സൗദിയുടെ ചെങ്കടൽ തീരങ്ങളിൽ സംരക്ഷിക്കപ്പെടുന്ന കണ്ടൽചെടികളുടെ തണ്ണീർ തട
പ്രദേശങ്ങൾ
യാംബു: സൗദി ഗ്രീൻ ഇനിഷ്യേറ്റിവിന്റെയും ‘സൗദി വിഷൻ 2030’ന്റെയും ലക്ഷ്യങ്ങളുടെ ഭാഗമായി രാജ്യത്തെ ഹരിതവത്കരിക്കുന്നതിന് ചെങ്കടൽ തീരങ്ങളിൽ അഞ്ച് കോടി കണ്ടൽ ചെടികൾ നട്ടുപിടിപ്പിക്കുന്ന പദ്ധതി പുരോഗമിക്കുന്നു. വിവിധ പ്രദേശങ്ങളിലായി 1.3 കോടി കണ്ടൽതൈകൾ ഇതിനകം നട്ടുപിടിപ്പിച്ചതായി നാഷനൽ സെൻറർ ഫോർ വെജിറ്റേഷൻ കവർ ഡെവലപ്മെന്റ് ആൻഡ് കോംബാറ്റിങ് ഡെസർട്ടിഫിക്കേഷൻ അതോറിറ്റി അറിയിച്ചു.
തീരദേശ പുനർനിർമാണ പദ്ധതിയിൽ ഗണ്യമായ പുരോഗതി കൈവരിക്കാനും രാജ്യത്തിന്റെ പാരിസ്ഥിതിക സുസ്ഥിരത ഉയർത്താനും ഇതിലൂടെ കഴിയുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി. ജിസാനിൽ 55 ലക്ഷവും മക്കയിൽ 24 ലക്ഷവും മദീനയിൽ 20 ലക്ഷവും തബൂക്കിൽ 15 ലക്ഷവും അസീറിൽ 10 ലക്ഷവും കിഴക്കൻ പ്രവിശ്യയിൽ അഞ്ച് ലക്ഷവും കണ്ടൽച്ചെടികളാണ് പദ്ധതി പ്രകാരം ഇതിനകം നടീൽ പൂർത്തിയാക്കിയത്.
വരും വർഷങ്ങളിൽ ചെങ്കടൽ തീരങ്ങളിലും അറേബ്യൻ ഗൾഫ് തീരങ്ങളിലും 10 കോടി കണ്ടൽച്ചെടികൾ നട്ടുപിടിപ്പിക്കാൻ കേന്ദ്രം നിശ്ചയിച്ച വിശാലമായ ലക്ഷ്യത്തിന്റെ ഭാഗമാണ് ഈ പദ്ധതിയെന്നും ബന്ധപ്പെട്ടവർ സൂചിപ്പിച്ചു. ഏഴ് ലക്ഷം കണ്ടൽതൈകൾ നട്ടുപിടിപ്പിക്കാൻ ഒരു വർഷം മുമ്പ് ആരംഭിച്ച മറ്റൊരു സംരംഭവും നിലവിലെ പദ്ധതികളിൽ ഉൾപ്പെടുന്നതാണ്.
ഇതിൽ രണ്ട് ലക്ഷം തൈകൾ ജുബൈലിന് സമീപം റാസ് അബു അലി ദ്വീപിലും അഞ്ച് ലക്ഷം തൈകൾ അൽ വജ് താഴ്വരയിലുമാണ് നട്ടുപിടിപ്പിച്ചത്. നേരത്തേ നട്ട കണ്ടൽച്ചെടികളുടെ സംരക്ഷണം നിലനിർത്താൻ ആവശ്യമായ പദ്ധതികൾ നടപ്പാക്കുന്നതായി പാരിസ്ഥിതി വകുപ്പ് അറിയിച്ചു.
പരിസ്ഥിതി സംരക്ഷണത്തിനും തീരങ്ങളുടെ ആവാസവ്യവസ്ഥക്കും കണ്ടൽ സസ്യങ്ങൾക്ക് മുഖ്യമായ പങ്ക് നിർവഹിക്കാനുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് വിവിധ തീരപ്രദേശങ്ങളിൽ പദ്ധതി ഊർജിതമായി നടപ്പാക്കുന്നത്.
കാർബൺ ന്യൂട്രാലിറ്റി പ്രോത്സാഹിപ്പിക്കുന്ന ‘സൗദി ഗ്രീൻ ഇനിഷ്യേറ്റിവി’ന്റെ ഭാഗമായാണ് കണ്ടൽ സസ്യങ്ങൾ വളർത്താനുള്ള സംരംഭം നടപ്പാക്കുന്നത്. ഭൂമിയിലെ ഏറ്റവും ജൈവ സമ്പന്ന ആവാസ വ്യവസ്ഥകളിൽ വളരെ പ്രധാനപ്പെട്ടതാണ് കണ്ടൽക്കാടുകൾ.
തീരപ്രദേശങ്ങളിലും ചതുപ്പുകളിലും കാണപ്പെടുന്ന നിത്യഹരിത വനങ്ങളിലെ അംഗങ്ങളായ സസ്യങ്ങളാണ് ഇവ. വലിയ തിരമാലകൾ ഇല്ലാത്തത് കൊണ്ടാണ് ചെങ്കടൽ തീരങ്ങളിലെ പല ഭാഗത്തും കണ്ടൽചെടികൾ സുലഭമായി വളരുന്നത്. കടലിൽനിന്ന് ഒഴുകിയെത്തുന്ന ഫലഭൂയിഷ്ടമായ എക്കലും ധാതു ലവണങ്ങളുമാണ് ഈ ചെടികളുടെ വളർച്ചക്ക് അടിസ്ഥാനം.
കടലാക്രമണങ്ങളെയും മണ്ണൊലിപ്പിനെയും തടയാൻ കണ്ടൽക്കാടുകൾക്ക് കഴിവുണ്ട്. കണ്ടൽക്കാടുകളുടെ പാരിസ്ഥിതിക പ്രാധാന്യം മനസ്സിലാക്കിയാണ് ഇവയുടെ സംരക്ഷണത്തിന് അധികൃതർ ജാഗ്രത കാണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.