റിയാദ്: ഗാർഹിക തൊഴിലാളികളുടെ സേവനവേതന വ്യവസ്ഥകളുടെ ലംഘനത്തിന് തൊഴിലുടമകൾക്കും റിക്രൂട്ട്മെൻറ് ഏജൻസികൾക്കുമെതിരെ നടപടി. നിയമലംഘനം നടത്തിയെന്ന് കണ്ടെത്തി 222 തൊഴിലുടമകൾക്ക് സാമ്പത്തിക പിഴയാണ് ചുമത്തിയത്. 36 റിക്രൂട്ട്മെൻറ് ഏജൻസികളുടെ ലൈസൻസ് താൽകാലികമായി റദ്ദാക്കിയതായും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
വീട്ടുജോലിക്കാരെ മറ്റ് തൊഴിലുടമകൾക്ക് അനധികൃതമായി വിട്ടുകൊടുക്കുക, സ്വയംതൊഴിൽ നടത്താൻ അനുവദിക്കുക, കരാറിൽ പറയാത്ത ജോലികൾ എടുപ്പിക്കുക എന്നിവയാണ് തൊഴിലുടമകൾക്കെതിരെ കണ്ടെത്തിയ കുറ്റങ്ങൾ.
25 റിക്രൂട്ട്മെൻറ് ഓഫിസുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനാണ് മന്ത്രാലയം തീരുമാനമെടുത്തിട്ടുള്ളത്. റിക്രൂട്ട്മെൻറ് പ്രാക്ടിസ് നിയമങ്ങളും തൊഴിൽ സേവനങ്ങൾ നൽകാനുള്ള നിയമങ്ങളും പാലിക്കുന്നതിൽ പരാജയപ്പെട്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഉപഭോക്താക്കൾക്ക് പണം റീഫണ്ട് ചെയ്യുന്നതിലെ വീഴ്ച, തങ്ങളുടെ കക്ഷികളായ തൊഴിലുടമകളുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികൾ പരിഹരിക്കുന്നതിൽ പരാജയം എന്നിവയാണ് ഈ ഏജൻസികൾക്കെതിരെ നടപടിയെടുക്കാൻ കാരണങ്ങൾ. 11 റിക്രൂട്ട്മെൻറ് ഓഫിസുകളുടെ ലൈസൻസ് പൂർണമായും പിൻവലിക്കാനാണ് മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്.
റിക്രൂട്ട്മെന്റ് നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കാത്തതിനും ഇവ പാലിക്കാൻ ഏറ്റവും കുറഞ്ഞ സൗകര്യങ്ങൾ ഒരുക്കാൻപോലും കഴിയാത്തതിനുമാണ് നടപടി. റിക്രൂട്ട്മെൻറ് മേഖലയുടെ തുടർച്ചയായ മേൽനോട്ടത്തിന്റെയും തുടർനടപടികളുടെയും ശ്രമങ്ങൾക്കിടയിലാണ് ഈ നടപടികൾ ഉണ്ടായതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.