ജുബൈൽ: മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെടുന്ന മലയാളികളുടെ എണ്ണം ആശങ്കയുണർത്തുന്നതാണെന്ന് ദമ്മാം ക്രിമിനൽ കോടതി ഉദ്യോഗസ്ഥനായ അഹ്മദ് നജാത്തി. സൗദി ഭരണകൂടം വളരെ ഗൗരവത്തോടെയാണ് ഇത്തരം കേസുകളെ വീക്ഷിക്കുന്നത്. യുവജന ബോധവത്കരണത്തിന്റെ ഭാഗമായി ‘ബാറ്റിൽ എഗൻസ്റ്റ് ഡ്രഗ്സ്’ എന്ന തലക്കെട്ടിൽ ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രൈമാസ പ്രചാരണത്തിന്റെ രണ്ടാംഘട്ട പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെടുന്നവർക്ക് കടുത്ത ശിക്ഷയാണ് ലഭിക്കുക. അഞ്ചു വർഷം മുതൽ 15 വർഷം വരെ തടവും ഭീമമായ തുക പിഴയായും ഈടാക്കും.
കേസിന്റെ സ്വഭാവമനുസരിച്ച് വധശിക്ഷയും ലഭിച്ചേക്കാം. വിവിധ സർക്കാർ വകുപ്പുകളും പൗരസമൂഹവും ഒറ്റക്കെട്ടായാണ് ഇതിനെതിരെ പ്രവർത്തിക്കുന്നത്. ഇത്തരം കേസുകൾ മുഖേന നിരവധി ആളുകളുടെ കുടുംബങ്ങളാണ് ശിഥിലമാവുന്നത്. പ്രവാസിസമൂഹം ഈ വിഷയത്തിൽ നിതാന്ത ജാഗ്രത പുലർത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
സൗദി നിയമങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും അദ്ദേഹം ഉത്തരം നൽകി. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഉസ്മാൻ ഒട്ടുമ്മൽ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി. കിഴക്കൻ മേഖല കമ്മിറ്റി ജനറൽ സെക്രട്ടറി സിദ്ദീഖ് ഉദ്ഘാടനം നിർവഹിച്ചു.
ഇക്കഴിഞ്ഞ ഹജ്ജ് വേളയിൽ ജുബൈലിൽ നിന്നുള്ള സന്നദ്ധപ്രവർത്തകർക്ക് സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ വിതരണം ചെയ്തു. കെ.എം.സി.സി പ്രവർത്തകർ മുഖേന നോർക്ക പ്രവാസി ക്ഷേമനിധിയിൽ അംഗത്വം ചേർക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. നൗഷാദ്, സൈതലവി പരപ്പനങ്ങാടി, ഷെരീഫ് ആലുവ, സലാം മഞ്ചേരി, സലാം പഞ്ചാര, ഇബ്രാഹിംകുട്ടി താനൂർ തുടങ്ങിയവർ പങ്കെടുത്തു. ഷംസുദ്ദീൻ പള്ളിയാളി സ്വാഗതവും റാഫി കൂട്ടായി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.