ഹജ്ജ് മന്ത്രി ഡോ. തൗഫീഖ് അൽറബീഅ

ഇത്തവണത്തെ ഹജ്ജ് ‘ചരിത്രത്തിലെ’ ഏറ്റവും വലിയ ഇസ്ലാമിക സമ്മേളനമാകും -ഹജ്ജ് ഉംറ മന്ത്രി

ജിദ്ദ: ‘ചരിത്രത്തിലെ’ ഏറ്റവും വലിയ ഇസ്ലാമിക സമ്മേളനത്തിനാണ് സൗദി അറേബ്യ ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നതെന്ന് ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ. ലോകത്തെ 160 രാജ്യങ്ങളിൽനിന്ന് 20 ലക്ഷത്തിലധികം തീർഥാടകരാണ് ഇത്തവണ ഹജ്ജിൽ പങ്കെടുക്കുന്നത്. മുഴുവൻ തീർഥാടകരെയും സ്വാഗതം ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു.

ഹജ്ജ് പ്രചരണത്തിന്‍റെ ഭാഗമായി ‘റഹ്മാന്‍റെ അതിഥികൾക്ക് സ്വാഗതം’ എന്ന വിഡിയോ അവതരിപ്പിക്കുന്നതിനിടെയാണ് മന്ത്രി ട്വിറ്ററിൽ ഇക്കാര്യം കുറിച്ചത്. തീർഥാടകരുടെ സേവനത്തിനായി ഏറ്റവും മികച്ച സൗകര്യങ്ങളാണ് സൗദി ഭരണകൂടം ഒരുക്കിയിരിക്കുന്നത്. ഹജ്ജ് കർമങ്ങൾ നിർവഹിക്കാൻ സൗദി അറേബ്യയിലേക്ക് വരുന്നവരുടെ വിമാന ബുക്കിങ്ങുകളുടെ എണ്ണം 17 ലക്ഷമാണ്. അവരെ സേവിക്കാൻ ആരോഗ്യ രംഗത്ത് 32,000 പേരെ ഒരുക്കിയിട്ടുണ്ട്. പുണ്യസ്ഥലങ്ങളിലെ ഗതാഗത സംവിധാനം സംയോജിതവും വ്യവസ്ഥാപിതവുമാണ്. മിന, മുസ്ദലിഫ, അറഫ എന്നിവയെ ഗതാഗത സംവിധാനവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു.

ഹജ്ജ് വേളയിൽ ഒമ്പത് സ്റ്റേഷനുകളിലായി 17 ട്രെയിനുകൾ സർവിസ് നടത്തും. പരിസ്ഥിതി സൗഹാർദ ഇലക്ട്രിക് ട്രെയിനുകളാണിവ. മണിക്കൂറിൽ 72,000 യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള പ്രവർത്തന ശേഷിയുണ്ട്. കൂടാതെ ഷട്ടിൽ ബസ് സർവിസുകളുണ്ട്. അവയുടെ എണ്ണം 24,000 ബസുകൾ കവിയുന്നു. പുണ്യസ്ഥലങ്ങളിൽ, പ്രത്യേകിച്ച് മിനയിൽ ആരോഗ്യ-സുരക്ഷാ സേവനങ്ങളുടെയും ഉപകരണങ്ങളുടെയും വിപുലമായ സംവിധാനമാണ് സൗദി ഭരണകൂടം ഒരുക്കിയിരിക്കുന്നത്. മിനാ താഴ്വാരം തീർഥാടകർക്കായി 21 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ലോകത്തെ ഏറ്റവും വലിയ കൂടാര നഗരമാണ്.

1,30,000 മരങ്ങൾ വെച്ച് മശാഇർ മേഖലകളിലെ വനവത്കരണം അടുത്തിടെ ഊർജിതമാക്കിയിട്ടുണ്ട്. തീർഥാടകരുടെ സൗകര്യം മുൻനിർത്തിയും തീർഥാടന വേളയിൽ സമ്പന്നമായ അനുഭവം കൈവരിക്കുന്നതിനും മന്ത്രാലയം പ്രവർത്തിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - This year's Hajj will be the biggest Islamic gathering in 'history' ^ Hajj Umra Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.