ജുബൈൽ: തന്റെ അരുമകളെ മരണത്തിന് വിട്ടുകൊടുക്കില്ലെന്ന പത്തു വയസ്സുകാരന്റെ ഉറച്ച തീരുമാനത്തിനൊടുവിൽ മൂന്ന് പൂച്ചക്കുഞ്ഞുങ്ങൾക്ക് പുതുജീവൻ. ജുബൈൽ കിംസ് ആശുപത്രിക്കു സമീപം താമസിക്കുന്ന ആലപ്പുഴ സകരിയ ബസാർ സ്വദേശി എ.ആർ. സലാം-ഷിബിന ദമ്പതികളുടെ മകൻ ഫഹദിെൻറ ഇടപെടലും വാശിയുമാണ് പൂച്ചക്കുട്ടികൾക്ക് ജീവൻ തിരികെ ലഭിക്കാൻ ഇടയാക്കിയത്. രണ്ടാഴ്ച മുമ്പാണ് ഇവർ താമസിക്കുന്ന കെട്ടിടത്തിലെ അന്തേവാസിയായ പൂച്ച നാലു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.
കെട്ടിടത്തിെൻറ താഴത്തെ നിലയിൽ കോണിപ്പടിക്ക് അടിയിലായിരുന്നു തള്ളപ്പൂച്ചയും കുഞ്ഞുങ്ങളും കഴിഞ്ഞിരുന്നത്. എല്ലാ വൈകുന്നേരങ്ങളിലും ഇവക്ക് വീട്ടിൽനിന്നു ഭക്ഷണം നൽകുന്നതും അവയോടൊപ്പം സമയം ചെലവഴിക്കുന്നതും ഫഹദിന് ഹരമായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണവുമായി എത്തുമ്പോൾ ഒരു പൂച്ചക്കുഞ്ഞിനെ മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ. തള്ളപ്പൂച്ചയുടെ നിർത്താതെയുള്ള കരച്ചിൽകൂടിയായപ്പോൾ ഫഹദ് സങ്കടത്തിലായി.
അവൻ കെട്ടിടത്തിലും പരിസരത്തും മുഴുവൻ അന്വേഷിച്ചു. ഒടുവിൽ കെട്ടിടത്തിെൻറ ഇലക്ട്രിക് മുറിയുടെ ഉള്ളിൽനിന്നും ഞെരക്കംകേട്ട് പോയിനോക്കുമ്പോൾ അതിനകത്തെ പൈപ്പിനുള്ളിൽ മൂന്നു കുഞ്ഞുങ്ങളും വീണുകിടക്കുന്നതാണ് കണ്ടത്. നിർമാണസമയത്ത് ഇലക്ട്രിക് കേബിളിനായി സ്ഥാപിച്ചശേഷം മൂടാതെ ഉപേക്ഷിച്ച മൂന്നടിയിൽ കൂടുതൽ താഴ്ചയും നാലിഞ്ചു വ്യാസവുമുള്ള പൈപ്പിനുള്ളിൽ അകപ്പെട്ട നിലയിലായിരുന്നു പൂച്ചകൾ.
ഫഹദ് ഓടി വീട്ടിൽ എത്തി വിവരം മാതാപിതാക്കളെ അറിയിച്ചെങ്കിലും അവർ അതത്ര കാര്യമാക്കിയില്ല. പൂച്ചകളെ രക്ഷിക്കാതെ താൻ ആഹാരം കഴിക്കില്ലെന്ന് വാശിപിടിച്ച് ഉറക്കെ കരയാൻ തുടങ്ങിയതോടെ വീട്ടുകാർ വിവരങ്ങൾ ചോദിച്ചറിയുകയും പൂച്ചക്കുഞ്ഞുങ്ങൾ അകപ്പെട്ട സ്ഥലത്ത് പോയി പരിശോധിക്കുകയുമായിരുന്നു.
തലേദിവസം രാത്രിയിലെപ്പോഴോ പൈപ്പിനുള്ളിൽ വീണുപോയ പൂച്ചകൾ പകലിലെ കനത്ത ചൂടിൽ മൃതപ്രായരായിരുന്നു. പിതാവ് സലാമിെൻറയും തൊട്ടടുത്തുള്ള എ.സി വർക്ക്ഷോപ്പിലെ തൊഴിലാളികളുടെയും ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ പൂച്ചക്കുഞ്ഞുങ്ങളെ പൈപ്പിനുള്ളിൽനിന്നു പുറത്തെടുത്തു. ഇപ്പോൾ അവ ഫഹദിെൻറ ഫ്ലാറ്റിനു മുന്നിലെ ചെറിയ ഇടനാഴിയിലാണ് താമസം.മിണ്ടാപ്രാണികളോട് കരുണ കാട്ടിയ ഫഹദിനെ അയൽവാസികളും സുഹൃത്തുക്കളും അഭിനന്ദിച്ചു. മാഅദൻ കമ്പനിയിൽ ടെക്നീഷ്യനായി ജോലി ചെയ്യുന്ന സലാമും കുടുംബവും 10 വർഷമായി ജുബൈലിലാണ് താമസം. മറ്റുമക്കൾ: ഖദീജ, ഫാരിസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.