ദമ്മാം: 10ാമത് അന്താരാഷ്ട്ര യോഗ ദിനാചരണം ഇൻഡോ സൗദി കൾചറൽ അസോസിയേഷന്റെയും വല്ലഭട്ട യോഗ അക്കാദമിയുടെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗദിനമായ വെള്ളിയാഴ്ച (ജൂൺ 21) ദമ്മാമിലെ അൽ നഹ്ദ ക്ലബിൽ നടക്കും. സൗദി യോഗ കമ്മിറ്റിയുടെയും അറബ് യോഗ ഫൗണ്ടേഷന്റെയും പിന്തുണയോടെയാണ് യോഗ ദിനാചരണമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ‘സ്ത്രീ ശാക്തീകരണം’ ആണ് ഈ വർഷത്തെ യോഗാദിനത്തിന്റെ സന്ദേശം. യോഗാദിനാചരണ ചടങ്ങുകൾ വിപുലമാക്കുന്നതിന് 51 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.
വൈകീട്ട് നാലിന് രജിസ്ട്രേഷൻ ആരംഭിക്കും. ഉദ്ഘാടന ചടങ്ങിൽ അറബ് യോഗ ഫൗണ്ടേഷന്റെയും സാമൂഹിക സാംസ്കാരിക രംഗത്തെയും പ്രമുഖർ പങ്കെടുക്കും. തുടർന്ന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരമുള്ള കോമൺ യോഗാ പ്രോട്ടോകോൾ അരങ്ങേറും. കുട്ടികളുടെ വിവിധതരം യോഗ, കായിക പ്രദർശനങ്ങൾ പരിപാടിയുടെ മാറ്റുകൂട്ടും.ആയോധനകലയായ കളരിയുടെ പ്രദർശനവും ഇതിനോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെയും സൗദിയുടെയും ദേശീയ ഗാനാലാപനത്തോടെ പരിപാടിക്ക് തിരശ്ശീല വീഴും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ജനറൽ സെക്രട്ടറി ജയകൃഷ്ണൻ, ജോയൻറ് സെക്രട്ടറി ദിനു ദാസ്, കൺവീനർ മെഹബൂബ്, ജോയൻറ് കൺവീനർ വിനയചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.