ജീസാൻ: ജീസാനിൽ ശൈത്യോത്സവത്തിനു തുടക്കമായി. ജീസാൻ നഗരത്തിലെ അമീർ സുൽത്താൻ കൾചറൽ സെൻററിലാണ് ‘ഏറ്റവും മനോഹരം, ഊഷ്മളം’ എന്ന ശീർഷകത്തിൽ ഈ വർഷത്തെ ഉദ്ഘാടന ചടങ്ങ് നടന്നത്. മേഖല ഗവർണർ അമീർ മുഹമ്മദ് ബിൻ നാസർ ബിൻ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. നിരവധി സർക്കാർ, സ്വകാര്യ ഏജൻസികളുടെ പങ്കാളിത്തത്തോടെ രണ്ടു മാസം നീണ്ടുനിൽക്കുന്നതാണ് ഇത്തവണത്തെ ശൈത്യോത്സവമെന്ന് ഗവർണർ പറഞ്ഞു.
ഉദ്ഘാടന ചടങ്ങിനുശേഷം സംഗീതക്കച്ചേരി, നാടകം തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറി. വെടിക്കെട്ട് മാനത്ത് വർണക്കാഴ്ചകൾ വിടർത്തി. പ്രാദേശിക അറബ് പ്രസിദ്ധീകരണ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന 44 പവിലിയനുകളിലായി ഒരുക്കിയ പുസ്തകമേളയും ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് ആർട്ട്, ഫോട്ടോഗ്രഫി, കാലിഗ്രഫി, ശിൽപകല എന്നീ മേഖലകളിലെ പ്രതിഭാധനരായ സ്ത്രീപുരുഷന്മാരുടെ സൃഷ്ടികൾ ഉൾക്കൊള്ളുന്ന ആർട്ട് എക്സിബിഷനും തുടക്കമായി.
വിനോദം, സാംസ്കാരികവും ജനപ്രിയവുമായ പരിപാടികൾ, പുസ്തകമേളകൾ, പ്രദർശനം, ഭിന്നശേഷിയുള്ളവർക്കുള്ള പരിപാടികൾ, ഗവർണറേറ്റ് നൈറ്റ്സ്, ഹിസ്റ്റോറിക്കൽ ഫോറം, മനാർ മീഡിയ ഫോറം എന്നീ പരിപാടികളും ബീച്ച് സോക്കർ, വനിത ഫുട്ബാൾ, പ്രവിശ്യ ഫുട്ബാൾ ലീഗ്, ചെസ് ടൂർണമെൻറ്, ഡൊമിന ചാമ്പ്യൻഷിപ്, ഹൈക്കിങ് എന്നീ കായികമത്സരങ്ങളും ഫെസ്റ്റിവലിൽ ഉൾപ്പെടുമെന്ന് ജീസാൻ മേഖല സെക്രട്ടറിയും ഫെസ്റ്റിവൽ ജനറൽ സൂപ്പർവൈസറുമായ എൻജി. യഹ്യ അൽ ഗസ്വാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.