ദമ്മാം: കഴിഞ്ഞ ദിവസം കായംകുളത്തും വരാണസിയിലും പരസ്പരം മാറിയെത്തിയ മൃതദേഹങ്ങൾ സൗദി അറേബ്യയിലെ ദമ്മാമിൽ നിന്നുള്ളത്. രണ്ട് വിമാനങ്ങളിലായി നാട്ടിലേക്കയച്ച മലയാളിയുടെയും യു.പി സ്വദേശിയുടെയും മൃതദേഹങ്ങളുടെ പെട്ടികൾക്ക് മുകളിൽ പതിപ്പിച്ച സ്റ്റിക്കർ മാറിപ്പോയതാണ് വിനയായത്. കായംകുളം വള്ളികുന്നം കാരായ്മ സ്വദേശി കണിയാൻ വയൽ വീട്ടിൽ ഷാജി രാജന്റെയും (50), യു.പി വരാണസി സ്വദേശി ജാവേദിന്റെയും (44) മൃതദേങ്ങളാണ് പരസ്പരം മാറി രണ്ടിടത്തെത്തിയത്. ഷാജി രാജന്റേതെന്ന് കരുതി കായംകുളത്തെ വീട്ടിലെത്തിയ മൃതദേഹം ബന്ധുക്കൾ ദഹിപ്പിച്ചത് പ്രശ്നം കൂടുതൽ സങ്കീർണമാക്കി.
വർഷങ്ങളായി കാർഗോ മേഖലയിൽ ജോലിചെയ്യുന്ന ഒരാൾക്ക് സംഭവിച്ച അബദ്ധമാണ് പ്രശ്നമായത്. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്സയിൽ രണ്ടര മാസം മുമ്പ് മരിച്ച ഷാജി രാജന്റെയും സെപ്റ്റംബർ 25ന് അൽ-ഖോബാർ ദോസരി ആശുപത്രിയിൽ മരിച്ച മുഹമ്മദ് ജാവേദിന്റെയും മൃതദേഹങ്ങൾ നാട്ടിലയക്കുന്നതിനുള്ള രേഖകൾ പൂർത്തിയായത് ഒരേ ദിവസമാണ്. ഷാജി രാജന്റേത് അൽഅഹ്സയിലെ നവോദയ പ്രവർത്തകരും ജാവേദിന്റേത് സാമൂഹിക പ്രവർത്തകൻ നാസ് വക്കവുമാണ് പൂർത്തീകരിച്ചത്. സെപ്റ്റംബർ 29ന് രാത്രി 10.30ന് കൊളംബോ വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ശ്രീലങ്കൻ എയർവേയ്സിൽ ഷാജി രാജന്റെയും 9.20ന് ഡൽഹിയിലേക്ക് പുറപ്പെടുന്ന ഇൻഡിഗോ വിമാനത്തിൽ ജാവേദിന്റെയും മൃതദേങ്ങൾ അയക്കാൻ കാർഗോ കമ്പനി ഒരു ആംബുലൻസിലാണ് ദമ്മാം വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ എത്തിച്ചത്.
അവിടുത്തെ നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം അതിന്റെ രേഖകൾ അടങ്ങുന്ന സ്റ്റിക്കർ ഓരോ പെട്ടിയുടെയും മുകളിൽ പതിപ്പിക്കാറുണ്ട്. ഇങ്ങനെ പതിപ്പിച്ചപ്പോൾ സ്റ്റിക്കർ പരസ്പരം മാറുകയായിരുന്നു. പെട്ടിക്ക് മുകളിലുള്ള രേഖകൾ പ്രകാരം ഷാജിയുടെ മൃതദേഹം ഡൽഹി വിമാനത്തിലും ജാവേദിന്റേത് ശ്രീലങ്കൻ എയർവേയ്സിലും അയക്കുകയായിരുന്നു. പെട്ടിക്ക് മുകളിലുള്ള സ്റ്റിക്കറുകളിലെ വിവരങ്ങൾ നോക്കിയാണ് നാട്ടിൽ മൃതദേങ്ങൾ കൈമാറുന്നത്. എന്നാൽ, ഇരുപെട്ടികളുടെയും മുകളിൽ ഇംഗ്ലീഷിൽ പേരുകൾ കൃത്യമായി രേഖപ്പെടുത്തിയിരുന്നു. നാട്ടിലെത്തിയവർ അത് ശ്രദ്ധിച്ചില്ല.
