റിയാദ്: സൗദി അറേബ്യയിൽ അന്താരാഷ്ട്ര വിമാന സർവിസുകൾക്കുള്ള വിലക്ക് നീങ്ങാനിരിക്കെ എല്ലാ തയാറെടുപ്പുകളും നടത്തി സൗദി എയർലൈൻസാണ് (സൗദിയ) സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി സഹകരിച്ച് സർവിസിനുള്ള നടപടിക്രമങ്ങൾ ഒാരോന്നായി പൂർത്തിയാക്കുന്നത്. നിലവിൽ യാത്രവിലക്കുള്ള രാജ്യങ്ങളിലേക്ക് സർവിസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഇന്ത്യയിൽ നിന്നുള്ള സർവിസ് സംബന്ധിച്ച് മാർച്ചിന് ഉടൻ അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് റിയാദിലെ ഇന്ത്യൻ എംബസി. കോവിഡ് സാഹചര്യത്തിൽ ഏർപ്പെടുത്തിയ യാത്രനിയന്ത്രണം പൂർണമായി നീക്കുന്നത് മാർച്ച് 31നാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. അതിെൻറ ചുവടുപിടിച്ചാണ് സൗദി ദേശീയ വിമാനക്കമ്പനികൾ തയാറെടുപ്പ് നടത്തുന്നത്.
നിലവിൽ വിവിധ രാജ്യങ്ങളുമായി എയർബബ്ൾ കരാർ അടിസ്ഥാനത്തിലാണ് സൗദിയിലേക്കും തിരിച്ചും വിമാന സർവിസുകൾ നടക്കുന്നത്. അത് വളരെ പരിമിതമായ എണ്ണത്തിലാണ്. യാത്രനിയന്ത്രണം പൂർണമായും നീക്കുന്ന ദിവസംതന്നെ മുഴുവൻ സർവിസുകളും പുനഃസ്ഥാപിക്കും വിധമാണ് സൗദി എയർലൈൻസിെൻറ തയാറെടുപ്പ്. സർവിസ് ഷെഡ്യൂളുകളും ടിക്കറ്റിങ് സംബന്ധിച്ചുള്ള വിവരങ്ങളും തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലും വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുമെന്ന് സൗദിയ അധികൃതർ അറിയിച്ചു.
സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി എകോപിച്ചാണ് ഷെഡ്യൂൾ നിശ്ചയിക്കുക. കോവിഡ് കേസുകൾ പെരുകിയ ചില രാജ്യങ്ങളിലേക്ക് യാത്രനിരോധനം നിലവിലുണ്ട്. ഇവിടങ്ങളിലേക്കുള്ള സർവിസ് സംബന്ധിച്ച തീരുമാനം ആരോഗ്യ മന്ത്രാലയവും സിവിൽ ഏവിയേഷൻ അതോറിറ്റിയും ആലോചിച്ചും സ്ഥിതി പരിശോധിച്ചുമാണ് എടുക്കുക. യാത്രവിലക്ക് പട്ടികയിലുള്ള രാജ്യങ്ങളിലേക്ക് മാർച്ച് 31നുശേഷവും വിലക്ക് പ്രഖ്യാപിക്കുമോ എന്നതും നിർണായകമാണ്.
ഇന്ത്യയിലേക്കുള്ള യാത്രവിലക്ക് നീക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യൻ അംബാസഡർ സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽറബീഅയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സൗദിയിലേക്കുള്ള പ്രവാസികളുടെ വിമാനയാത്രക്ക് അനുമതിവേണമെന്ന ആവശ്യത്തിൽ സൗദി ആരോഗ്യ മന്ത്രാലയത്തിെൻറ തീരുമാനം കാത്തിരിക്കുകയാണ് എംബസി. അനുകൂല തീരുമാനമുണ്ടായാൽ മാർച്ചിനുമുന്നേ ഇന്ത്യയിലേക്ക് സർവിസുകളുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.