ജിദ്ദ: സൗദി സർഫിങ് ഫെഡറേഷൻ സ്റ്റാൻഡ് അപ് ചാമ്പ്യൻഷിപ് മത്സരവും സൗജന്യ പരിശീലനവും ജിദ്ദയിൽ വെള്ളി, ശനി ദിവസങ്ങളിൽ. ജല കായികവിനോദമായ ‘സർഫിങ്’ പരിശീലനവും മത്സരവും ജിദ്ദ യാച്ച് ക്ലബിന് കീഴിൽ ചെങ്കടലിലാണ് നടക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കുമാണ് സൗജന്യ സർഫിങ് പരിശീലനം. പരിപാടിയിൽ പങ്കെടുക്കാൻ https://forms.gle/xgwXxFUWbmRq3ARm8 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണമെന്ന് പ്രോജക്ട് മാനേജർ അബ്ദുല്ല അൽ മുഹമ്മദി അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മുതൽ വൈകീട്ട് ഏഴു വരെയും ശനിയാഴ്ച ഉച്ചക്ക് 2.30 മുതൽ വൈകീട്ട് ഏഴുവരെയുമാണ് പരിപാടി. സർട്ടിഫൈഡ് പരിശീലകരോടൊപ്പം സൗജന്യ ‘സ്റ്റാൻഡ് അപ്പ് സർഫിങ്’ പരിശീലനം നേടാൻ കഴിയുന്ന ഈ അവസരം ഉപയോഗപ്പെടുത്താൻ ധാരാളം മലയാളി കുടുംബങ്ങളും മുന്നോട്ടുവരുന്നുണ്ട്.
മനോഹരമായ ചെങ്കടൽ തീരത്തെ സംഗീതാത്മകമായ അന്തരീക്ഷത്തിൽ നടക്കുന്ന ഉല്ലാസ പരിപാടികൾ പുത്തൻ അനുഭവമാണ് സമ്മാനിക്കുകയെന്ന് മുമ്പ് സർഫിങ് പരിശീലനം നേടിയ മലയാളികൾ പറയുന്നു.
എല്ലാവർക്കും സൗജന്യ പ്രവേശനവും തുറന്ന പങ്കാളിത്തവുമാണ് നൽകുന്നതെന്നും സാഹസികത ഇഷ്ടപ്പെടുന്നവർക്കും കുടുംബങ്ങൾക്കും ഉല്ലസിക്കാൻ നല്ല അവസരമാണിതെന്നും ജല കായിക വിനോദങ്ങളുടെ ഒരനുഭവം നേടാനുള്ള അവസരമാണിതെന്നും സംഘാടകർ പറഞ്ഞു.
സൗദി ഒളിമ്പിക് കമ്മിറ്റിയുടെ പിന്തുണയുള്ള സൗദി സർഫിങ് ഫെഡറേഷൻ രാജ്യത്തെ ജല കായികവിനോദങ്ങളിൽ ജനപ്രിയമായ എല്ലാത്തരം സർഫിങ് പരിശീനങ്ങളൂം പ്രോത്സാഹിപ്പിക്കാൻ വിവിധ പദ്ധതികൾ രാജ്യത്തിന്റെ വിവിധ കടൽ തീരങ്ങളിൽ ആവിഷ്കരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.