സൗദി അറേബ്യ: എണ്ണ സമ്പത്തിലും ഇരു വിശുദ്ധ ഗേഹങ്ങളുടെ പേരിലും അറിയപ്പെട്ടിരുന്ന സൗദി അറേബ്യ സമീപ വർഷങ്ങളിൽ ഒരു ആഗോള സോഫ്റ്റ് പവറായി മാറാനുള്ള ചരിത്രപരമായ ചുവടുവെപ്പുകളുമായി മുന്നേറുകയാണ്. നയതന്ത്രം, ടൂറിസം, കായികം, ശാസ്ത്രം, സാമൂഹിക പരിഷ്കരണം എന്നിവയിലെ ശ്രദ്ധേയമായ മുന്നേറ്റങ്ങളാൽ അടയാളപ്പെടുത്തിയ യാത്ര. പ്രധാന രാജ്യങ്ങളുമായുള്ള ആശയവിനിമയം, ആഭ്യന്തര സംരംഭങ്ങൾ, വിഷൻ 2030, വേൾഡ് എക്സ്പോ 2030ന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമങ്ങൾ, ബ്രിക്സിന്റെ ഭാഗമാവുന്നത് തുടങ്ങിയ ബൃഹത് പദ്ധതികളിലൂടെയുള്ള സൗദി അറേബ്യയുടെ ശ്രമങ്ങൾ അമ്പരപ്പിക്കുന്നതാണ്.
അറബ് മേഖലയുടെ സ്ഥിരതയും ദ്രുതഗതിയിലുള്ള വളർച്ചയും ലക്ഷ്യമാക്കി ഇറാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് സൗദി അറേബ്യ സ്വീകരിച്ച നടപടികളാണ് ഏറ്റവും ശ്രദ്ധേയം. സമ്പൂർണ നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിന് കാരണമായ കരാറിനെത്തുടർന്ന് ഇരുരാജ്യങ്ങളുടെയും അംബാസഡർമാർ റിയാദിലും തെഹ്റാനിലും എത്തി. ഏഴു വർഷത്തെ വിള്ളലിനുശേഷം ഇരുരാജ്യങ്ങളും ബന്ധം പുനഃസ്ഥാപിച്ചിരിക്കുകയാണ്.
2022 മാർച്ചിലെ പ്രഖ്യാപനത്തിലൂടെ യമനിലെ വിമത വിഭാഗമായ ഹൂതികളുമായുള്ള വെടിനിർത്തലും പിന്നീട് റിയാദിൽ ഹൂതികളുമായി നടന്ന ചർച്ചയും രാജ്യത്തിന്റെ തെക്കൻ അതിർത്തി പങ്കിടുന്ന യമനിൽനിന്ന് തുടരെ ഉണ്ടായിരുന്ന മിസൈൽ ആക്രമണങ്ങൾക്ക് അറുതിവരുത്തുന്നതായിരുന്നു. 2021ൽ സൗദി അറേബ്യയും അതിന്റെ ഗൾഫ് സഖ്യകക്ഷികളും ചേർന്ന് മൂന്നു വർഷത്തെ പിണക്കം മറന്ന് ഖത്തറുമായുള്ള സമ്പൂർണ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചു.
ഈ അനുരഞ്ജനം പ്രാദേശിക സ്ഥിരതക്ക് നിർണായകമായ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ഐക്യത്തെ പുനരുജ്ജീവിപ്പിച്ചു. ബ്രിക്സ് കൂട്ടായ്മയുടെ ഭാഗമാകാനുള്ള ക്ഷണം സ്വീകരിക്കുന്നതോടെ ലോകത്തിന്റെ പകുതിയോളം വരുന്ന ജനതയുടെ ഭാഗമാവുകയാണ് സൗദി.ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റിവ്, സാമ്പത്തിക സഹകരണവും വ്യാപാരവും വിപുലീകരിക്കുന്നതും ഊർജ പദ്ധതികളിലെ വർധിച്ച സഹകരണത്തിലൂടെയും ചൈനയുമായുള്ള സൗദി അറേബ്യയുടെ ബന്ധം വളർന്നുകൊണ്ടിരിക്കുന്നു. സൗദിയുടെ എക്കാലത്തെയും അടുത്ത സുഹൃത്തായ അമേരിക്കയുമായുള്ള രാജ്യത്തിന്റെ സഖ്യം ശക്തമായി തുടരുന്നു. ഇരു രാജ്യങ്ങളും സുരക്ഷ, ഊർജം, സാമ്പത്തിക മേഖലകളിൽ സഹകരണം തുടരുന്നു.
