റിയാദ്: ലോകത്തിലെ ഏറ്റവും കൃത്യമായ ഭാഷ മാതൃക ഞങ്ങൾ പുറത്തിറക്കിയതായി സൗദി വാർത്താവിനിമയ വിവരസാങ്കേതികവിദ്യ മന്ത്രി അബ്ദുല്ല അൽ സവാഹ പറഞ്ഞു. ഗെയിൻ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദിക്ക് വലിയൊരു അറബ് പൈതൃകമുണ്ട്. അതിനാൽ സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (സദ്യ) ലോകത്തിലെ ഏറ്റവും കൃത്യമായ അറബി ഭാഷ മാതൃകയായ ‘അല്ലാം’ എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാം ആരംഭിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിരവധി വെല്ലുവിളികൾ നേരിടുന്നു. അവയിൽ ഭൗതിക ഉപകരണങ്ങളും ഊർജകാര്യക്ഷമതയും ഉൾപ്പെടുന്നുവെന്നും അൽസവാഹ പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ഒരു വാഗ്ദാന സാങ്കേതികവിദ്യയിൽനിന്ന് സുസ്ഥിര വികസനം കൈവരിക്കുന്നതിനും ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും സംഭാവന ചെയ്യുന്ന ഒരു ഉപകരണമാക്കി മാറ്റാൻ ഞങ്ങൾ ശ്രമിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ നൂതനമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിന് ആഗോള, പ്രാദേശിക പങ്കാളികളുമായി സൗദി സഹകരിക്കുന്നുവെന്നും അൽസവാഹ പറഞ്ഞു.
നിർമാണ പ്രക്രിയകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അവതരിപ്പിക്കുന്നതിൽ അരാംകോ വിപ്ലവം സൃഷ്ടിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മീഥേൻ വാതകം കൈകാര്യം ചെയ്യുന്നതിനുള്ള പരിഹാരങ്ങൾ കണ്ടെത്താൻ കഴിഞ്ഞു. സാങ്കേതികവിദ്യയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും രാജ്യം സ്ത്രീകളെ ശാക്തീകരിച്ചിട്ടുണ്ടെന്നും ഈ മേഖലയിലെ അവരുടെ ശതമാനം 35 ശതമാനമായി ഉയർത്തിയെന്നും അൽ സവാഹ പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ നിക്ഷേപം ഭാവിയിലേക്കുള്ള വലിയ മുതൽമുടക്കാണ്. കാരണം ഇത് ദ്രുതഗതിയിലുള്ള സാങ്കേതിക വികാസങ്ങൾക്കൊപ്പം മുന്നേറാൻ ഞങ്ങളെ പ്രാപ്തരാക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പുരോഗതി ത്വരിതപ്പെടുത്താനും ഈ സാങ്കേതികവിദ്യയുടെ വെല്ലുവിളികളെ നേരിടാനും ഉച്ചകോടി ലക്ഷ്യമിടുന്നു. ഈ പങ്കാളിത്തത്തിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് നവീകരണത്തിനായി ശക്തമായ ഒരു ആവാസവ്യവസ്ഥ നിർമിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. ഈ സാങ്കേതികവിദ്യ സാമ്പത്തികവും സാമൂഹികവുമായ വളർച്ചയുടെ പ്രധാന ചാലകമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്നും അൽസവാഹ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.