ദമ്മാം: തിരുവനന്തപുരം വിമാനത്താവളത്തിൽ യൂസർ ഡെവലപ്മെൻറ് ഫീ ഇനത്തിൽ വൻ വർധന വരുത്തിയ നടപടി പിൻവലിക്കണമെന്ന് നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. ജൂലൈ മുതൽ തിരുവനന്തപുരത്തുനിന്നുള്ള ആഭ്യന്തര യാത്രക്കാർക്കാണ് 506 രൂപയുടെ യൂസേഴ്സ് ഫീയാണ് 770 രൂപയായി ഉയർത്തിയിരിക്കുന്നത്. വിദേശയാത്രികർക്കുള്ള യൂസേഴ്സ് ഫീ 1,069 രൂപയിൽനിന്ന് 1,540 രൂപയായി ഉയർത്തിയിട്ടുണ്ട്. അടുത്ത വർഷങ്ങളിലും യൂസേഴ്സ് ഫീ കുത്തനെ ഉയരും. മലയാളി പ്രവാസികൾക്ക് വൻതിരിച്ചടിയാണ് യൂസേഴ്സ് ഫീ വർധിപ്പിക്കാനുള്ള ഈ തീരുമാനം. ഇതോടെ വിമാനടിക്കറ്റുകൾക്ക് വില വർധിക്കുകയും തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നുള്ള യാത്രകൾക്ക് ചെലവേറുകയും ചെയ്യും.
സീസൺ സമയത്ത് വിമാനടിക്കറ്റ് നിരക്ക് തോന്നുന്ന പോലെ ഉയർത്തി വിമാനക്കമ്പനികൾ പ്രവാസികളെ ചൂഷണം ചെയ്യുന്നതിന് പുറമെയാണ് ഈ ഭാരവും പ്രവാസികളുടെ മേൽ വരുന്നത്. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിച്ചു അദാനി ഗ്രൂപ്പിന് വിറ്റതിനുശേഷം, യാത്രക്കാരെ പിഴിഞ്ഞ് കാശുണ്ടാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ലെങ്കിലും പാർക്കിങ് ഫീ മുതൽ യൂസേഴ്സ് ഫീ വരെ പല സമയങ്ങളിലായി വർധിപ്പിച്ചിട്ടുണ്ട്. അദാനി ഗ്രൂപ് ഇങ്ങനെ യാത്രക്കാരെ പിഴിയുന്നതിന് മോദി സർക്കാർ എല്ലാ പിന്തുണയും നൽകുന്നുണ്ട്. അദാനി ഗ്രൂപ്പിന്റെ ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവും പ്രക്ഷോഭവും പ്രവാസ ലോകത്തുനിന്നും ഉയരേണ്ടത് വളരെ അത്യാവശ്യമാണെന്ന് നവയുഗം കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.