റിയാദ്: മക്ക, മദീന ഹറമുകളിലെ അതിഥികളെ സേവിക്കുന്നത് തങ്ങളുടെ കടമ മാത്രമാണെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.
റമദാൻ മാസത്തിന്റെ ആരംഭത്തിൽ തന്നെ അഭിവാദ്യം ചെയ്യാനും അഭിനന്ദിക്കാനും എത്തിയ ഗ്രാൻഡ് മുഫ്തി അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ആലുശൈഖ്, വിവിധ പ്രവിശ്യകളുടെ ഗവർണർമാർ, പണ്ഡിതന്മാർ, മന്ത്രിമാർ, പൗരപ്രമുഖർ എന്നിവരെ വെള്ളിയാഴ്ച റിയാദിലെ അൽ യമാമ കൊട്ടാരത്തിൽ സ്വീകരിച്ചശേഷം അവരെ അഭിസംബോധന ചെയ്യവെയാണ് കിരീടാവകാശി ഇപ്രകാരം പറഞ്ഞത്.
‘‘സൗദി ജനതയുടെ പ്രയത്നത്താൽ ഇരു ഹറമുകളിലേക്കുമുള്ള തീർഥാടകരുടെ എണ്ണം വർഷംതോറും കൂടിവരുന്നു. അവർക്ക് സേവനം നൽകുന്നതിന്റെ പ്രതിഫലം രാജ്യത്തെ എല്ലാ ആളുകൾക്കും ആയിരിക്കും’’ -അദ്ദേഹം പറഞ്ഞു. ഖുർആനിലെ തിരഞ്ഞെടുത്ത വാക്യങ്ങൾ പാരായണം ചെയ്ത് തുടങ്ങിയ സദസ്സിൽ കിരീടാവകാശി തന്നെ സന്ദർശിച്ചവർക്ക് ഹസ്തദാനം നൽകി.
എല്ലാവരുടെയും സൽകർമങ്ങൾ ദൈവത്തിങ്കൽ സ്വീകരിക്കപ്പെടാനും സൽമാൻ രാജാവിന്റെ നേതൃത്വത്തിനു കീഴിൽ രാജ്യം സ്ഥിരതയോടെ സുരക്ഷിതമായി നിലകൊള്ളാനും കിരീടാവകാശി പ്രാർഥിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.