വസൂരി വാക്സിൻ കുരങ്ങുപനിയെയും പ്രതിരോധിക്കും -സൗദി ആരോഗ്യ വിദഗ്ധർ

ദമ്മാം: വസൂരിക്കെതിരെ വാക്സിനേഷൻ എടുത്ത ആളുകൾക്ക് കുരങ്ങുപനി ബാധിക്കാൻ സാധ്യത കുറവാണെന്ന് സൗദി ആരോഗ്യ വിദഗ്ധർ പറഞ്ഞു. പകർച്ചവ്യാധി കൺസൽട്ടന്റായ ഡോ. നിസാർ ബഹാബ്രി തന്റെ ട്വിറ്റർ അക്കൗണ്ടിലെ ഒരു വിഡിയോയിലാണ് ഇക്കാര്യം ആദ്യം അറിയിച്ചത്. ഈ രോഗം 1950 മുതൽ അറിയപ്പെടുന്ന വൈറസാണ്. ആഫ്രിക്കയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ഈ രോഗം 1970ലാണ് പുറത്തേക്ക് വ്യാപിച്ചത്. ചില യൂറോപ്യൻ, വടക്കേ അമേരിക്കൻ രാജ്യങ്ങളിൽ ഈയിടെ വീണ്ടും കുരങ്ങുപനി പ്രത്യക്ഷപ്പെട്ടു തുടങ്ങിയെന്ന വാർത്ത ലോകം മുഴുവൻ ആശങ്ക പരത്തിയിട്ടുണ്ട്.

അതേസമയം, സൗദിയിൽ ഇതുവരെ കുരങ്ങുപനി കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സ്ഥിരീകരണം ആശ്വാസം പകരുന്നതാണ്. രോഗം വൈറസ് മൂലമുണ്ടാകുന്നതിനാൽ, രോഗം ഭേദമാക്കാൻ ഒരു ആൻറിബയോട്ടിക് ഉപയോഗിക്കാനാവില്ല, ഇതിന്‍റെ വൈറസുകളും ബാക്ടീരിയകളും വായുവിലൂടെ പകരാൻ സാധ്യത കൂടുതലാണ് -ബഹാബ്രി പറഞ്ഞു. കുരങ്ങുപനി വസൂരി പോലെയാണെന്നും അത് തുള്ളികളിലൂടെ പകരുമെന്നും അദ്ദേഹം പറഞ്ഞു. രോഗബാധിതനായ ഒരാളിൽനിന്ന് രണ്ടു മീറ്റർ അകലെയാണെങ്കിൽ ഒരാൾക്ക് രോഗം പിടിപെടാൻ പ്രയാസമാണ്. കുരങ്ങുപനി ഉള്ള ഒരാളുമായി അടുത്തിടപെടുന്ന ആളിനു മാത്രമേ രോഗം പകരൂ -അദ്ദേഹം പറഞ്ഞു. രോഗബാധിതരായ മറ്റ് ആളുകളുമായി ആളുകൾ ഒത്തുകൂടുന്ന പാർട്ടികളാണ് യൂറോപ്പിൽ കേസുകൾ അധികമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'വസൂരിക്കെതിരെ വാക്സിൻ എടുത്തവർക്ക് കുരങ്ങുപനി ബാധിക്കാൻ സാധ്യതയില്ല. ഒരു രോഗത്തിന് വാക്സിൻ സ്വീകരിക്കുന്നതിന്‍റെ പ്രാധാന്യം കൂടിയാണ് ഇത് വ്യക്തമാക്കുന്നത്. യൂറോപ്പിലെ ചിലർ മുമ്പ് തങ്ങളുടെ കുട്ടികൾക്ക് വസൂരി പ്രതിരോധ വാക്സിനുകൾ നൽകാൻ വിസമ്മതിച്ചതാണ് വൈറസ് വീണ്ടും ആക്രമിക്കാൻ കാരണമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രോഗബാധിതനായ ഒരാളുമായി സമ്പർക്കം പുലർത്തിയതിന് ശേഷം 12 ദിവസത്തിനുശേഷമാണ് കുരങ്ങുപനിയുടെ ലക്ഷണങ്ങൾ സാധാരണയായി പ്രത്യക്ഷപ്പെടുന്നതെന്ന് ബഹാബ്രി പറഞ്ഞു. നൂതന ആരോഗ്യസംവിധാനങ്ങളുള്ള രാജ്യങ്ങളിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, ആഫ്രിക്കയിലാണ് മരണങ്ങളിൽ ഭൂരിഭാഗവും. രോഗം ബാധിച്ച മൃഗത്തിന്റെ രക്തവുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെ രോഗം പകരാമെന്നും ആരോഗ്യ മന്ത്രാലയം ട്വിറ്ററിൽ വ്യക്തമാക്കി. തുള്ളികളിലൂടെയോ രോഗബാധിതനായ വ്യക്തിയുടെ ചർമത്തിലെ കുമിളകളിൽ തൊടുന്നതിലൂടെയോ മലിനമായ പ്രതലങ്ങളിൽ കൈ തൊടുന്നതിലൂടെയോ ഇത് മനുഷ്യരിലേക്കും പകരാമെന്നും അത് കൂട്ടിച്ചേർത്തു. ശരീരത്തിലെ കടുത്ത താപനില, നടുവേദന, ചർമതിണർപ്പ്, ലിംഫഡെനോപ്പതി, ക്ഷീണം, പേശിവേദന എന്നിവ ഈ രോഗത്തിന്‍റെ ലക്ഷണങ്ങളാണ്.

രോഗം ബാധിച്ചവരുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കണമെന്നും രോഗികളുമായി അടുത്തിടപഴകുമ്പോൾ കൈയുറകളും മുഖംമൂടികളും ധരിക്കണമെന്നും പതിവായി കൈകഴുകണമെന്നും രോഗബാധിതരായ മൃഗങ്ങളെ സ്പർശിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

Tags:    
News Summary - Smallpox vaccine can also prevent monkeypox - Saudi health experts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.