വരാണസി സ്വദേശി ജാവേദിന്റെ ബന്ധുക്കൾ ഡൽഹിയിൽനിന്ന് മൃതദേഹം ഏറ്റുവാങ്ങി ആംബുലൻസിൽ തിരിക്കുന്നതിനിടെ പെട്ടിയുടെ മുകളിൽ ഷാജി രാജൻ എന്ന പേര് കണ്ട് സംശയം തോന്നി സാമൂഹിക പ്രവർത്തകൻ നാസ് വക്കവുമായി ബന്ധപ്പെടുകയായിരുന്നു. എന്നാൽ, ഒപ്പം കിട്ടിയ രേഖയിലും സ്റ്റിക്കറിലും ജാവേദ് എന്നുമാണ് ഉണ്ടായിരുന്നത്. നാസ് ഉടൻ റിയാദിലെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ വരാണസി കലക്ടറെ ബന്ധപ്പെട്ട് മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ ഏർപ്പാടാക്കി. എന്നാൽ, കായംകുളം പുതുപ്പള്ളിയിൽ എത്തിയ മൃതദേഹം ദഹിപ്പിച്ചിരുന്നു.
രണ്ടര മാസം പഴക്കമുള്ള മൃതദേഹമായതിനാൽ തുറന്ന് ആരെയും കാണിക്കേണ്ടതില്ല എന്ന് ബന്ധുക്കൾ തീരുമാനിക്കുകയും ഉടൻ ദഹിപ്പിക്കാൻ നടപടിയെടുക്കുകയുമായിരുന്നു. മക്കളുടെ നിർബന്ധത്തിന് വഴങ്ങി അവരെ മാത്രം മൃതദേഹം കാണിച്ചിരുന്നു. ഷാജി രാജന്റെ രണ്ടാമത്തെ മകൾ ഇത് അച്ഛന്റെ മൃതദേഹമല്ലെന്ന് പറഞ്ഞെങ്കിലും ആരും കാര്യമാക്കിയില്ല. മൃതദേഹം മാറിപ്പോയെന്നറിഞ്ഞതോടെ ഷാജിയുടെ മൃതദേഹം വിട്ടുകിട്ടണമെന്ന് ബന്ധുക്കൾ ഇന്ത്യൻ എംബസിയോട് ആവശ്യപ്പെട്ടു. തുടർന്ന് കാർഗോ കമ്പനി ഒരു ലക്ഷം രൂപ ചെലവിൽ ആംബുലൻസിൽ മൃതദേഹം കായംകുളത്തെ വീട്ടിലെത്തിച്ചു. മൂന്നുദിവസം മുമ്പ് യു.പിയിൽനിന്ന് പുറപ്പെട്ട ആംബുലൻസ് വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് വീട്ടിലെത്തിയത്.
എന്നാൽ, വാരണാസിയിലെ ജാവേദിന്റെ കുടുംബത്തെ എങ്ങനെ സമാധാനിപ്പിക്കുമെന്നറിയാതെ കുഴങ്ങുകയാണ് അധികൃതർ. യു.പിയിലെ സാമൂഹിക പ്രവർത്തകരും കലക്ടർ ഉൾപ്പടെയുള്ള അധികാരികളും വീട്ടിലെത്തി കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ മാറിപ്പോയ ഗുരുതര സംഭവത്തെത്തുടർന്ന് സൗദി വിദേശകാര്യ മന്ത്രാലയം ദമ്മാമിലുള്ള കാർഗോ കമ്പനിക്കെതിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം അധികാരികൾ കാർഗോ കമ്പനി ഓഫിസിലെത്തി പരിശോധനകൾ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.