ഒരു വെള്ളിയാഴ്ച നട്ടുച്ചനേരം. വാഹനവുമായി ഞാൻ പുറത്തിറങ്ങിയതാണ്. ചൂട് 45 ഡിഗ്രിയിൽ ഒട്ടും കുറയില്ല, ഒരു സൗദി പൗരൻ റിയാദിലെ ഖുറൈസ് റോഡിൽ വാഹനം പാർക്ക് ചെയ്തുനിൽക്കുന്നു. അരികെ മറ്റൊരു വാഹനവും. റോഡിലൂടെ വാഹനങ്ങൾ ചീറിപ്പായുന്നു. അദ്ദേഹം എന്തിനു വേണ്ടിയായിരിക്കും പുറത്തിറങ്ങിനിൽക്കുന്നത്? എനിക്ക് ആകാംക്ഷയായി. രണ്ടു വടികളുടെ സഹായമില്ലാതെ നേരം വണ്ണം നിവർന്നുനിൽക്കാനോ നടക്കാനോപോലും സാധിക്കില്ല എന്ന് ഒറ്റനോട്ടത്തിൽ മനസ്സിലായി. ചുട്ടുപൊള്ളുന്ന വെയിലത്ത്, വാഹനത്തിൽനിന്ന് പുറത്തിറങ്ങിനിന്ന് ആ രണ്ടു വടികളിൽ ഒന്നെടുത്ത് ചീറിപ്പായുന്ന വാഹങ്ങൾക്കുനേരെ ഒരു സഹായം തേടുന്നതുപോലെ വീശുന്നതെന്തിനാവും? ആരും നിർത്തുന്നില്ല. കൗതുകം കൊണ്ട് ഞാൻ വാഹനം അവരുടെ പിറകിലായി ഒതുക്കിനിർത്തി. അത് അദ്ദേഹത്തിന് സന്തോഷമായെന്നുതോന്നി.
'ഫീ അന്തക്ക് മിഫ്താഹ് കവർ സയ്യാറ? സയ്യാറ ഹാദാ ഫിലിപ്പിനോ ഹർബാൻ.' അദ്ദേഹം എന്നോട് ചോദിച്ചു. ടയർ മാറ്റാനുള്ള ഉപകരണങ്ങളുണ്ടോ, ആ ഫിലിപ്പീനികളുടെ കാർ കേടായിരിക്കുന്നു എന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായി. കേടുവന്നത് സ്വന്തം വാഹനമല്ല. ആവഴി വന്ന ഫിലിപ്പീനികളുടേതാണ്. ടയർ പൂർണമായി തകർന്നിരിക്കുന്നു.
ഞാൻ പുറത്തെടുത്ത ടൂൾസ് അനുയോജ്യമല്ലാത്തതിനാൽ അവ വാഹനത്തിലേക്ക് തിരിച്ചുവെച്ച് വരുമ്പോൾ വേറെയേതെങ്കിലും വാഹനം നിർത്തിക്കിട്ടാനുള്ള ശ്രമം തുടരുന്ന തിരക്കിലാണ് അദ്ദേഹം. അതിനിടയിൽ ഒരു വിദേശി അവിടെ തെൻറ വാഹനം നിർത്തിവന്നതും വാഹനം നേരെയാക്കിയതും എല്ലാം ഞൊടിയിടയിൽ. ഫിലിപ്പീനികൾ എല്ലാവരോടും നന്ദി പറഞ്ഞ് പിരിഞ്ഞുപോയി. കാര്യങ്ങൾ എല്ലാം നേരെയായി ഏറ്റവും അവസാനമായി മാത്രം പോവാൻ ശഠിച്ചു നിൽക്കുന്ന അദ്ദേഹത്തോട് അറിയാവുന്ന അറബിയിൽ എന്തൊക്കെയോ പറഞ്ഞു.
കോവിഡിെൻറ പരിധികളെ വകഞ്ഞുമാറ്റി എെൻറ കൈകൾ അദ്ദേഹത്തിലേക്ക് നീണ്ടു. അതിനിടയിൽ ആ ചോദ്യം ഞാൻ അദ്ദേഹത്തോട് ചോദിച്ചു. 'ഈ നടുറോഡിൽ ചുട്ടുപൊള്ളുന്ന ഈ കാലാവസ്ഥയിൽ അവരാരെന്നുപോലും അറിയാത്ത താങ്കൾ അവർക്കായി എന്തിനുവേണ്ടി ഇവിടെയിറങ്ങി നിൽക്കണം? അതും താങ്കൾക്ക് ശരിക്കും ഒന്നുനിൽക്കാനോ നടക്കാനോപോലും സാധിക്കാത്ത ഈ അവസ്ഥയിൽ?
ഉത്തരം ആദ്യം ഒരു ചിരിയിലൊതുക്കാൻ ശ്രമിച്ചെങ്കിലും പിന്നീടദ്ദേഹം തുടർന്നു.
'മനുഷ്യന് നല്ലൊരവസ്ഥ വന്നിട്ടേ സഹായിക്കാൻ പാടുള്ളൂ എന്നില്ല. ഏതൊരവസ്ഥയിലും നാം പരസ്പരം സഹായിച്ചുകൊണ്ടേയിരിക്കണം. ഇതുപോലുള്ള അവസരങ്ങളായിരിക്കും നമ്മെ സൃഷ്ടിച്ച ദൈവത്തോട് നന്ദി പ്രകടിപ്പിക്കാൻ വീണുകിട്ടുക. അതിപ്പോൾ ഞാൻ ഉപയോഗപ്പെടുത്തി എന്ന് മാത്രം. അദ്ദേഹം പറഞ്ഞുനിർത്തി. അദ്ദേഹത്തെ ഞാൻ ഒന്നുകൂടി ചേർത്തുനിർത്തി. 'ഹബീബി... ഹബീബി...' ഞാനുറക്കെ വിളിച്ചു... ഇതിനിടക്ക് അനുവാദത്തോടെ ഒരു സെൽഫിയും. ഞാൻ അദ്ദേഹത്തിെൻറ പേര് ചോദിച്ചില്ല. ഇരുളിൽ ഒരുതിരി വെളിച്ചമാവുന്നുവെങ്കിൽ ആ കത്തുന്ന വെയിലിനേക്കാളും വെളിച്ചംപകരുന്ന ഒരു തിരിയെന്ന് ഞാനദ്ദേഹത്തെ ഓർമിക്കുമ്പോഴൊക്കെ വിളിക്കും.
ആരെന്നറിയാത്ത ആ മനുഷ്യൻ, ഇൗ ജീവിതത്തിനിടയിൽ ഞാൻ കണ്ട എല്ലാ പരിചയക്കാരെയും സുഹൃത്തുക്കളെയുംകാൾ വലിയ മനുഷ്യനായി മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. എെൻറയോ ആ ഫിലിപ്പീനികളുടേയോ സുഹൃത്തോ, എന്തിന് പരിചയക്കാരൻ പോലുമോ ആയിരുന്നില്ല ആ മനുഷ്യൻ. പക്ഷേ, ഇപ്പോൾ എെൻറ എക്കാലത്തേയും സുഹൃത്തായി മാറിയിരിക്കുന്നു.
ഒരിക്കൽ മാത്രം കണ്ട, ഇനി കാണാൻ സാധ്യതയുണ്ടോ എന്നറിയാത്ത ആ മനുഷ്യൻ. മറക്കാനാവാത്ത സൗഹൃദാനുഭവമായി എനിക്കോർത്തുവെക്കാൻ ഇതേയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.