ദമ്മാം: അർബുദരോഗത്തിനെതിരെയുള്ള പോരാട്ടവും രോഗികൾക്ക് ആത്മവിശ്വാസം പകരുന്നതും ലക്ഷ്യമാക്കി സ്വന്തം തലമുടി ദാനം ചെയ്ത് സുനിൽ മുഹമ്മദ്. ദമ്മാമിലെ അറിയപ്പെടുന്ന സാമൂഹിക ജീവകാരുണ്യ പ്രവർത്തകനും ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ഭരണസമിതി മുൻ ചെയർമാനുമാണ് എറണാകുളം സ്വദേശിയായ സുനിൽ മുഹമ്മദ്. കോവിഡ് കാലമാണ് ഇത്തരത്തിലുള്ള ഒരു പുണ്യ പ്രവർത്തനത്തിലേക്ക് സുനിലിനെ കൊണ്ടെത്തിച്ചത്.
സ്വാഭാവികമായി വളർന്നുതുടങ്ങിയ മുടി അർബുദ രോഗികൾക്ക് നൽകാമെന്ന ആശയം മുന്നോട്ടുവെച്ചത് മകളും അഭിഭാഷകയുമായ നഹ്വ ഫാത്തിമയാണ്. തുടർന്ന് ഇരുവരും ഈ ഉദ്ദേശ്യത്തോടെ കഴിഞ്ഞ ഒന്നര വർഷമായി മുടി വളർത്തുകയായിരുന്നു. ആതുരശുശ്രൂഷ മേഖലയിലാണ് ജോലിയെന്നതിനാൽ മുടി നീട്ടിവളർത്തുന്നതിന് മാനേജ്മെൻറ് ഉൾപ്പെടെയുള്ളവരുടെ അനുമതിയും പിന്തുണയും ആവശ്യമുണ്ടായിരുന്നു.
എന്നാൽ, സുനിലിന്‍റെ ആഗ്രഹത്തോട് എല്ലാവരും വളരെ അനുകൂല നിലപാടാണ് സ്വീകരിച്ചത്. 10 ഇഞ്ചെങ്കിലും നീളമുള്ള മുടിയാണ് അർബുദരോഗികൾക്കായി സ്വീകരിക്കുക. ഫെബ്രുവരി നാലിലെ അർബുദ ദിനത്തോടനുബന്ധിച്ച് മുടി നൽകാനായിരുന്നു തീരുമാനം. നാട്ടിൽ പോയി ഇതിനായി നടത്തിയ അന്വേഷണത്തിലാണ് ഗ്രീൻ ട്രെൻഡ്‌സ് സലൂൺ എന്ന സ്ഥാപനത്തിൽ എത്തുന്നത്. ഫെബ്രുവരി മുതൽ മാർച്ച് വരെ അവർ നടത്തുന്ന കാമ്പയിനുകളിൽ നൂറുകണക്കിന് ആളുകളാണ് മുടി നൽകാൻ എത്തുന്നത്. കേരളത്തിൽ ഒമ്പതു സ്ഥലങ്ങളിൽ ഇവർക്ക് കേന്ദ്രങ്ങളുണ്ട്. ഇത്തരത്തിൽ മുടി ദാനം ചെയ്യുന്നവർക്ക് ഇവർ അഭിനന്ദന പത്രവും നൽകുന്നുണ്ട്.
എറണാകുളം സ്വദേശിയായ ഷഫീദയാണ് ഭാര്യ. മെഡിക്കൽ വിദ്യാർഥിയായ നഷ്വ ആയിഷയാണ് മറ്റൊരു മകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.