മക്ക: കോവിഡ് കാലത്തെ രണ്ടാമത്തെ ഹജ്ജ് കാലത്തും മികച്ച സന്നദ്ധ പ്രവർത്തനം നടത്തിയ വിഭാഗങ്ങളോട് ഹൃദ്യമായ നന്ദിയും സന്തോഷവും പ്രകടിപ്പിച്ചാണ് തീർഥാടകർ മിനയോട് വിട പറഞ്ഞത്. ഹജ്ജ് തീർഥാടകരുടെ സേവനത്തിന് മുന്നിൽനിന്ന വിവിധ സന്നദ്ധ വിഭാഗങ്ങളിൽ ഈ വർഷം മുമ്പെങ്ങുമില്ലാത്തവിധം വനിതാ സന്നദ്ധപ്രവർത്തകരുടെ വലിയ പങ്കാളിത്തമാണുണ്ടായത്. ഹാജിമാർക്ക് വിവിധ മേഖലകളിൽ സേവനം ചെയ്യുന്നതിൽ സൗദി യുവതികളുടെ സന്നദ്ധപ്രവർത്തനങ്ങളെ പ്രകീർത്തിച്ച് അറബ് മാധ്യമങ്ങൾ പ്രത്യേക വാർത്തകൾ തന്നെ പ്രസിദ്ധീകരിച്ചു.
സൗദിയുടെ സമഗ്ര വികസന പദ്ധതിയായ 'വിഷൻ 2030'െൻറ ലക്ഷ്യങ്ങളിൽ മുഖ്യമായ ഒന്നാണ് സ്ത്രീ ശാക്തീകരണം.എല്ലാ മേഖലയിലും സ്ത്രീകളുടെ നല്ല പങ്കാളിത്തം ഉണ്ടാക്കുക എന്ന ലക്ഷ്യം വിജയം കാണുന്നതാണ് വിവിധ രംഗങ്ങളിലെ അവരുടെ വർധിച്ച സാന്നിധ്യം. സുരക്ഷ, സേവന മേഖലകൾ ഉൾപ്പെടെ തീർഥാടകർക്ക് ആവശ്യമായ എല്ലാവിഭാഗങ്ങളിലും ഇപ്പോൾ സ്ത്രീ ഉദ്യോഗസ്ഥരെയും സന്നദ്ധ സേവകരെയും കാണാൻ കഴിയും. മുൻവർഷങ്ങളിൽ സേവന മേഖലകളിൽ സ്ത്രീകളുടെ സാന്നിധ്യം ഉണ്ടായിരുെന്നങ്കിലും സമ്പൂർണമായി തീർഥാടകർക്കുള്ള സേവനത്തിെൻറ എല്ലാ മേഖലകളിലും സൗദി യുവതികളുടെ പങ്കാളിത്തം ഉണ്ടായത് ഇത്തവണയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സിവിൽ ഡിഫൻസ്, ജവാസാത്ത് (പാസ്പോർട്ട് വിഭാഗം), പൊതുസുരക്ഷ വിഭാഗം തുടങ്ങി എല്ലാ മേഖലകളിലും ഇത്തവണ സ്ത്രീ ഉദ്യോഗസ്ഥരെ കാണാൻ കഴിഞ്ഞു.
തീർഥാടകരെ പരിശോധിക്കൽ, നിരീക്ഷണം, ഫീൽഡ് ഫോളോ അപ്, വിവിധ ഭാഷകളിൽ തീർഥാടകരുമായുള്ള ആശയ വിനിമയം തുടങ്ങിയവയിൽ സൗദി യുവതികളുടെ സേവനങ്ങൾ മഹത്തരമായതാണെന്ന് ഹാജിമാർ വിലയിരുത്തി. മസ്ജിദുൽ ഹറാമിലും മറ്റ് പുണ്യസ്ഥലങ്ങളിലും സുരക്ഷ വർധിപ്പിക്കുന്നതിനും തീർഥാടകരുടെ ക്യാമ്പുകളുടെ സുരക്ഷ ഉറപ്പുവരുത്താനും ഈ വർഷത്തെ ഹജ്ജ് വേളയിൽ മികച്ച സംഭാവനകൾ നൽകിയവയിൽ സ്ത്രീ സേവകരുടെ പങ്കാളിത്തം പ്രത്യേകം ശ്രദ്ധേയമായി.
അഗ്നിശമന ഉപകരണങ്ങളുടെയും വൈദ്യുതി ഉപകരണങ്ങളുടെയും പ്രവർത്തനം നിരീക്ഷിക്കുന്ന സേനയിൽ വരെ സൗദി യുവതികളുടെ പങ്കാളിത്തം ഉണ്ടായതും വേറിട്ട കാഴ്ചയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.