നവീകരിച്ച സൽവ കവാടം

സൗദി-ഖത്തർ അതിർത്തി കവാടമായ 'സൽവ' നവീകരണത്തിന് ശേഷം തുറന്നു

ജിദ്ദ: സൗദി അറേബ്യയുടെയും ഖത്തറിന്റെയും അതിർത്തിയായ സൽവയിൽ നവീകരണം പൂർത്തിയാക്കിയ കവാടം ഉദ്​ഘാടനം ചെയ്​തു. ലോകകപ്പ് മത്സരങ്ങൾ കാണാൻ സൗദിയിൽ നിന്ന് പോകുന്നവരുടെ യാത്ര സുഗമമാക്കുന്നതിന് കൂടിയാണ് വിപുലീകരിച്ചും ശേഷി വർധിപ്പിച്ചും ഗതാഗതത്തിനായി തുറന്നത്. ഇരു രാജ്യങ്ങളെയും കരമാർഗം ബന്ധിപ്പിക്കുന്ന പ്രധാന പാതയിലാണ് സൽവ കവാടം. കൂടുതൽ വാഹനങ്ങളെ പരിശോധന പൂർത്തിയാക്കി കടത്തിവിടാൻ ശേഷിയോടെയാണ് അതിർത്തി പ്രവർത്തനക്ഷമമായത്. പ്രതിദിനം 24,800 വാഹനങ്ങളെ കടത്തിവിടാൻ ശേഷിയുണ്ട്.

12,096 വാഹനങ്ങൾക്ക് ഖത്തറിലേക്ക് കടക്കാൻ കഴിയുമ്പോൾ, 12,726 വാഹനങ്ങൾക്ക് സൗദിയിലേക്ക് പ്രവേശിക്കാനും കഴിയും. കൂടുതൽ പരിശോധന പോയന്‍റുകളുമായി ആറു മടങ്ങ് ശേഷി വർധിപ്പിച്ചാണ് നവീകരണ പ്രവർത്തനം പൂർത്തിയാക്കിയത്. നേരേത്ത പ്രതിദിനം 3000 വാഹനങ്ങൾക്ക് കടന്നു പോകാനായിരുന്നു ശേഷിയുണ്ടായിരുന്നത്. ലോകകപ്പിനായി അതിർത്തി കടന്നുപോകുന്ന സൗദിയിൽ നിന്നും മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള കാണികൾക്ക് സുഖപ്രദമാവും ഇത്. പരീക്ഷണമെന്ന നിലയിൽ തിങ്കളാഴ്ച മുതൽ സൽവ അതിർത്തി കവാടം പ്രവർത്തിച്ചുതുടങ്ങിയതായി സൗദി മാധ്യമങ്ങൾ റി​പ്പോർട്ട് ചെയ്തു.

ഉദ്ഘാടനം ചെയ്ത സൗദി കിഴക്കൻ പ്രവിശ്യ ഗവർണർ അമീർ സഊദ്​ ബിൻ നാഇഫ്

സൗദി കിഴക്കൻ പ്രവിശ്യ ഗവർണർ അമീർ സഊദ്​ ബിൻ നാഇഫ്​ ഉദ്​ഘാടനം നിർവഹിച്ചു​. അൽഅഹ്‌സ ഗവർണർ അമീർ സഊദ് ബിൻ തലാൽ ബിൻ ബദ്​ർ, സൗദി പാസ്‌പോർട്ട് ഡയറക്​ടർ ലെഫ്റ്റനൻറ്​ ജനറൽ സുലൈമാൻ അൽയഹ്‌യ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. കവാടത്തിന്റെ ശേഷി ആറിരട്ടിയായ ശേഷമുള്ള ഗതാഗതം ഗവർണർ വീക്ഷിച്ചു.

വിവിധരംഗങ്ങളിൽ സൗദി അറേബ്യ സാക്ഷ്യം വഹിക്കുന്ന കുതിച്ചുചാട്ടം സുസ്ഥിര വികസനം കൈവരിക്കുന്നതിന് സംഭാവന നൽകിയതായി ഗവർണർ പറഞ്ഞു. ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകാൻ സുപ്രധാനമായ പല പദ്ധതികളും നടപ്പാക്കുകയുണ്ടായി. സൽവ കവാടം വാഹനങ്ങളുടെയും യാത്രക്കാരുടെയും സഞ്ചാരം വർധിപ്പിക്കാൻ സഹായിക്കും. രണ്ട് സഹോദര രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര വിനിമയത്തിന്റെയും സാമ്പത്തിക ബന്ധങ്ങളുടെയും തോത് വർധിപ്പിക്കുന്നതിൽ സൽവ കവാടത്തിന്​ വലിയ പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ സൽവ കവാടം ഇരുരാജ്യങ്ങളിലേക്കുമുള്ള ഗതാഗതം വൻതോതിൽ വർധിപ്പിക്കുമെന്ന് സകാത്ത്, ടാക്​സ്​ ആൻഡ്​ കസ്റ്റംസ് അതോറിറ്റി ഗവർണർ എൻജി. സുഹൈൽ അബാൻമി പറഞ്ഞു. 'വിഷൻ 2030'ന്റെ സുപ്രധാന ലക്ഷ്യങ്ങളിലേക്കുള്ള യാത്രയയുടെ ഭാഗമാണ് പുതിയ സാൽവ കവാട പദ്ധതി. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളെ ബന്ധിപ്പിച്ച്​ രാജ്യത്തെ ആഗോള ലോജിസ്റ്റിക് പ്ലാറ്റ്‌ഫോമായി മാറ്റുന്നതിനുള്ള ​ശ്രമങ്ങളുടെ ഭാഗമാണിത്. രാജ്യത്തെ തുറമുഖങ്ങളുടെയും കരയിലെ പ്രവേശന കവാടങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലൂടെ ലക്ഷ്യം കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സൗദി അറേബ്യയ്ക്കും ഖത്തറിനും ഇടയിലുള്ള ചരക്കുഗതാഗതത്തിനും ജനങ്ങളുടെ യാത്രക്കും സാക്ഷ്യം വഹിക്കുന്ന രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട അതിർത്തി കവാടങ്ങളിലൊന്നാണ് സാൽവ. നവംബറിൽ ഖത്തറിൽ ഫിഫ ലോകകപ്പ് നടക്കാനിരിക്കെ ലോകമെമ്പാടുമുള്ള സഞ്ചാരികൾക്ക് ഇതൊരു പ്രധാന കണ്ണിയാകുമെന്നതിനാൽ സൽവ കവാടത്തിന്റെ പ്രാധാന്യം ഇപ്പോൾ വളരെ വർധിച്ചിരിക്കുകയാണ്.

Tags:    
News Summary - Saudi-Qatar border gate 'Salwa' opened after renovation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.