2019ൽ ആരംഭിച്ച ‘സൗദി സന്ദർശിക്കുക’ കാമ്പയിൻ, ഉദ്ഘാടന വർഷത്തിൽ തന്നെ നാലു ലക്ഷത്തിലധികം ടൂറിസ്റ്റ് വിസകൾ നൽകി. ടൂറിസത്തിന്റെ വളർച്ചയിൽ ഗണ്യമായ പങ്കുവഹിച്ചു. യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രമായ മദാഇൻ സാലിഹിന്റെ ആസ്ഥാനമായ അൽ ഉലയും തീരദേശ വികസനത്തിന്റെ അഭിലാഷമായ ചെങ്കടൽ വികസന പദ്ധതിയും ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കുന്നതിൽ വിജയിച്ചിരിക്കുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കൂടുതൽ വൈവിധ്യവത്കരിക്കാനും സന്ദർശകരെ ആകർഷിക്കാനും 2030ഓടെ ടൂറിസം മേഖലയിൽ 64 ശതകോടി ഡോളറിന്റെ നിക്ഷേപ പദ്ധതികളാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഫുട്ബാൾ, ബോക്സിങ്, ഗോൾഫ്, ഫോർമുല വൺ തുടങ്ങിയ ഇനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സൗദി അറേബ്യ കായിക വ്യവസായത്തിൽ വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ട്. അന്താരാഷ്ട്ര കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിലെ കഴിവുകൾ പ്രദർശിപ്പിച്ചുകൊണ്ട് സൗദി അറേബ്യ 2020ൽ ദാക്കർ റാലിക്ക് വിജയകരമായി ആതിഥേയത്വം വഹിച്ചു.
ഫോർമുല വൺ കലണ്ടറിൽ സൗദി അറേബ്യൻ ഗ്രാൻഡ് പ്രീ ഉൾപ്പെടുത്തിയിരിക്കുന്നത് മോട്ടോർ സ്പോർട്ടിന്റെ ഒരു പ്രമുഖ ലക്ഷ്യസ്ഥാനമായി മാറാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ അടിവരയിടുന്നു. ഖിദ്ദിയയിൽ പുതിയ ഫോർമുല വൺ ട്രാക്ക് നിർമിക്കാനും രാജ്യം പദ്ധതിയിടുന്നു.
ഫുട്ബാളിൽ ആഭ്യന്തര ലീഗുകളിലും ക്ലബുകളിലും ഭരണകൂടത്തിന്റെ മുൻകൈയിൽ നിക്ഷേപം നടത്തി ലോകത്തിലെ മികച്ച താരനിരയെ രാജ്യത്തിന്റെ ലീഗിൽ എത്തിച്ചിരിക്കുകയാണ്. ഫിഫ ക്ലബ് വേൾഡ് കപ്പ്, സൂപ്പർ കോപ ഡി എസ്പാന എന്നിവയുൾപ്പെടെ നിരവധി പ്രധാന ഫുട്ബാൾ ഇവന്റുകൾക്കാണ് രാജ്യം ആതിഥേയത്വം വഹിക്കുന്നത്.
ബോക്സിങ്ങിൽ ആൻറണി ജോഷ്വയും ആൻഡി റൂയിസ് ജൂനിയറും തമ്മിലുള്ള റീ മാച്ച് ഉൾപ്പെടെ, സൗദി അറേബ്യ നിരവധി ഹൈ പ്രൊഫൈൽ പോരാട്ടങ്ങൾക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ഈ വർഷം ഒലെക്സാണ്ടർ ഉസിക്കും ടൈസൺ ഫ്യൂറിയും തമ്മിലുള്ള ഹെവിവെയ്റ്റ് ടൈറ്റിൽ പോരാട്ടത്തിന് ആതിഥേയത്വം വഹിക്കാനും രാജ്യം പദ്ധതിയിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.