ജിദ്ദ: മൂന്ന് പതിറ്റാണ്ട് ജിദ്ദയിലും യു.എ.ഇയിലും പ്രവാസം നയിച്ച സാമൂഹിക പ്രവർത്തകനും മാധ്യമപ്രവർത്തകനുമായ എ. ഫാറൂഖ് ശാന്തപുരത്തിെൻറ വിയോഗം പ്രവാസി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി. നിരവധി പ്രവാസികളുടെ സ്മരണയില്‍ തങ്ങിനില്‍ക്കുന്ന അദ്ദേഹം സൗദിയിലെ ആദ്യകാല മലയാളി പത്രപ്രവർത്തകരിലൊരാൾ കൂടിയാണ്.
ജനസേവന രംഗത്ത് ഏറെ സജീവമായിരുന്ന ഫാറൂഖ്, ദുരിതങ്ങളിൽപെടുന്നവരെ സഹായിക്കാൻ അക്ഷീണമായി പ്രവർത്തിച്ചു. ഈ രംഗത്തെ മാതൃകാ വ്യക്തിത്വമാണെന്നാണ് അദ്ദേഹത്തെ അറിയുന്നവരെല്ലാം സ്മരിക്കുന്നത്. പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പൊതുസേവനത്തിൽ മുഴുകിയിരുന്ന അദ്ദേഹം ഞായറാഴ്ചയാണ് നിര്യാതനായത്.
പലവിധ കാരണങ്ങളാല്‍ നാടണയാന്‍ കഴിയാതെയും രോഗികളായും ദുരിതത്തിലായവർക്കെല്ലാം ജിദ്ദയിൽ ദീർഘകാലം പ്രവാസിയായിരിക്കെ താങ്ങും തണലുമായിരുന്നു. ജിദ്ദയിലെ കോടതിയിൽ വിവര്‍ത്തകനായി സേവനം അനുഷ്ഠിച്ച കാലത്ത് വിവിധ മനുഷ്യര്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ ആഴങ്ങള്‍ നേരിട്ടറിയാൻ കഴിഞ്ഞതായിരിക്കാം അദ്ദേഹത്തെ നിസ്വാർഥ ജനസേവന രംഗത്തേക്ക് കാലെടുത്തുവെക്കാൻ പ്രേരിപ്പിച്ചത്.
ദുരിതത്തിലായ നിരവധി പേരെ ഉന്നത സൗദി ഉദ്യോഗസ്ഥരുമായുള്ള അദ്ദേഹത്തിെൻറ ബന്ധത്തിലൂടെ സഹായിക്കാനായി. സ്പോണ്‍സര്‍മാരുമായും മറ്റുമുള്ള പ്രശ്നത്തിെൻറ പേരില്‍ അനേകം സാധാരണക്കാരായ പ്രവാസി മലയാളികള്‍ പ്രയാസപ്പെട്ടിരുന്നു. ശമ്പളം നല്‍കാതിരിക്കല്‍, നാട്ടിൽ പോകാന്‍ അനുവദിക്കാതിരിക്കൽ, താമസരേഖ നല്‍കാതിരിക്കൽ, ഹുറൂബിലകപ്പെടുത്തൽ തുടങ്ങി നിരവധി പ്രശ്നങ്ങൾ നേരിട്ട പ്രവാസികൾക്ക് അത്താണിയായിരുന്നു ഫാറൂഖ് ശാന്തപുരം.
അറബി, ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ നന്നായി കൈകാര്യം ചെയ്യാൻ അറിയുന്നതിനാൽ സ്പോണ്‍സര്‍മാര്‍ക്കും പ്രയാസപ്പെടുന്ന പ്രവാസികള്‍ക്കുമിടയിലെ മധ്യവര്‍ത്തിയായി അദ്ദേഹം നിലകൊണ്ടു. 'ഗള്‍ഫ് മാധ്യമം' ബഹ്റൈനില്‍നിന്ന് പ്രസിദ്ധീകരണം തുടങ്ങിയപ്പോള്‍ പത്രത്തിെൻറ ജിദ്ദ ബ്യൂറോ ചുമതല വഹിച്ചത് അദ്ദേഹമായിരുന്നു.
പ്രവാസികളുടെ പച്ചയായ ജീവിതങ്ങൾ അദ്ദേഹത്തിെൻറ തൂലിക വഴി അക്കാലത്ത് 'ഗൾഫ് മാധ്യമ'ത്തിലൂടെ പുറത്തുവന്നു. അതോടൊപ്പം തന്നെ മറ്റു മാധ്യമ പ്രവർത്തകർക്കും വലിയ വാർത്ത ഉറവിടമായിരുന്നു. തനിമ സാംസ്കാരിക വേദിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന ഫാറൂഖ്, സെൻറര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആൻഡ് ഗൈഡന്‍സ് ഇന്ത്യയുടെ (സിജി) വിവിധ വകുപ്പ് മേധാവിയായും പ്രവര്‍ത്തിച്ചു.
എയ്ജസ്, മഹല്ലുകളുടെ പ്രവര്‍ത്തനം, ശാന്തപുരം അൽജാമിഅഃ അലുംനി ജിദ്ദ പ്രസിഡൻറ്, ജിദ്ദ ഹജ്ജ് വെല്‍ഫെയര്‍ ഫോറം കണ്‍വീനര്‍, സൗദി ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം ഭാരവാഹി എന്നീ നിലകളിലെല്ലാം സേവനമനുഷ്ഠിച്ചിരുന്നു. ആറ് വര്‍ഷത്തോളം ഷാര്‍ജയിൽ പ്രതിരോധ മന്ത്രാലയത്തില്‍ ഉദ്യോഗസ്ഥനായതിെൻറ ശേഷം 1990ലാണ് ജിദ്ദയില്‍ പ്രവാസം ആരംഭിക്കുന്നത്.
2012ല്‍ ജിദ്ദയിൽനിന്നും വിടവാങ്ങുന്നത് വരെയും എണ്ണയിട്ട യന്ത്രംകണക്കെ ശറഫിയ്യ ആസ്ഥാനമായി മലയാളി പ്രവാസികളുടെ സേവനത്തില്‍ കർമനിരതനായി. ഇക്കാലയളവിൽ രണ്ട് ലക്ഷത്തോളം പ്രവാസികള്‍ക്കാണ് സൗജന്യ നിയമസഹായം നല്‍കിയത്.
പ്രവാസത്തോട് വിടപറഞ്ഞ് നാട്ടില്‍ സ്ഥിരതാമസമാക്കിയപ്പോഴും ജനസേവന രംഗത്ത് കൂടുതല്‍ സജീവമായി. ആതുര സേവനം, പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയുള്ള പോരാട്ടം, വിദ്യാഭ്യാസം, കരിയര്‍ ഗൈഡന്‍സ്, മത-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യം, ജുമുഅ ഖുതുബ തുടങ്ങി എ. ഫാറൂഖ് കൈവെക്കാത്ത മേഖലകള്‍ അപൂർവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.