യാംബു: സൗദിയും ഖത്തറും തമ്മിലുള്ള അതിർത്തി എകോപനം ശക്തമാക്കുന്നതിനുള്ള സഹകരണ നീക്കം സജീവമാക്കി ഇരുപക്ഷവും. ഇരുരാജ്യങ്ങൾ തമ്മിൽ ഒറ്റ തുറമുഖ പദ്ധതിയും രണ്ട് കര അതിർത്തികൾ തമ്മിലുള്ള വിവര കൈമാറ്റവും സംബന്ധിച്ച് ഇരു ആഭ്യന്തര മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥ തല യോഗം കഴിഞ്ഞ ദിവസം ചേർന്നു. ഇരു രാജ്യങ്ങളും തമ്മിൽ ഈ വിഷയത്തിലുള്ള രണ്ടാമത്തെ ഏകോപന യോഗമായിരുന്നു ഇത്.
അതിർത്തിയിലെ സിംഗ്ൾ പോർട്ട് പ്രോജക്ടും സൗദിക്കും ഖത്തറിനും ഇടയിലെ രണ്ട് അതിർത്തി പോസ്റ്റുകളായ സൽവ, അബൂ സംറ എന്നിവക്കിടയിലെ ഡേറ്റ കൈമാറ്റവും സംബന്ധിച്ചാണ് ചർച്ച നടന്നത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടിലെ തുറമുഖ പാസ്പോർട്ട് വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ നാസർ ബിൻ അബ്ദുല്ല ആൽഥാനിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് ഖത്തർ പാസ്പോർട്ട് അസി.ഡയറക്ടർ ജനറൽ മേജർ ജനറൽ സൗദ് ബന്ദർ അൽസൂർ നേതൃത്വം നൽകി.
സൽവ, അബൂ സംറ പോർട്ടുകൾ വഴിയുള്ള എൻട്രിയും എക്സിറ്റും സംബന്ധിച്ച നടപടിക്രമങ്ങളിലെ സഹകരണം വർധിപ്പിക്കുകയും യാത്രചെയ്യുന്നവർക്കുള്ള എമിഗ്രേഷൻ നടപടികൾ കൂടുതൽ എളുപ്പമാക്കുകയും ചെയ്യുകയാണ് പ്രധാനമായും ചർച്ച ചെയ്തത്. ഉഭയകക്ഷി സഹകരണം ശക്തമാക്കാനും ഇരു രാജ്യങ്ങളുടെയും നയതന്ത്ര കാര്യാലയങ്ങൾ മുന്നോട്ടുവെച്ച നിർദേശങ്ങളും ശിപാർശകളും സംബന്ധിച്ച് ഏറ്റവും പുതിയ സ്ഥിതിഗതികൾ വിലയിരുത്തി ഉദ്ദിഷ്ട ലക്ഷ്യങ്ങൾ കൈവരിക്കാനും കൂടിക്കാഴ്ച ഏറെ ഫലം ചെയ്തതായി പ്രദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
2021 ഡിസംബറിൽ സൗദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാന്റെ ഖത്തർ സന്ദർശനത്തോടെയാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധങ്ങൾ കൂടുതൽ ഊഷ്മളമായത്. ഉഭയകക്ഷി വ്യാപാരബന്ധം ഇതിനകം കൂടുതൽ ശക്തമായിട്ടുണ്ട്. സൗദിയും ഖത്തറും തമ്മിൽ സാമ്പത്തിക വ്യാപാര, വ്യവസായ സമിതിയുടെ പ്രവർത്തനവും യോജിപ്പിക്കാൻ കഴിഞ്ഞതും വമ്പിച്ച നേട്ടമായതായി വിലയിരുത്തപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.