റിയാദ്: വിവിധ വകുപ്പുകളുമായി സഹകരിച്ച് സൗദി അറേബ്യ മയക്കുമരുന്നിനെതിരെ തുടരുന്ന സുരക്ഷ കാമ്പയിൻ വിജയകരമെന്ന് സൗദി ആഭ്യന്തര ഡെപ്യൂട്ടി മന്ത്രി ഡോ. നാസിർ ബിൻ അബ്ദുൽ അസീസ് അൽ ദാവൂദ് പറഞ്ഞു. ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിൽ നടന്ന മയക്കുമരുന്ന് നിർമാർജനം സംബന്ധിച്ച ‘രണ്ടാമത് ബാഗ്ദാദ് ഇൻറർനാഷനൽ കോൺഫറൻസ് 2024’ൽ സൗദി പ്രതിനിധി സംഘത്തിന് നേതൃത്വം നൽകി നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മയക്കുമരുന്നിനെതിരെ രാജ്യത്ത് കാമ്പയിൻ തുടരുകയാണ്. ഇത് മയക്കുമരുന്നുകളുടെ ഭീഷണിയും അവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും കുറക്കാനായിട്ടുണ്ട്. സംഘടിത കുറ്റകൃത്യങ്ങളെ നേരിടുന്നതിന് പ്രാദേശിക അന്തർദേശീയ തലങ്ങളിൽ സഹകരണ നടപടികൾ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം മന്ത്രി ഊന്നിപ്പറഞ്ഞു.
മയക്കുമരുന്ന് വ്യാപനം പരിമിതപ്പെടുത്തുന്നതിനും മേഖലയിലെ മയക്കുമരുന്ന് കള്ളക്കടത്ത് ഇല്ലാതാക്കുന്നതിനുള്ള സഹകരണ സംവിധാനങ്ങൾ ചർച്ച ചെയ്യുന്നതിനും പങ്കാളിത്ത രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തണം.
ഈ രംഗത്ത് അടിയന്തര സുരക്ഷാനടപടികളും പരിഹാരങ്ങളും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. മയക്കുമരുന്ന് കള്ളക്കടത്തും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും ചെറുക്കുക എന്നത് ‘വിഷൻ 2030’െൻറ മുൻഗണനകളിലൊന്നാണ്.
സമൂഹത്തിന്റെ സുരക്ഷക്കും സുസ്ഥിരതക്കും മയക്കുമരുന്ന് ഉണ്ടാക്കുന്ന അപകടങ്ങളും ഭീഷണികളും മനസ്സിലാക്കി എല്ലാ ദേശീയ തലങ്ങളിലും മയക്കുമരുന്നിനെതിരെ സമൂഹത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകൾ രാജ്യം ഉപയോഗപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.