ജിദ്ദ: സൗദിയിൽ നിന്ന് അവധിക്ക് നാട്ടിൽ പോയവരുടെ റീ എൻട്രി വിസകള്‍ എക്‌സിറ്റ് വിസകളാക്കി മാറ്റാനാകില്ലെന്ന് സൗദി ജവാസത്ത് (പാസ്‌പോര്‍ട്ട്) വിഭാഗം. റീഎന്‍ട്രി കാലാവധി കഴിഞ്ഞവർക്ക് മൂന്ന് വര്‍ഷത്തിന് ശേഷം മാത്രമെ രാജ്യത്തേക്ക് തിരിച്ച് വരാനാകൂ. എന്നാല്‍ ആശ്രിത വിസകളിലുള്ളവരുടെ റീഎന്‍ട്രി കാലാവധി അവസാനിച്ചാലും അവര്‍ക്ക് നടപടി പൂര്‍ത്തിയാക്കി മടങ്ങി വരാനാകും. ആശ്രിതരുടെ സ്‌പോണ്‍സറെന്ന നിലക്ക് ഓരോ പ്രവാസിക്കും നടപടി പൂര്‍ത്തിയാക്കാന്‍ സാധിക്കും. സൗദി പ്രാദേശിക മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് പാസ്‌പോര്‍ട്ട് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.
റീഎന്‍ട്രി വിസയില്‍ നാട്ടില്‍ പോകുന്നവര്‍ കാലാവധിക്കകം തിരികെ വരണം. അല്ലെങ്കില്‍ കാലാവധി അവസാനിക്കും മുമ്പ് സ്‌പോണ്‍സറുടെ സഹായത്തോടെ വിസാ കാലാവധി നീട്ടണം. ഇതിന് സാധിക്കാതെ വിസാ കാലാവധി തീര്‍ന്നാല്‍ മൂന്ന് വര്‍ഷത്തെ യാത്രാ വിലക്ക് വരും. പിന്നീട് അതേ സ്‌പോണ്‍സറുടെ കീഴിലേക്ക് പുതിയ വിസയില്‍ വരാന്‍ പ്രശ്‌നമില്ല. എന്നാല്‍ മറ്റൊരു സ്‌പോണ്‍സറുടെ വിസയിലാണ് വരുന്നതെങ്കില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുകയും വേണം. റീ എന്‍ട്രി വിസകള്‍ എക്‌സിറ്റ് എന്ന തരത്തിലേക്ക് മാറ്റാനാകില്ലെന്നും ജവാസാത്ത് വിഭാഗം അറിയിച്ചിട്ടുണ്ട്.
ഗാര്‍ഹിക തൊഴിലാളി കാറ്റഗറിയില്‍ വരുന്ന ഹൗസ് ഡ്രൈവര്‍മാര്‍ അടക്കമുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ജവാസത്ത് ചൂണ്ടിക്കാട്ടി. ഇക്കൂട്ടര്‍ നാട്ടില്‍ പോയി റീഎന്‍ട്രി കാലാവധിക്കകം തിരികെ വന്നില്ലെങ്കില്‍ ആറു മാസം സാവകാശമുണ്ടാകും. ആറു മാസത്തിന് ശേഷം ഇവരുടെ രേഖകള്‍ ജവാസാത്തിെൻറ അബ്ഷീറില്‍ നിന്നും നീക്കം ചെയ്യും. ഈ നടപടിക്ക് റീ എന്‍ട്രി കാലാവധി കഴിഞ്ഞ് 30 ദിവസത്തിനകം സ്‌പോണ്‍സര്‍ക്ക് അപേക്ഷിക്കാം. ഗാര്‍ഹിക തൊഴിലാളിയെ ഹുറൂബ് അഥവാ ഒളിച്ചോടിയെന്ന പരാതി നല്‍കിയാല്‍ അത് 15 ദിവസത്തിനകം പിന്‍വലിക്കാനും സ്‌പോണ്‍സസര്‍ക്കാകുമെന്ന് ജവാസത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.