ദമ്മാം: ദേശീയ ദിനാഘോഷം അതിെൻറ പൈതൃക ഭാവങ്ങളെ അറിഞ്ഞാഘോഷിക്കാനുള്ള മോഹവുമായി ഒരു മലയാളി സംഘം മരുഭൂമിയിൽ ഒത്തുകൂടി. സെപ്റ്റംബർ 22ന് പാതിരാത്രി മുതൽ 23ന് പുലർച്ചവരെ മരുഭൂമിയെ അറിഞ്ഞും പാട്ടുപാടിയും അനുഭവങ്ങൾ പങ്കുവെച്ചും അന്നം തരുന്ന നാടിെൻറ ദേശീയ ആഘോഷങ്ങളുടെ ഭാഗമായി. പ്രവാസത്തിനൊപ്പം സൗദിയുടെ മരുഭൂ തലങ്ങളിലേക്കുൾപ്പെടെ സാഹസിക യാത്രകൾ സംഘടിപ്പിക്കുന്ന അറേബ്യൻ ഓഫ് റോഡ് റൈഡേഴ്സ് എന്ന സംഘമാണ് വ്യത്യസ്തമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
സൗദിയുടെ പൗരാണിക നഗരമായ അൽ ഹസയിൽനിന്ന് കിലോമീറ്ററുകൾ അകലെ മരുഭൂമിക്കുള്ളിൽ സ്ഥിതിചെയ്യുന്ന 'അഫ്സാർ ലേക് 'എന്നറിയപ്പെടുന്ന മഞ്ഞത്തടാകത്തിെൻറ കരയിലാണ് ഇവർ ഒത്തുകൂടൽ ഒരുക്കിയത്. മരുഭൂമിയുടെ വന്യതക്ക് നടുവിൽ ഉയർന്നുനിൽക്കുന്ന മൺകൂനകൾക്കു നടുവിലുള്ള വിശാലമായ തടാകം സഞ്ചാരികൾക്ക് വിസ്മയം സമ്മാനിക്കുന്നതാണ്. ഞങ്ങളുടെ ജീവിതങ്ങൾക്ക് നിറവും ഭാവവും നൽകിയ മണ്ണാണിത്.
അത് ഏറെ ആഹ്ലാദത്തോടും അഭിമാനത്തോടെയും ആഘോഷിക്കാനുള്ള തീരുമാനം നേരത്തെ തന്നെ കൈക്കൊണ്ടിരുന്നു. സൗദിയുടെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയവരാണ് മരുഭൂമിക്ക് നടുവിലേക്ക് വണ്ടിയോടിച്ചെത്തിയത്. പാതിരാവിൽ നക്ഷത്രങ്ങളെ സാക്ഷിയാക്കി ഈ നാട് ഞങ്ങൾക്ക് പകർന്നു തന്ന അനുഭവങ്ങൾ ഞങ്ങൾ പങ്കുവെച്ചു. മരുഭൂമിയുടെ വിശാലതയിൽ ഈ നാട് ഞങ്ങൾ ഉൾപ്പെടെയുള്ളവരെ ചേർത്തുപിടിച്ച വിശാലതയറിയുകയായിരുന്നു.
ഞങ്ങളുടെ ആഘോഷങ്ങൾക്ക് ഐക്യദാർഢ്യവും അഭിനന്ദനങ്ങളുമായി നിരവധി സ്വദേശികളും വന്നുപോയി. സൗദി മാറിക്കൊണ്ടിരിക്കുന്നു. അന്യതാബോധങ്ങൾ ഇല്ലാതെ എല്ലാവരും ഒന്നിച്ചുനിൽക്കുന്ന കാലമാണിന്നുള്ളത്. സംഘാംഗമായ മൻസൂർ മങ്കട പറഞ്ഞു. ചരിത്രത്തിൽ തുല്യതയില്ലാത്ത നേട്ടങ്ങളുടെ നെറുകയില്‍ അത്യാധുനികതയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന രാജ്യത്തിെൻറ ദേശീയദിനാഘോഷത്തിന് അഭിവാദ്യങ്ങള്‍ നേരാൻ മരുഭൂമിയിലെ മണൽക്കുന്നും അതിനു താഴെയുള്ള വിശാലമായ തടാകവും ഏറ്റവും നല്ല പ്രതീകമായി തോന്നി.
രാത്രി മുതല്‍ മരുഭൂമിയുടെ ഭംഗിനുകർന്ന് ദേശീയ പതാകകൾ ഉയർത്തിപ്പിടിച്ചാണ് പുലര്‍കാലത്തെ വരവേറ്റത് -മൻസൂർ വിശദീകരിച്ചു. സൗദിയിലെ വിദൂര പ്രദേശങ്ങളില്‍ ആരും അറിയാതെ പോയ ചരിത്ര സ്ഥലങ്ങളെ ആളുകള്‍ക്ക് പരിചയപ്പെടുത്താനും ഇവിടേക്ക് യാത്രകള്‍ സംഘടിപ്പിക്കാനും വേണ്ടിയാണ് അറേബ്യന്‍ ഓഫ് റോഡേഴ്സ് എന്ന പേരില്‍ കൂട്ടായ്മക്ക് രൂപം കൊടുത്ത്. മൻസൂർ മങ്കട, ഷറഫ് ചെറുവാടി, നവാബ് അരീക്കോട്, മൊല്ല ചെറുവാടി, നുഅ്മാൻ ആലപ്പുഴ, സജാദ് ചെറുവാടി, അഹമദ് മഹ്ളൂഫ് മാംഗ്ലൂർ, മാസിൻ ചെറുവാടി, ഇല്യാസ് പെരിന്തൽമണ്ണ എന്നിവരാണ് ഒത്തുകൂടലിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.