ജുബൈൽ: ഈ വർഷത്തെ മികച്ച പഠനനഗരങ്ങൾക്കുള്ള (ലേണിങ് സിറ്റി) യുനെസ്കോ അന്താരാഷ്ട്ര അവാർഡ് ജുബൈൽ വ്യവസായികനഗരം നേടി. ലേണിങ് സിറ്റികൾക്കായുള്ള യുനെസ്കോ ഗ്ലോബൽ നെറ്റ്വർക്കാണ് അവാർഡ് പ്രഖ്യാപിച്ചത്. എല്ലാവർക്കും വിദ്യാഭ്യാസവും ആജീവനാന്ത പഠനാവസരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിൽ വലിയ പുരോഗതി കൈവരിക്കുകയും മികച്ച രീതികൾ അവലംബിക്കുകയും ചെയ്തതിനാണ് ജുബൈൽ വ്യവസായികനഗരത്തിന് യുെനസ്കോ പുരസ്കാരം. ഒക്ടോബർ 27 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ദക്ഷിണ കൊറിയയിലെ യോൻസുവിൽ നടന്ന പഠനനഗരങ്ങളെക്കുറിച്ച അഞ്ചാമത് അന്താരാഷ്ട്ര സമ്മേളനത്തിലാണ് ജുബൈൽ വ്യവസായിക നഗരത്തിന് അവാർഡ് പ്രഖ്യാപിച്ചത്.
ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റി ഫോർ ലേണിങ് പ്രതിനിധിയും ജുബൈൽ റോയൽ കമീഷൻ സി.ഇ.ഒയുമായ ഡോ. അഹമ്മദ് ബിൻ സൈദ് ആലു ഹുസൈൻ അവാർഡ് ഏറ്റുവാങ്ങി. ജുബൈൽ വ്യവസായികനഗരം പ്രതിനിധാനംചെയ്യുന്ന സൗദി അറേബ്യ എന്ന മാതൃരാജ്യത്തിെൻറ പേരിൽ ഈ ആഗോള ഫോറത്തിൽ നിൽക്കാൻ കഴിയുന്നത് തനിക്ക് വലിയ ബഹുമാനവും സന്തോഷവും നൽകുന്നുവെന്ന് ജുബൈൽ റോയൽ കമീഷൻ സി.ഇ.ഒ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ വ്യവസായിക നഗരമാണ് ജുബൈൽ. ഇതോടൊപ്പം പഠനവ്യവസായത്തിൽ മികച്ച സ്ഥാനം കൈവരിക്കാനും പഠന സമ്പദ്വ്യവസ്ഥയുടെ പരിവർത്തനത്തിന് സംഭാവന നൽകാനും ആരോഗ്യകരമായ അന്തരീക്ഷത്തിൽ സംരംഭകരെ ശാക്തീകരിക്കാനും കഠിനമായി പരിശ്രമിക്കുന്നുവെന്നും സി.ഇ.ഒ പറഞ്ഞു. 2020 സെപ്റ്റംബർ 21നാണ് ജുബൈൽ വ്യവസായിക നഗരം യുനെസ്കോ ഗ്ലോബൽ ലേണിങ് സിറ്റി നെറ്റ്വർക്കിൽ ചേർന്നത്. ഏകദേശം ഒരു വർഷത്തിനുശേഷമാണ് ഇൗ ആഗോള നേട്ടം കൈവരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.