ദമ്മാം: ചെമ്മീൻ വല ഉപയോഗിച്ച് ചെറിയ ഇനം മത്സ്യങ്ങളെ, പ്രത്യേകിച്ച് 'സ്വീഫി' മത്സ്യങ്ങളെ പിടിക്കരുതെന്ന് സൗദി കിഴക്കൻ പ്രവിശ്യയിലെ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പ് നൽകി. നിരവധി പ്രധാന മത്സ്യയിനങ്ങളുടെ പ്രജനന കാലയളവ് കണക്കിലെടുത്താണ് ഈ നിർദേശം. അടുത്ത ആറ് മാസത്തേക്കുകൂടി തുടരുമെന്നും ഈ കാലയളവിൽ മത്സ്യബന്ധനം നിയമവിരുദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇക്കാലയളവിലെ മത്സ്യബന്ധനം കടലിലെ മത്സ്യസമ്പത്തിന്റെ ഉന്മൂലനത്തിന് ഇടയാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ശാസ്ത്രീയ പഠനങ്ങളൂടെ അടിസ്ഥാനത്തിൽ ട്രോളിങ് നിരോധനം എല്ലാവർഷവും നടപ്പാക്കിവരുന്നു. രാജ്യത്തിന്റെ ജലാശയങ്ങളിലെ മത്സ്യസമ്പത്ത് സംരക്ഷിക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയത്തിന്റെ മേഖലയിലെ ആക്ടിങ് ഡയറക്ടർ ജനറൽ മുബാറക് അൽ-അരിദി പറഞ്ഞു. ഇത്തരം മുൻകരുതലുകൾ കടലിലെ പ്രകൃതിദത്തമായ മത്സ്യ സമ്പത്തിനെ ചൂഷണം ചെയ്യുന്നത് തടയുകയും സുസ്ഥിരമായ തീരദേശ സമൂഹങ്ങളുടെ ഉപജീവനത്തെ പിന്തുണക്കുന്ന ദീർഘകാല വികസനത്തിന്റെ വഴിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിർദേശം ശക്തമായി നടപ്പാക്കുന്നതിനുള്ള പ്രത്യേക പരിശോധന സംഘങ്ങളേയും നിശ്ചയിച്ചിട്ടുണ്ട്.
വടക്ക് ഖഫ്ജി മുതൽ സൽവവരെ നീളുന്ന കടലിൽ സംഘം റോന്ത് ചുറ്റും. നിയമം ലംഘിക്കുന്ന മത്സ്യത്തൊഴിലാളികളെ പിടികൂടുന്നതിനു മുമ്പ് ഒരു തവണ അവർക്ക് ഇതു സംബന്ധിച്ച് അവബോധം നൽകും. മത്സ്യമേഖലയിലെ വിദഗ്ധർ അവർക്ക് ഇതിന്റെ പ്രയോജനങ്ങളെക്കുറിച്ച് വിശദീകരിക്കും. ഇത്തരം കാത്തിരുപ്പുകൾ സമൃദ്ധമായ ഒരു കാലത്തിനുള്ള മുന്നൊരുക്കമാണെന്ന് തൊഴിലാളികളെ ബോധ്യപ്പെടുത്തും. മത്സ്യത്തൊഴിലാളികളും പ്രാദേശിക അധികാരികളും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി മത്സ്യബന്ധന നിയമലംഘനങ്ങൾ ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.