാർത്ത അറിഞ്ഞ ഉടനെതന്നെ ഞങ്ങൾ അധികാരികളെ ബന്ധപ്പെടുകയും സമുച്ചയത്തിനുള്ളിലെ ഞങ്ങളുടെ ബ്രാഞ്ചിനുള്ളിൽ വളർത്തുമൃഗങ്ങൾ ഉള്ളതിനെക്കുറിച്ച് അവരെ അറിയിക്കുകയും ചെയ്തതായി അൽ മന്ദീൽ കൂട്ടിച്ചേർത്തു.
ഒരു ജീവിക്കും പോറൽപോലും ഏൽപിക്കാതെ അവയെ രക്ഷിച്ച സിവിൽ ഡിഫൻസ് സേനയോട് തീർത്താൽ തീരാത്ത നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൃഗങ്ങൾ ആരോഗ്യത്തോടെയുണ്ടെന്നും തീയോ പുകയോ അവയെ ബാധിച്ചിട്ടില്ലെന്നും റഹ്മ അനിമൽ വെൽഫെയർ അസോസിയേഷൻ ജനറൽ മാനേജർ ബദർ എസ്.അൽ. തുറൈഫ് പറഞ്ഞു.
ഭാവിയിൽ ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ സിവിൽ ഡിഫൻസ് നിർദേശിച്ച പ്രതിരോധ നടപടികൾ നടപ്പാക്കണമെന്ന് അൽതുറൈഫ് പെറ്റ്സ് സ്റ്റോർ ഉടമകളോട് അഭ്യർഥിച്ചു. ഫയർ അലാറം സ്ഥാപിക്കൽ, അടിയന്തര സാഹചര്യം കൈകാര്യം ചെയ്യൽ, ഇത്തരം സാഹചര്യത്തിൽ വേഗത്തിൽ ഒഴിപ്പിക്കാനുള്ള പ്ലാൻ വികസിപ്പിക്കൽ, മതിയായ വായുസഞ്ചാരം ഉറപ്പാക്കൽ, ഈ നടപടികൾ നടപ്പാക്കാൻ അനുവദിക്കുന്ന വിധത്തിൽ ഷോപ് രൂപകൽപന ചെയ്യൽ, മൃഗങ്ങളുടെ ആരോഗ്യവും സുരക്ഷയും അപകടത്തിലാകാതിരിക്കാൻ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.