പ്രവാസത്തിെൻറ 10ാം വർഷം പിന്നിടുമ്പോൾ എല്ലാം ഇന്നലെ കഴിഞ്ഞപോലെ ഓർമയിൽ തെളിയുന്നു. ചെറുപ്പം തൊട്ടേ മനസ്സിനുള്ളിലെ ഒരു സ്വപ്നമായിരുന്നു ഗൾഫ്. പക്ഷേ, എങ്ങനെ അത് എത്തിപ്പിടിക്കണമെന്ന് അറിയില്ലായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് ജീവിതത്തിലെ വഴിത്തിരിവായി മാറിയ ആ ഒരു ഫോൺ കോൾ അപ്രതീക്ഷിതമായി വരുന്നത്. വിളിച്ച ആൾ സ്വയം പരിചയപ്പെടുത്തി, സൗദിയിലുള്ള ഒരു ഐ.ടി കമ്പനിയുടെ എം.ഡി ആണ്, പേര് അബ്ദുൽ സമദ്.
അദ്ദേഹം എന്നോട് അപ്ഡേറ്റഡ് സി.വി അയക്കാൻ പറഞ്ഞു, ചെറിയരീതിയിൽ ഒരു ഇൻറർവ്യൂവും നടത്തി. കുറച്ചു ദിവസത്തിന് ശേഷം അദ്ദേഹം വിളിച്ചുപറഞ്ഞു, എടപ്പാൾ ഉള്ള ട്രാവൽ ഏജൻസിയിലേക്ക് വിസ അയച്ചിട്ടുണ്ട്, അവിടെ ചെന്ന് പാസ്പോർട്ടും സർട്ടിഫിക്കറ്റുകളും കൊടുക്കാൻ. ഇത് കേട്ടപ്പോൾ ഒരു സ്വപ്നം പോലെയാണ് തോന്നിയത്. അങ്ങനെ കുറച്ചു നാളുകൾക്കുശേഷം വിസ സ്റ്റാമ്പ് ചെയ്ത പാസ്പോർട്ട് തിരിച്ചുകിട്ടി.
അൽഖോബാറിൽ ഉള്ള ഒരു കമ്പനിയിലേക്ക് ആയിരുന്നു സമദ് സാർ എന്നെ ഉദ്ദേശിച്ചിരുന്നത്. ടിക്കറ്റ് എടുക്കുന്ന സമയത്ത് അദ്ദേഹം റിയാദിൽ ആയിരുന്നതുകൊണ്ട് ഞാൻ റിയാദിലേക്ക് ടിക്കറ്റ് എടുത്തു. ദീർഘദൂര യാത്ര ഇഷ്ടപ്പെട്ടിരുന്ന എനിക്ക് റിയാദിൽനിന്ന് ഖോബാറിലേക്ക് റോഡ് മാർഗം പോകാമല്ലോ എന്നുംകൂടെ ആഗ്രഹിച്ചാണ് അങ്ങനെ ചെയ്തത്. അങ്ങനെ വെറും ഫോൺ കാളുകളിലൂടെ മാത്രം പരിചയമുള്ള ഒരു വ്യക്തിയിലൂടെ, വിസയുടെ ഒരു ചെലവുകളും ഇല്ലാതെ 2011 ഡിസംബറിൽ ഞാൻ റിയാദിൽ എത്തി.
മോനേ എന്നു വിളിച്ചുതുടങ്ങുന്ന അദ്ദേഹത്തിെൻറ സൗമ്യമായ സംസാരം വളരെ ആശ്വാസകരമായിരുന്നു. ഇതരനാട്ടിൽ ഒരു തുടക്കക്കാരനായ എനിക്ക് എല്ലാ സൗകര്യങ്ങളും അദ്ദേഹം ഒരുക്കിത്തന്നു. അങ്ങനെ അദ്ദേഹത്തിെൻറ കമ്പനിയിൽ ഒരു മാസം പിന്നിട്ടപ്പോൾ ആദ്യത്തെ ശമ്പളം തരുന്ന സമയത്ത് പറഞ്ഞുറപ്പിച്ചതിനേക്കാൾ 300 റിയാൽ അധികം തന്നു. അതാണ് ഇനിമുതൽ ശമ്പളം എന്നും പറഞ്ഞു.
എെൻറ ആദ്യത്തെ ഉംറ നിർവഹിക്കാൻ കാരണമായതും ഇദ്ദേഹമാണ്. എെൻറ ജീവിതത്തിൽ ഒരു റോൾ മോഡൽ ആണ് അദ്ദേഹം. പ്രത്യേകിച്ച്, മാതാവിനോട് നല്ലരീതിയിൽ പെരുമാറണമെന്ന് എപ്പോഴും എന്നെ ഉണർത്തിയിരുന്നു. അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഒരിക്കലും തീരില്ല. എെൻറ ജീവിതം മാറ്റിമറിച്ച അദ്ദേഹത്തിനുവേണ്ടിയുള്ള ആത്മാർഥമായ പ്രാർഥനകൾ ഇപ്പോഴും തുടർന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.