യാംബു: സൗദിയിൽ തണുപ്പുദിനങ്ങൾ ആരംഭിച്ചതോടെ സഞ്ചാരികൾ മരുഭൂപ്രദേശങ്ങളിൽ ഒഴുകിത്തുടങ്ങി. മരുഭൂമിയിൽ തമ്പടിക്കാനും വൈകുന്നേരങ്ങളിൽ കൂട്ടുകാരൊത്ത് സംഗമിക്കാനും സ്വദേശികളെപ്പോലെ മലയാളികളടക്കമുള്ള വിദേശികളും എത്തുന്നുണ്ട്. പരമ്പരാഗത രീതികളിലൂടെതന്നെ വിരുന്നെത്തിയ ശൈത്യകാലത്തെ ആസ്വാദ്യകരമാക്കുകയാണ് സൗദി നിവാസികൾ. തണുപ്പുകാലത്ത് മരുഭൂയാത്ര ചെയ്യുന്നവർ കൂടുതൽ ജാഗ്രത വേണമെന്ന നിർദേശം അധികൃതർ ആവർത്തിച്ച് നൽകുന്നുണ്ട്.
ആവശ്യമായ ആരോഗ്യസുരക്ഷ മുൻകരുതലുകൾ എടുക്കാനും യാത്രാമുന്നൊരുക്കങ്ങൾ പൂർത്തിയാക്കണമെന്നും മുന്നറിയിപ്പിലുണ്ട്. രാജ്യത്ത് ഡിസംബർ അവസാനത്തോടെ ആരംഭിച്ച ശൈത്യകാലം മാർച്ച് ആദ്യവാരം വരെ തുടരുമെന്നാണ് പ്രതീക്ഷ.
ജനുവരി ആദ്യ ആഴ്ചയോടെ സൗദിയിലെ സ്കൂളുകൾ ശീതകാല അവധിക്കായി അടക്കുന്നതോടെ സഞ്ചാരികളുടെ ഒഴുക്ക് മരുഭൂമിയിലെ വിനോദസഞ്ചാരമേഖലയിൽ പ്രകടമാകും. മരുഭൂമിയിൽ തമ്പടിക്കുന്നവർക്ക് സിവിൽ ഡിഫൻസ് പ്രത്യേകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാരങ്ങൾ നിർമിക്കുമ്പോൾ സുരക്ഷ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചിരിക്കണം എന്നാണ് പ്രധാന നിർദേശം. തമ്പുകൾക്കിടയിൽ 200 മീറ്റർ അകലം പാലിച്ചിരിക്കണം. കൂടാരത്തിന്റെ തുണിയിൽനിന്ന് അകലെ മാത്രമേ വിളക്കുകളും മറ്റും വെക്കാവൂ. അടുപ്പുകളും മറ്റും ടെൻറിനുള്ളിൽ കത്തിക്കരുത്. അഗ്നിശമന ഉപകരണം കൂടെ കരുതണം. ലൈറ്റുകൾ, തീ, ബാർബിക്യൂ ഉപകരണങ്ങൾ എന്നിവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം. മരുക്കാറ്റ് ഉള്ളപ്പോൾ തീ പടരാതിരിക്കാൻ കൂടുതൽ ജാഗ്രത കൈക്കൊള്ളണമെന്നും നിർദേശമുണ്ട്.
വരുംനാളുകൾ ശൈത്യം കൂടുന്നതോടെ മരുഭൂമിയിലെ വിവിധ ഇടങ്ങളിൽ ടെൻറുകൾ കെട്ടിയും മറ്റും വാരാന്ത്യ അവധികളെ ആസ്വാദ്യകരമാക്കാൻ എത്തുന്ന ധാരാളം പേരെ കാണാം. രാവുറങ്ങാതെ നാട്ടുവർത്തമാനം പറഞ്ഞും പാട്ടുപാടിയും വിവിധ വിഷയങ്ങൾ ചർച്ചചെയ്തും ചെലവഴിക്കുന്നവരുടെ സാന്നിധ്യം സീസണിലെ വേറിട്ട കാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.