റിയാദ്: കലയുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രപഞ്ചമൊരുക്കാൻ സാങ്കേതികവിദ്യ എങ്ങനെ സഹായിക്കുമെന്ന വിസ്മയകരമായ അറിവ് പകർന്നൊരു പ്രദർശന മേള. കലാസ്വാദകരുടെ ആവേശം ആകാശം മുട്ടിക്കാൻ പാകത്തിലുള്ള ആധുനിക സാങ്കേതിക വിദ്യകളുടെ പ്രദർശനമേളയാണ് റിയാദിൽ ഒരുങ്ങിയത്. റിയാദ് ഇന്റർനാഷനൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടന്ന പ്രദർശന മേളയിൽ ലോകത്തിന്റെ വിവിധ കോണുകളിൽനിന്നുള്ള വിനോദ മേഖലയിലെ കമ്പനികൾ പങ്കാളികളായി. സൗദിക്ക് അകത്തും പുറത്തുമുള്ള വിനോദ വ്യവസായ കമ്പനികൾ അവരുടെ അതിനൂതനമായ ഉൽപന്നങ്ങളും കലാരൂപങ്ങളും ഈ മേഖലയിൽ വികസിപ്പിച്ചെടുത്ത അത്യാധുനിക സാങ്കേതികവിദ്യകളും ആശയങ്ങളും പ്രദർശിപ്പിച്ചു.
ലോക വിനോദസഞ്ചാര ഭൂപടത്തിൽ സുപ്രധാന ഇടമായി അടയാളപ്പെടുത്താനുള്ള മുന്നേറ്റത്തിനിടയിലാണ് സൗദി അറേബ്യ ഇത്തരമൊരു പ്രദർശന പരിപാടിക്ക് വേദിയായി മാറിയത്. മാറുന്ന സൗദിയുടെ പുതിയ അവസരങ്ങൾ മനസ്സിലാക്കി ആയിരക്കണക്കിന് കമ്പനികളാണ് വിനോദമേഖലയിൽ മുതലിറക്കാൻ ഒരുങ്ങുന്നത്.
പുതിയ സംരംഭകരുടെ സംശയങ്ങൾക്ക് വിദഗ്ധോപദേശം നൽകാൻ പ്രഗല്ഭരായ കൺസൽട്ടന്റുമാരും മേളയിലുണ്ടായിരുന്നു. സൗദി ടൂറിസം സഹമന്ത്രി അഹമ്മദ് അറബ്, വിനോദമേഖലയിൽ കീർത്തികേട്ട സൗദിയിലെ അൽ ഹുഖൈർ ഗ്രൂപ്, മൂവി സിനിമ, അബ്ദുല്ല അൽഉതൈയും, മാജിദ് അൽഫുതൈം തുടങ്ങി അമ്പതോളം പ്രമുഖ കമ്പനികളുടെ തലവന്മാരും ടൂറിസം മന്ത്രാലയം പ്രതിനിധികളും മേളയിൽ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ഗെയിമുകളുടെ നിർമാതാക്കളും സോഫ്റ്റ് വെയറുകൾ വികസിപ്പിക്കുന്ന വിദഗ്ദ്ധർ, കരാറുകാർ തുടങ്ങിയവരും പങ്കടുത്തു. മൂന്നുദിവസം നീണ്ട മേള ബുധനാഴ്ച രാത്രി ഒമ്പതിനാണ് അവസാനിച്ചത്. മേളയുടെ അവസാന
മണിക്കൂറുകളിൽ വിവിധ കമ്പനികൾ ഒരുക്കിയ കലാപ്രകടനങ്ങളുടെ വിരുന്ന് ശ്രദ്ധേയമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.