റിയാദ്: മുന്തിരിവള്ളി തളിർക്കുന്ന തബൂക്കിൽ വാർഷിക വിളവെടുപ്പ് റെക്കോഡ് നേട്ടത്തിൽ. രാജ്യത്ത് ഏറ്റവും കൂടുതൽ മുന്തിരി ഉൽപാദിപ്പിക്കുന്നത് ഈ വടക്കുപടിഞ്ഞാറൻ നഗരപ്രാന്തത്തിലാണ്. പരിസ്ഥിതി കൃഷി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഏകദേശം 43,750 ടൺ മുന്തിരിയാണ് ഒരുവർഷം തബൂക്കിൽ മാത്രം ഉൽപാദിപ്പിക്കുന്നത്. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ മുന്തിരി, കൃഷി ചെയ്യുന്നുണ്ടെങ്കിലും തബൂക്കിലെ മണ്ണും മുന്തിരി തൈകളും തമ്മിൽ ചേരുമ്പോഴുണ്ടാകുന്നത്ര വിളവുണ്ടാകാറില്ല.
സൗദി പരിസ്ഥിതി ജലം കൃഷി മന്ത്രാലയം കർഷകർക്കും ഈ മേഖലയിലെ സംരംഭകർക്കും പിന്തുണയും സഹായവും നൽകുന്നുണ്ട്. ഈ മേഖലയിൽ നിക്ഷേപത്തിനിറങ്ങുന്ന സ്വദേശികൾക്ക് അഗ്രികൾചർ ഡെവലപ്മെന്റ് ഫണ്ടിൽനിന്ന് ലോണുൾപ്പെടെയുള്ള സാമ്പത്തിക സഹായവും അനുവദിക്കുന്നുണ്ട്. കർഷകരുടെ അറിവും വൈദഗ്ധ്യവും വർധിപ്പിക്കുക ലക്ഷ്യം വെച്ച് സെമിനാറുകളും ശിൽപശാലയും പരിശീലന പരിപാടികളും മന്ത്രാലയം നടത്തിവരുന്നുണ്ട്.
മുന്തിരിക്കൃഷിയും വിളവെടുപ്പും നടത്തുന്നത് തബൂക്കിലെ ഏറ്റവും വലിയ കമ്പനികളായ ആസ്ട്ര ഫുഡ് കമ്പനി ലിമിറ്റഡും തബൂക്ക് അഗ്രികൾചർ ഡെവലപ്മെന്റ് കമ്പനിയുമാണ്. മുന്തിരിക്കുപുറമെ വിവിധയിനം പഴങ്ങളും പച്ചക്കറികളും ഒലിവുമെല്ലാം തബൂക്കിലെ കൃഷിപ്പാടങ്ങളിൽ വിളയുന്നുണ്ട്. 2020 വരെയുള്ള കണക്കനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതൽ മുന്തിരിക്കൃഷി ചെയ്യുന്നത് ചൈനയാണ്. തൊട്ടുപിന്നാലെ അമേരിക്കയും ഇറ്റലിയും ഫ്രാൻസുമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഏറ്റവും കൂടുതൽ മുന്തിരി കയറ്റിയയക്കുന്നതിൽ പെറുവും ചിലിയും നെതർലൻഡ്സുമാണ് മുന്നിൽ.
തബൂക്കിലെ വിളവെടുത്ത പഴവും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.