ഇഫ്താർ സംഗമത്തിൽ നാഷനൽ കമ്മിറ്റി അംഗം ഉമർ പാലോട് സംസാരിക്കുന്നു
ജിദ്ദ: സാഹോദര്യ സന്ദേശം വിളിച്ചോതി ജിദ്ദയിൽ പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി. ഫൈസലിയ ഹോപ്പ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ജിദ്ദയിലെ സാമൂഹിക, രാഷ്ട്രീയ, മത, സംഘടനാ നേതാക്കളടക്കം ആയിരത്തിലേറെ പേർ സംബന്ധിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന ആരാധനാ സ്വാതന്ത്ര്യത്തെ ടാർപോളിൻ കൊണ്ട് മറച്ചു,
വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാൻ ആസൂത്രിത ശ്രമങ്ങൾ നടക്കുമ്പോൾ ഇങ്ങനെ കൂടിയിരിക്കുന്നതുതന്നെ മഹത്തായ സന്ദേശമാണെന്ന് റമദാൻ സന്ദേശത്തിൽ നാഷനൽ കമ്മിറ്റിയംഗം ഉമർ പാലോട് പറഞ്ഞു. ഒരു തലമുറയെ തന്നെ നിത്യമയക്കത്തിലേക്ക് തള്ളിവിടുന്ന ലഹരിക്കെതിരെ സർക്കാർ നടത്തുന്നത് നിഴൽ യുദ്ധം മാത്രമാണ്. ഒരു ഭാഗത്ത് മൂല്യങ്ങൾ ഒന്നുമില്ലാത്ത എല്ലാവിധ ആസ്വാദനത്തെയും പ്രോത്സാഹിപ്പിക്കുന്ന ലിബറൽ ആശയങ്ങൾ പുതിയ തലമുറയിൽ പ്രചരിപ്പിക്കുകയും മറ്റൊരു ഭാഗത്ത് ലഹരി സുലഭമായി ലഭ്യമാക്കുകയും ചെയ്തുകൊണ്ട് നടത്തുന്ന ലഹരിവിരുദ്ധ കാമ്പയിനുകൾ പ്രശ്നത്തിന് പരിഹാരമാവില്ലെന്നും ശക്തമായ നടപടികൾ ആവശ്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
നിരാലംബരും നിരായുധരുമായ ഒരു ജനതയുടെ മേൽ ബോംബുകൾ വർഷിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ഇസ്രായേൽ ഭീകരതക്കെതിരെ മനഃസാക്ഷിയെ ഉണർത്തുന്നതിനുള്ള അവസരമാവട്ടെ ഇഫ്താർ സംഗമങ്ങളെന്നും അദ്ദേഹം ആശംസിച്ചു. പ്രവാസികൾ ഏറെ ആശങ്കയോടെ കാണുന്ന നാട്ടിലെ ലഹരി വ്യാപന വിഷയത്തിൽ ശക്തമായ ബോധവത്കരണത്തിന് പ്രവാസി വെൽഫെയർ നേതൃത്വം നൽകുമെന്ന് ചടങ്ങിൽ അധ്യക്ഷതവഹിച്ച പ്രോവിൻസ് പ്രസിഡന്റ് അബ്ദുൽറഹീം ഒതുക്കുങ്ങൽ അറിയിച്ചു.
പ്രൊവിൻസ് ജനറൽ സെക്രട്ടറി അഷ്റഫ് പാപ്പിനിശ്ശേരി സ്വാഗതവും സാഹോദര്യ ഇഫ്താർ കോഓർഡിനേറ്റർ ബഷീർ ചുള്ളിയൻ നന്ദിയും പറഞ്ഞു. നൗഷാദ് പയ്യന്നൂർ, യൂസുഫ് പരപ്പൻ, അബ്ദു സുബ്ഹാൻ പറളി, അഡ്വ. ഫിറോസ്, സി.എച്ച്. ബഷീർ, സലീഖത്ത് ഷിജു, സുഹ്റ ബഷീർ, ഉസാമ ഫറോക്ക്, തമീം അബ്ദുല്ല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.