ദമ്മാം: സമുദായ ധ്രുവീകരണവും ഫാഷിസവും കുത്തഴിഞ്ഞ ജീവിതരീതിയും ലഹരിമരുന്ന് വ്യാപനവും കേരളീയ സമുഹം ഭീതിജനകമായ അന്തരിക്ഷത്തിലാണെന്നും ഇതിന് പ്രതിരോധ മാതൃകകൾ സൃഷ്ടിക്കേണ്ടതുണ്ടെന്നും ദമ്മാം സൗഹൃദ വേദി സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു.
സംസ്കാരിക കേരള പൈതൃകത്തിന് അടിത്തറ പാകിയതിൽ ബാഫഖി തങ്ങളുടെ പൊതു, മത, രാഷ്ട്രീയപ്രവവർത്തന രീതി വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും ഇക്കാലത്തും അത് മാതൃകയാക്കാവുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു. അൽ അബിർ ഓഡിറ്റോറിയത്തിലാണ് ‘കേരള പൈതൃകം വർഗീയത പ്രതിരോധ സാധ്യതകൾ’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചത്.
സമസ്ത സ്ഥാപകൻ വരക്കൽ മുല്ലക്കോയ തങ്ങളെയും കെ.എം. മൗലവിയെയും ഡോ. ഗഫൂറിനെയും പ്രാസ്ഥാനികമായി അവരുടെ വിദ്യാഭ്യാസ സംരംഭങ്ങൾക്ക് പിന്തുണയും സഹായവും ബാഫഖി തങ്ങൾ നൽകിയിട്ടുണ്ട്.
വർഗീയ ചിന്താഗതി മുളയിലേ പ്രതിരോധിക്കാൻ വർഗീയ വിഭാഗീയതക്ക് തുടക്കം കുറിച്ച നടുവട്ടം, ചാവക്കാട്-പയ്യോളി കലാപങ്ങളെ തുടക്കത്തിൽ തന്നെ മുറിച്ചുമാറ്റിയ ‘മാതൃക ബാഫഖി തങ്ങളും ആർ. ശങ്കറും പട്ടവും കേളപ്പനും കാണിച്ച് തന്ന പൈതൃകം ഇന്നും മാതൃകയാണ്.
ബാഫഖി തങ്ങളുടെ വ്യക്തി വിശുദ്ധിയുള്ള തനിമയാർന്ന രാഷ്ട്രീയ, മത പ്രവർത്തനങ്ങൾ പുതിയ തലമുറ പഠന വിധേയമാക്കേണ്ടതുണ്ടെന്നും സ്കൂൾ തലം മുതൽ ഇത്തരം മാതൃകായോഗ്യരുടെ ചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു.
ഡോ. ഖാസിമുൽ ഖാസിമി സെമിനാർ ഉദ്ഘാടനം ചെയ്തു. മജിദ് കൊടുവള്ളി അധ്യക്ഷത വഹിച്ചു. അമീറലി കൊയിലാണ്ടി അബ്ദുൽ മജീദ് ചുങ്കത്തറ, മുജീബ് കൊയിലാണ്ടി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഫൈസൽ ഇരിക്കൂർ സ്വാഗതവും ശരീഫ് പാറപ്പുറത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.