ജിദ്ദ: സൗദിയിലെ വിവിധ നഗരങ്ങളിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഹൂത്തികൾ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തി. ജിസാൻ അൽ ഷഖീഖ് ജലശുദ്ധീകരണ പ്ലാന്റ്, ദഹ്‌റാൻ അൽ ജനുബ് നഗരത്തിലെ പവർ സ്റ്റേഷൻ, ഖമീസ് മുശൈത്തിലെ ഗ്യാസ് സ്റ്റേഷൻ, ജിസാനിലെയും യാംബുവിലെയും അരാംകോ പ്ലാന്റുകൾ, ത്വാഇഫ് നഗരം എന്നിവക്ക് നേരെയായിരുന്നു ആക്രമണശ്രമം. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങളെ സൗദി സഖ്യസേന തകർത്തു.
ജിസാനിലെ അൽ ഷഖീഖ് ജലശുദ്ധീകരണ പ്ലാന്റിനും അരാംകോ സ്റ്റേഷന് നേരെയും നാല് ഡ്രോൺ ആക്രമങ്ങളാണ് നടന്നത്. യാംബു അരാംകോ സ്റ്റേഷന് നേരെ വന്ന മൂന്ന് ഡ്രോണുകൾ സേന തടഞ്ഞു നശിപ്പിച്ചു. സിവിലിയൻമാരെ ലക്ഷ്യമിട്ടുകൊണ്ട് ജിസാൻ നഗരത്തിന് നേരെ തൊടുത്ത ബാലിസ്റ്റിക് മിസൈലും ജിസാൻ, ഖമീസ് മുശൈത്ത്, ത്വാഇഫ് എന്നിവിടങ്ങളിലേക്ക് വിക്ഷേപിച്ച ഒമ്പത് ഡ്രോണുകളും ജിസാനിലെ അൽ ഷഖീഖ് ജലശുദ്ധീകരണ പ്ലാന്റ്, ജിസാനിലെ അരാംകോ എണ്ണ വിതരണ കേന്ദ്രം തുടങ്ങിയവ ലക്ഷ്യമാക്കി അയച്ച ക്രൂയിസ് മിസൈലുകൾ എന്നിവയും ലക്ഷ്യം കാണുന്നതിന് മുമ്പ് നശിപ്പിച്ചതായി സഖ്യസേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽമാലിക്കി അറിയിച്ചു.
വ്യത്യസ്ത ആക്രമണങ്ങളിൽ ചില വാഹനങ്ങളും വീടുകളും തകര്‍ന്നു, എന്നാൽ ആർക്കും ആളപായമില്ല. യമനിലെ സനാ വിമാനത്താവളത്തില്‍ നിന്നാണ് ഡ്രോണുകളും മിസൈലുകളും സൗദിക്ക് നേരെ ഹൂത്തികൾ വിക്ഷേപിച്ചതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.