ജിദ്ദ: സൗദിയിലെ നഗരങ്ങളിൽ പൊതുടാക്സി നിരക്ക് വർധിപ്പിച്ചു. നഗരങ്ങളിലെ പൊതു ടാക്സി നിരക്ക് പൊതുഗതാഗത അതോറിറ്റി വർധിപ്പിച്ചതായി പ്രാദേശിക പത്രങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
പുതുക്കിയ നിരക്കനുസരിച്ച് ഏത് യാത്രയ്ക്കും ഏറ്റവും കുറഞ്ഞ നിരക്ക് (നാല് യാത്രക്കാരുടെ ശേഷിയുള്ള വാഹനത്തിൽ) 10 റിയാൽ ആയിരിക്കും. നേരത്തെയിത് അഞ്ച് റിയാലായിരുന്നു. ഒരു കിലോമീറ്റർ ദൂരം സഞ്ചരിക്കാനുള്ള ചാർജ് 1.8 റിയാലിന് പകരം 2.1 റിയാലായി കണക്കാക്കും.
ടാക്സി സർവിസ് ചാർജ് 16.36 ശതമാനം ഉയർത്തിയപ്പോൾ 'ഓപ്പണിങ്' ചാർജ് 5.5 റിയാലിന് പകരം 6.4 റിയാലായി ഉയർത്തി. വെയ്റ്റിങ് ചാർജ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 20 കിലോമീറ്ററിൽ കുറവാണെങ്കിൽ മിനിറ്റിനു 12.5 ശതമാനം വർധിക്കും. വെയ്റ്റിങ് ചാർജ് 0.8 റിയാലിന് പകരം 0.9 റിയാൽ ആയിരിക്കും.
അഞ്ചോ അതിൽ കൂടുതലോ യാത്രക്കാരെ കയറ്റാൻ കഴിയുന്ന പൊതു ടാക്സികളുടെ നിരക്കും വർധിപ്പിച്ചിട്ടുണ്ട്. മീറ്റർ ഓപ്പണിങ്ങിനുള്ള നിരക്ക് 21.67 ശതമാനം ഉയർത്തി. ഇതനുസരിച്ച് പുതിയ നിരക്ക് ആറ് റിയാലിന് പകരം 7.3 റിയാലായിരിക്കും. ഒരു കിലോമീറ്റർ ദൂരത്തിന് രണ്ട് റിയാലിന് പകരം 2.4 റിയാലായി 20 ശതമാനം വർധിക്കും. വെയ്റ്റിങ് ചാർജ് മിനിറ്റിന് 22.22 ശതമാനം വർധിച്ച് 0.9 റിയാലിന് പകരം 1.1 റിയാലായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.