റിയാദ്: യാത്രക്കാരുടെ അവകാശങ്ങൾ ലംഘിച്ചതിന് വിവിധ വിമാനക്കമ്പനികൾക്ക് സൗദി സവിൽ ഏയിയേഷൻ ജനറൽ അതോറിറ്റി വമ്പൻ പിഴ ചുമത്തി. സിവിൽ ഏവിയേഷൻ നിയമം, എക്സിക്യുട്ടിവ് ചട്ടങ്ങൾ, അതത് സമയങ്ങളിൽ അതോറിറ്റി പുറപ്പെടുവിച്ച നിർദേശങ്ങൾ എന്നിവ ലംഘിച്ച കമ്പനികൾക്കും വ്യക്തികൾക്കുമെതിരെ മൊത്തം 87 ലക്ഷം റിയാലിന്റെ പിഴയാണ് ചുമത്തിയത്.
ഈ വർഷം മൂന്നാം പാദത്തിലെ കണക്കാണ് അതോറിറ്റി പുറത്തുവിട്ടത്. വ്യോമയാന നിയമത്തിലെ വിവിധ വ്യവസ്ഥകളുടെ ലംഘനങ്ങൾ പരിശോധിച്ച് ബന്ധപ്പെട്ട സമിതിയെടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അതോറിറ്റി വിശദീകരിച്ചു.
ആകെ 197 നിയമലംഘനങ്ങളിലാണ് നടപടിയുണ്ടായത്. യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായി വിമാനക്കമ്പനികൾക്കെതിരെ 177 കുറ്റങ്ങളാണ് കണ്ടെത്തിയത്.
ഇതിന് ആകെ 85 ലക്ഷം റിയാൽ പിഴ ചുമത്തി. കൂടാതെ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നിർദേശങ്ങൾ പാലിക്കാത്തതായി വിമാനക്കമ്പനികൾക്കെതിരെ നാല് കുറ്റങ്ങളും കണ്ടെത്തി. ഇതിന് 1,50,000 റിയാൽ പിഴയും ചുമത്തി. ലൈസൻസുള്ള കമ്പനികൾ അതോറിറ്റിയുടെ നിർദേശങ്ങളും സിവിൽ ഏവിയേഷൻ നിയമങ്ങളും പാലിക്കാത്തതിന് മൂന്ന് നിയമലംഘനങ്ങൾ കണ്ടെത്തി.
അവർക്ക് 60,000 റിയാലും പിഴ ചുമത്തി. സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ നിന്ന് പെർമിറ്റ് ലഭിക്കാതെ ഡ്രോണുകൾ ഉപയോഗിച്ച നാല് വ്യക്തികൾക്ക് 25,000 റിയാലിന്റെ പിഴയും ശിക്ഷിച്ചു. വിമാനവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട ഒമ്പത് നിയമലംഘനങ്ങളും വേറെയും കണ്ടെത്തിയിട്ടുണ്ട്. അതിന് മൊത്തം 3,100 റിയാലിെൻറ പിഴ ചുമത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.