റിയാദ്: മമ്മുട്ടിക്കെതിരെ ഉയർത്തിക്കൊണ്ടുവന്ന പുതിയ വിവാദം പാഴ്വേലയാണെന്നും ആര് കുലുക്കിയാലും കുലുങ്ങാത്ത വന്മരമാണ് മമ്മുട്ടിയെന്നും സംഗീത സംവിധായകനും ഗായകനുമായ ഉണ്ണി മേനോൻ പറഞ്ഞു. കലയോട് പ്രതിജ്ഞാബന്ധനായ ഏതൊരാളുടെയും ആത്മവിശ്വസമാണ് മമ്മുട്ടിക്കുമുള്ളത്. അതുകൊണ്ടാണ് ഇത്തരം കാമ്പില്ലാത്ത വിവാദങ്ങൾ പുകയുമ്പോഴും മമ്മൂട്ടി പ്രതികരിക്കാതെ അവഗണിക്കുന്നത്. സിനിമക്കു പുറത്തുനിന്ന് സിനിമയിലേക്ക് രാഷ്ട്രീയ ലക്ഷ്യത്തോടെ ഇടപെടുന്നവരാണ് ഇത്തരം വിവാദങ്ങളുടെ നിർമ്മാതാക്കൾ. അനാരോഗ്യകരമായ ഇതുപോലുള്ള വിവാദങ്ങൾ പെരുകിവരുന്നത് സമൂഹത്തിലാകെ വിപത്തുണ്ടാക്കാനേ ഉപകരിക്കൂയെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അനാവശ്യ വിവാദങ്ങളുടെ പ്രചാരകരാകാതെ മാറി നിൽക്കുകയാണ് പ്രബുദ്ധരായവർ ചെയ്യേണ്ടത്. കലക്കും കലാകാരനും ജാതിയും മതവും ദേശവുമൊന്നുമില്ല പ്രേക്ഷകർക്കും അങ്ങിനെതന്നെ. ആസ്വാദകർ എന്നും ഒറ്റ ശരീരമാണ്. അവിടെ മറ്റെല്ലാം അപ്രസക്തമാണ്. ആത്മീയ ഗാനങ്ങൾ പാടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താൽ താഴെ സംഘിയെന്ന കമന്റ് എറിയുന്നവരെ കാണാറുണ്ട്. അവരോടൊന്നും മറുപടിയില്ല. അവിടെ ചിലവിടാൻ വെറുതെയുള്ള സമയവുമില്ല.
റിയാദ് ഇന്ത്യൻ മ്യുസിക് ലവേഴ്സ് അസോസിയേഷൻ (റിംല) സംഘടിപ്പിച്ച 'പുതു വെള്ളൈ മഴൈ' എന്ന പരിപാടിയിൽ മുഖ്യാതിഥിയായെത്തിയ ഉണ്ണി മേനോൻ 'ഗൾഫ് മാധ്യമ'ത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ലൈവ് വേദിയിൽ പാടുന്നതാണ് ഏറ്റവും പ്രിയം. ഗൾഫിലെ വേദികളിൽ പാടുമ്പോൾ പ്രത്യേക വൈബാണ്. ഇഷ്ടപ്പെട്ട പാട്ടുകൾ പാടുമ്പോൾ വൈകാരികമായി നെഞ്ചിലേറ്റി മറിയില്ലാതെ ആസ്വാദിക്കുന്ന കാഴ്ചയാണ് ഗൾഫ് സദസ്സുകളിലെ പ്രത്യേകത. ചില പാട്ടുകൾ അവരുടെ ഗൃഹാതുരത്വത്തെ ഉണർത്തും അതവരുടെ ശരീര ഭാഷയിൽ പ്രകടമാകും അവിടെ പച്ചയായ ആസ്വാദകൻ പിറക്കും. ആ കാഴ്ചകണ്ടു പാടുന്നതിന് കലാകാരന്റെ ഊർജം വേറെയാണ്. ശ്രീലങ്കയിലെ ആസ്വാദകരും ഇപ്രകരം മറയില്ലാതെ ആസ്വാദനം പ്രകടിപ്പിക്കുന്നവരാണ്.
ലോകമാകെയുള്ള ഇത്തരം പ്രേക്ഷകരുടെ കൈയടിയാണ് കലകാരനുള്ള അവാർഡ്. അവർക്കുവേണ്ടിയാണ് പാടുന്നത്. രണ്ട് തവണ തമിഴ്നാട് സംസ്ഥാന അവാർഡ് നൽകി ആദരിച്ചു കേരളത്തിൽനിന്ന് അർഹമായ അംഗീകാരം കിട്ടാതെ പോയിട്ടുണ്ടോ എന്ന ചോദ്യത്തിന് 'അതിന് ഞാൻ അർഹാനാകില്ല എന്നാണ് കരുതുന്നത്' എന്നദ്ദേഹം മറുപടി പറഞ്ഞു. അവാർഡിന് വേണ്ടിയോ ജ്യുറിക്കുവേണ്ടിയോ പാട്ട് പാടാറില്ല. അവാർഡ് കമ്മറ്റിയിലൊക്കെ ലോബിയിങ് ഉണ്ടെന്ന് ആർക്കാണ് അറിയാത്തത്. നേരായ വഴിയിലൂടെയല്ലാതെ അവാർഡുകൾ നേടിയാൽ അവാർഡായി തരുന്ന ഫലകം വീട്ടിലെ ഷെൽഫിൽ കാണുമ്പോഴെല്ലാം കുറ്റബോധമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട് സർക്കാറിന്റെ അവാർഡ് അവർ പ്രഖ്യാപിക്കുമ്പോഴാണ് അറിയുന്നത്. അങ്ങനെ കിട്ടുമ്പോഴുള്ള സന്തോഷം ലോബിയിങ് വഴി നേടുമ്പോൾ കിട്ടില്ലെന്നും ഉണ്ണി മേനോൻ പറഞ്ഞു. പാട്ടിന്റെ ആസ്വാദന രീതി മാറിയോ എന്ന ചോദ്യത്തിന് ആസ്വാദന രീതിയിൽ നമ്മൾ ഇടപെട്ടതാണോ എന്ന് സംശയിക്കുകയാണ്. നിരന്തരം വാണിജ്യ താല്പര്യത്തിലുള്ള ഫാസ്റ്റ് ഹിറ്റ് പാട്ടുകൾ നൽകുമ്പോൾ അത് ആസ്വദിക്കേണ്ടിവരുകയാണ്. അതുകൊണ്ട് ആസ്വാദന രീതി മാറിയെന്ന് പറയാനാകില്ല. അതെസമയം മറ്റെല്ലാ മേഖലയും പോലെ കലാകാരന്മാർക്കും നിരന്തരമായ നവീകരണം ആവശ്യമാണ്. എൺപതുകളിൽ മമ്മുട്ടിക്കും മോഹൻലാലിനും വേണ്ടി പാടിയിട്ടുണ്ട്. 2022 ഭീഷ്മപർവ്വത്തിൽ പാടിയപ്പോൾ ഇന്നത്തെ യൂത്ത് പാട്ടിനെ സ്വീകരിച്ചത് സ്വയം നവീകരിക്കാൻ നടത്തിയ ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.