ദുബൈ: കഴിഞ്ഞ ഒരു വർഷത്തിനിടെ വിവിധ ഗൾഫ് രാജ്യങ്ങളിലായി അപകടങ്ങളിൽ മരിച്ചത് 647 ഇന്ത്യക്കാർ. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങാണ് ഇക്കാര്യം ലോക്സഭയെ അറിയിച്ചത്. ബിഹാറിൽനിന്നുള്ള പാർലമെന്റ് അംഗം രാജീവ് പ്രതാപ് റൂഡിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഗൾഫ് രാജ്യങ്ങളിലെ അപകട മരണങ്ങളുടെ കണക്കുകൾ മന്ത്രി പുറത്തുവിട്ടത്.
ഏറ്റവും കൂടുതൽ അപകട മരണങ്ങൾ സൗദി അറേബ്യയിൽ നിന്നാണ് റിപ്പോർട്ട് ചെയ്ത്. 299 പേരാണ് 2023-24 കാലയളവിൽ ഇവിടെ മരിച്ചത്. യു.എ.ഇ 107, ബഹ്റൈൻ 24, കുവൈത്ത് 91, ഒമാൻ 83, ഖത്തർ 43 എന്നിങ്ങനെയാണ് മറ്റു ജി.സി.സി രാജ്യങ്ങളിലെ അപകട മരണം.
ഇതേകാലയളവിൽ 6001 പേർ ഗൾഫ് രാജ്യങ്ങളിൽ മറ്റു കാരണങ്ങളാൽ മരിച്ചു. സ്വാഭാവിക മരണങ്ങളും, ആത്മഹത്യകളും ഉൾപ്പെടുന്നതാണ് ഇത്. രാജ്യം തിരിച്ചുള്ള കണക്കുകളിൽ ഏറ്റവും മുന്നിൽ സൗദിയാണ്. 2388 പേർ സൗദിയിൽ മരിച്ചതായി മന്ത്രി നൽകിയ മറുപടിയിൽ വിശദീകരിക്കുന്നു.
രണ്ടാം സ്ഥാനത്ത് യു.എ.ഇയാണുള്ളത്. 2023 പേരാണ് കഴിഞ്ഞ ഒരു വർഷം യു.എ.ഇയിൽ സ്വാഭാവിക മരണമായി റിപ്പോർട്ട് ചെയ്തത്. ബഹ്റൈൻ 285, കുവൈത്ത് 584, ഒമാൻ 425, ഖത്തർ 296 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ സ്വാഭാവിക മരണങ്ങളുടെ കണക്കുകൾ. വാഹനാപകട മരണങ്ങളാണ് ഗൾഫ് രാജ്യങ്ങളിൽനിന്നും ഏറെയും റിപ്പോർട്ട് ചെയ്യുന്നത്.
തൊഴിലിടങ്ങളിലെ അപകടങ്ങൾ താരതമ്യേന കുറവാണ്. ഈ വർഷം ജൂണിൽ കുവൈത്തിലുണ്ടായ തീപിടിത്തം ഗൾഫ് രാജ്യത്തുണ്ടായ ഇന്ത്യക്കാരുടെ ഏറ്റവും വലിയ ആൾ നാശമായിരുന്നു. എന്നാൽ, ഹൃദയാഘാതം ഉൾപ്പെടെ സ്വാഭാവിക മരണങ്ങളുടെ എണ്ണം വർധിക്കുന്നതും പ്രവാസികൾക്കിടയിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.