ഉംറ തീർഥാടനം: കൂടുതലാളുകൾക്ക്​ അവസരമൊരുക്കുന്ന പദ്ധതി പുരോഗമിക്കുന്നു -മന്ത്രാലയം

ജിദ്ദ: കൂടുതൽ ആളുകൾക്ക്​ ഉംറ നിർവഹിക്കാൻ കഴിയുന്ന പദ്ധതികളാണ്​ ഹജ്ജ്​, ഉംറ മന്ത്രാലയം നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന്​ സഹമന്ത്രി ഡോ. അബ്​ദുൽ ഫത്താഹ്​ ബിൻ സുലൈമാൻ മുശാത്ത്​ പറഞ്ഞു. പഠനവിധേയമാക്കിയ പദ്ധതികൾക്കനുസരിച്ചാണ്​ മന്ത്രാലയം പ്രവർത്തിക്കുന്നത്​. തീർഥാടകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും അവരുടെ അഭിലാഷങ്ങളുടെ സാഫല്യത്തിനും ആവശ്യമായ എല്ലാ കാര്യങ്ങളും ഒരുക്കുകയാണെന്നും അതിനായി കൂടുതൽ പ്രവർത്തനങ്ങൾ നടത്തിവരുകയാണെന്നും മന്ത്രി വ്യക്തമാക്കി​. വിവരസാങ്കേതികവിദ്യയിലും ഇലക്‌ട്രോണിക് ഇടപാടുകളുടെ മേഖലയിലും അതിന്റെ ഉപയോഗത്തിലും ഹജ്ജ്,​ ഉംറ മന്ത്രാലയം വലിയ കുതിച്ചുചാട്ടം നടത്തി. തീർഥാടകരെ സേവിക്കുന്ന വിവിധ വകുപ്പുകളുമായി ചേർന്ന് ഏറ്റവും വലിയ ഇലക്ട്രോണിക് ലിങ്ക് പദ്ധതി ആരംഭിക്കുന്നതിൽ മന്ത്രാലയം വിജയിച്ചതായും മന്ത്രി പറഞ്ഞു. വിഷൻ 2030 പദ്ധതികളെ ശക്തിപ്പെടുത്താനും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പിന്തുണക്കാനും ആവശ്യമായ പ്രവർത്തനങ്ങളാണ് മന്ത്രാലയം നടപ്പാക്കുന്നത്.

കുറഞ്ഞ കാലയളവുള്ള ഒരു സീസണിൽനിന്ന്​ വർഷം മുഴുവനുമുള്ള സീസണായി ഉംറ തീർഥാടകകാലത്തെ മാറ്റാൻ സാധിച്ചിട്ടുണ്ട്​. സ്വദേശത്തുനിന്നും വിദേശത്തുനിന്നും ഉംറ നിർവഹിക്കാൻ വരുന്ന തീർഥാടകർക്ക് ആവശ്യമായ സേവനം നൽകുന്നതിന് ഉയർന്ന നിലവാരത്തിലുള്ള സാങ്കേതികവിദ്യ ഒരുക്കുന്നതിൽ ഊന്നൽ നൽകി. സാങ്കേതികവിദ്യയെ അതിന്റെ വിവിധ പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്തുന്നതിലും മന്ത്രാലയം അന്നും ഇന്നും മുൻപന്തിയിലാണെന്നും മന്ത്രി പറഞ്ഞു.

മന്ത്രാലയത്തിന്റെ തന്ത്രപരമായ ലക്ഷ്യങ്ങളുടെയും പഠനപദ്ധതികളുടെയും ചട്ടക്കൂടിനുള്ളിൽ സേവനങ്ങൾ നൽകാൻ മത്സരിക്കുകയാണ്​.

ബിസിനസ്​, ടെക്​നിക്കൽ പ്രോജക്​ടുകൾ നിരന്തരം അപ്‌ഡേറ്റ് ചെയ്യുന്നു. ഹജ്ജ്, ഉംറ മേഖലയിൽ വിഷൻ 2030ന്റെ അഭിലാഷങ്ങൾ നേടിയെടുക്കാൻ മന്ത്രാലയം ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. ഹജ്ജ്,​ ഉംറ മേഖലക്ക്​ സവിശേഷവും വ്യത്യസ്​തവുമായ ഗുണങ്ങളുണ്ട്​. ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള മേഖലകളിലൊന്നാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

Tags:    
News Summary - Umrah Pilgrimage: The project is in progress to provide opportunities to more people -Ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.