റിയാദ്: സങ്കീർണമായ ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന സമുദായത്തിന് ദിശാബോധം നൽകാനും അവരെ ശരിയായ മാർഗത്തിൽ നയിക്കാനും മത-സാമൂഹിക നേതൃത്വം ധീരമായി മുന്നോട്ടുവരണമെന്ന് തനിമ കലാസാംസ്കാരിക വേദി റിയാദിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ആവശ്യപ്പെട്ടു. റിയാദിലെ സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്ത ഇഫ്താർ പരിപാടിയിൽ അബ്ദുല്ലത്തീഫ് ഓമശ്ശേരി അധ്യക്ഷത വഹിച്ചു. ഐക്യവും പരസ്പര സഹകരണവും പൂർവാധികം ശക്തിപ്പെടുത്തേണ്ട സന്ദർഭമാണിത്. സംഘടനകൾ തമ്മിലുള്ള അനാരോഗ്യകരമായ പ്രവണതകളിൽ മനംമടുത്ത് യുവാക്കൾ മതവിരുദ്ധ ചേരികളിലേക്ക് ചേക്കേറുന്നത് ഗൗരവമായി കാണണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ തനിമ സെൻട്രൽ പ്രൊവിൻസ് പ്രസിഡന്‍റ് കെ. മുഹമ്മദ് നജീബ് പറഞ്ഞു.
പുരുഷ മേധാവിത്വത്തിന്‍റെ ജീർണതകൾ പേറുന്ന വർത്തമാന സമൂഹത്തിൽ വനിതകളുടെ അഭിമാനവും അവകാശവും കാത്തുസൂക്ഷിക്കാൻ സമുദായ നേതൃത്വം കാര്യമായി ശ്രദ്ധിക്കണമെന്നും ഫാഷിസ്റ്റ് കാലത്ത് ഐക്യത്തിനും സഹവർത്തിത്വത്തിനും മുഖ്യപരിഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസത്തിന്‍റെ കാരണവന്മാരായ അഹമ്മദ് കോയ, ഹുസൈൻ അലി, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരായ ശിഹാബ് കൊട്ടുകാട്, ഇസ്സുദ്ദീൻ, ആദം കോഴിക്കോട്, ഷാജഹാൻ പടന്ന, വി.ജെ. നസറുദ്ദീൻ, അഡ്വ. ജലീൽ, സത്താർ കായംകുളം, ഷാഫി ദാരിമി, നാസർ ദുർമ തുടങ്ങി നിരവധി പേർ ഇഫ്‌താറിൽ സംബന്ധിച്ചു. തനിമ നേതാക്കളായ സദ്‌റുദ്ദീൻ കീഴിശ്ശേരി, ബഷീർ രാമപുരം, താജുദ്ദീൻ ഓമശ്ശേരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.