ദുബൈ: ഇസ്രായേൽ അധിനിവേശത്തിൽ ദുരിതത്തിലായ ഗസ്സയിലെ ഫലസ്തീൻ ജനതയെ ചേർത്തുപിടിച്ച് വീണ്ടും യു.എ.ഇ. അടിയന്തര സഹായവുമായി 12 ട്രക്കുകൾ യു.എ.ഇയിൽ നിന്ന് ഗസ്സ മുനമ്പിലെത്തി. ഒക്ടോബറിന് ശേഷം യു.എ.ഇയിൽ നിന്ന് ഗസ്സ മുനമ്പിലേക്ക് പ്രവേശിക്കുന്ന ആദ്യ സഹായമാണിതെന്ന് അധികൃതർ അറിയിച്ചു. 150 ടൺ മാനുഷിക സഹായ വസ്തുക്കളാണ് 12 ട്രക്കുകളിലായുള്ളത്. 30,000 പേരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഇത് സഹായകമാവും. വടക്കൻ ഗസ്സയിലെ ഇറസ് ക്രോസിങ്, തെക്കൻ ഗസ്സയിലെ കറം അബു സലിം ക്രോസിങ് എന്നിവയിലൂടെയാണ് ട്രക്കുകൾ ഗസ്സ മുനമ്പിലേക്ക് പ്രവേശിച്ചത്.
അമേരിക്കൻ നിയർ ഈസ്റ്റ റഫ്യൂജീ എയ്ഡി (അനിറ)ന്‍റെ സഹകരണത്തോടെയാണ് സഹായങ്ങൾ എത്തിക്കുന്നത്. ഗസ്സയിലെ വിനാശകരവും അനുദിനം മോശമാകുന്നതുമായ മാനുഷിക സാഹചര്യം നേരിടുന്നതിനായി യു.എ.ഇ വിപുലമായ പദ്ധതികൾ നടപ്പിലാക്കിവരുന്നുണ്ട്. ഇതിന്‍റെ തുടർച്ചയായാണ് കഴിഞ്ഞ ദിവസം അടിയന്തര സഹായങ്ങൾ എത്തിച്ചത്. വിവിധ പദ്ധതികളിലായി ഇതു വരെ 40,000 ടൺ അവശ്യ വസ്തുക്കൾ യു.എ.ഇ വിതരണം ചെയ്തു കഴിഞ്ഞു.
സാധ്യമായ എല്ലാ വഴികളിലൂടെയും സുസ്ഥിരമായ സഹായ വിതരണം തുടരുമെന്നും വിദേശകാര്യ സഹ മന്ത്രി സുൽത്തൻ മുഹമ്മദ് അൽ ശംസി പറഞ്ഞു. ഫലസ്തീനികൾക്കായി സഹായഹസ്തം നീട്ടുന്നതിനും കര, കടൽ അല്ലെങ്കിൽ വ്യോമമാർഗ്ഗം വഴി മാനുഷിക ദുരിതാശ്വാസ സംരംഭങ്ങൾ നടപ്പിലാക്കുന്നതിനും യു.എ.ഇ പ്രതിജ്ഞാബദ്ധമാണെന്നും അൽ ഷംസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.