റിയാദ്: റമദാനിൽ തീൻമേശകളെ അലങ്കരിക്കുന്ന തണ്ണിമത്തന്റെ ഉൽപാദനത്തിൽ സൗദി അറേബ്യയിൽ വൻ കുതിപ്പ്. പ്രാദേശികമായി വാർഷികോൽപാദനം 6,13,000 ടൺ കവിഞ്ഞതായി പരിസ്ഥിതി- ജലം- കൃഷി മന്ത്രാലയം വ്യക്തമാക്കി. ഇത് ദേശീയ ഉൽപാദനത്തിന്റെ സമൃദ്ധിയും പ്രാദേശിക വിപണികളുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള അതിന്റെ കഴിവും പ്രതിഫലിപ്പിക്കുന്നു.
തണ്ണീർമത്തനിൽ സൗദി 98 ശതമാനം വരെ സ്വയംപര്യാപ്തത കൈവരിച്ചുവെന്നും മന്ത്രാലയം പറഞ്ഞു. പ്രാദേശിക ഉൽപാദനം വർധിപ്പിക്കുന്നതിനും ഏറ്റവും പുതിയ കാർഷിക സാങ്കേതികവിദ്യകൾ പ്രയോഗിക്കുന്നതിനും ഉൽപാദനപ്രക്രിയയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളെ ഇത് പ്രതിഫലിപ്പിക്കുന്നു. ഇത് ലോകമെമ്പാടുമുള്ള ഭക്ഷ്യസുരക്ഷയുടെ പ്രധാന പിന്തുണക്കാരൻ എന്ന നിലയിൽ സൗദി അറേബ്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നുവെന്നും മന്ത്രാലയം വിശദീകരിച്ചു.
വൈവിധ്യങ്ങളുടെ വൈവിധ്യവും ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഉയർന്ന നിലവാരവുമാണ് പ്രാദേശിക തണ്ണിമത്തനെ വ്യത്യസ്തമാക്കുന്നത്. അതിൽ വ്യത്യസ്തങ്ങളായ ചുവന്ന തണ്ണിമത്തൻ, റിച്ച് തണ്ണിമത്തൻ, ഗ്രേ റെഡ്, കടുംചുവപ്പ് എന്നിവ ഉൾപ്പെടുന്നു. ഈ വൈവിധ്യം ഉൽപാദന വ്യവസായങ്ങളെ ശക്തിപ്പെടുത്തുന്നതിനും പ്രകൃതിദത്ത ജ്യൂസുകളുടെയും വിവിധ ഭക്ഷ്യ ഉൽപന്നങ്ങളുടെയും ഉൽപാദനത്തിൽ ഉപയോഗിക്കുന്നതിന് സഹായിക്കുന്നു. ‘വിഷൻ 2030’ അനുസൃതമായി പ്രാദേശിക സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് ഇത് സംഭാവന ചെയ്യുന്നുവെന്നും മന്ത്രാലയം പറഞ്ഞു.
പുണ്യമാസത്തിൽ പ്രാദേശിക തണ്ണിമത്തൻ തെരഞ്ഞെടുക്കാൻ എല്ലാ ഉപഭോക്താക്കളോടും മന്ത്രാലയം ആഹ്വാനം ചെയ്തു. വെള്ളവും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമായ അതിന്റെ ഉയർന്ന ഗുണമേന്മയുള്ളതും പോഷകമൂല്യവും പ്രയോജനപ്പെടുത്തണം. ഇത് ശരീരത്തിന് ജലാംശം നൽകാനും ഉപവാസ സമയത്ത് നഷ്ടപ്പെടുന്ന ദ്രാവകങ്ങൾ മാറ്റിസ്ഥാപിക്കാനും സഹായിക്കുന്നു.
പ്രാദേശിക ഉൽപന്നങ്ങളെ പിന്തുണക്കുന്നത് ദേശീയ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും ‘വിഷൻ 2030’ അനുസരിച്ച് സുസ്ഥിര ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഭാവന നൽകുമെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.
അതോടൊപ്പം തണ്ണിമത്തൻ പോലുള്ള സീസണൽ പഴങ്ങൾ റമദാൻ തീൻമേശയുടെ ഒരു ഭാഗം മാത്രമല്ല, മറിച്ച് ഉൽപാദനത്തിന്റെ ഗുണനിലവാരവും പ്രാദേശിക കർഷകരുടെ കാര്യക്ഷമതയും പ്രതിഫലിപ്പിക്കുന്ന രാജ്യത്തിന്റെ കാർഷിക പൈതൃകത്തെ പ്രതിനിധീകരിക്കുന്നത് കൂടിയാണ്. ഉൽപാദന സമൃദ്ധിയിൽനിന്ന് പ്രയോജനം നേടുന്നതിനും ഭക്ഷണം പാഴാക്കുന്നത് കുറക്കുന്നതിനും ഇടയിൽ സന്തുലിതാവസ്ഥ കൈവരിക്കുന്നതിന് ബോധപൂർവമായ ഉപഭോക്തൃ പെരുമാറ്റം സ്വീകരിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.