ജിദ്ദ: തനിമ സാംസ്കാരികവേദി ജിദ്ദ നോര്‍ത്ത് സോണിനു കീഴിലുള്ള റീഡേഴ്സ് ഹൗസിന്റെ പ്രതിമാസ ഒത്തുചേരൽ പുതുമയാര്‍ന്ന പരിപാടികള്‍കൊണ്ട് ശ്രദ്ധേയമായി. ഡോ. ശശി തരൂർ രചിച്ച ‘അംബേദ്കര്‍: ഒരു ജീവിതം’ പുസ്തകം യൂസുഫ് പരപ്പന്‍ പരിചയപ്പെടുത്തി.
ഇന്ത്യയുടെ ഭരണഘടനാശില്പിയായ ഡോ. അംബേദ്കറെക്കുറിച്ചും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും മനസ്സിലാക്കാനുള്ള ആധികാരിക ഗ്രന്ഥമാണ് ഈ പുസ്തകമെന്ന് യൂസുഫ് പരപ്പന്‍ പറഞ്ഞു. രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിയും അംബേദ്കറും തമ്മിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളും വീക്ഷണ വൈവിധ്യങ്ങളും ഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
സിറിയന്‍ ദേശീയ കവിയും നയതന്ത്രോദ്യോഗസ്ഥനുമായിരുന്ന നിസാര്‍ ഖബ്ബാനി ഫലസ്തീന് മുഖ്യപ്രമേയമായി എഴുതിയ ‘ആളിപ്പടരട്ടെ ക്രോധം’ എന്ന കവിത വിവര്‍ത്തനം ചെയ്ത് ഇബ്രാഹീം ശംനാട് അവതരിപ്പിച്ചു. ‘ശാസ്ത്രവും മിത്തും’ വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ നാസര്‍ വേങ്ങര വിഷയം അവതരിപ്പിച്ചു. മുഹമ്മദലി പട്ടാമ്പി, എന്‍ജി. താഹിര്‍, അബ്ദുല്ലത്തീഫ് പരപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ മതവിശ്വാസികളുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തരുതെന്ന് ചര്‍ച്ചയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
വിളയില്‍ ഫസീലയുടെ മാപ്പിളപ്പാട്ടിനെ അനുസ്മരിച്ചുകൊണ്ട് സല്‍ജാസ്, സക്കീര്‍ ഹുസൈന് വലമ്പൂര്‍ എന്നിവര്‍ മാപ്പിളഗാനം ആലപിച്ചു. ചലച്ചിത്രരംഗത്തും മാപ്പിളപ്പാട്ടിലും മികവുപുലര്‍ത്തിയ ഈയിടെ അന്തരിച്ച പ്രതിഭകളായ സിദ്ദീഖിന്റെയും വിളയില്‍ ഫസീലയുടെയും നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്ന അനുശോചനപ്രമേയം യൂസുഫ് പരപ്പന്‍ അവതരിപ്പിച്ചു. ചടങ്ങില്‍ ലത്തീഫ് കരിങ്ങനാട് അധ്യക്ഷത വഹിച്ചു. ബഷീര്‍ ചുള്ളിയാന്‍ നന്ദി പറഞ്ഞു. സക്കീര്‍ ഹുസൈന് വലമ്പൂര്‍ ഖുര്‍ആന്‍ പാരായണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.