അബൂദബി: യുവ പ്രകൃതി സംരക്ഷകരെ ശാക്തീകരിക്കുന്നതിനായി മുഹമ്മദ് ബിൻ സായിദ് സ്പീഷിസ് കൺസർവേഷൻ ഫണ്ട് 15 ലക്ഷം ഡോളർ അനുവദിച്ചു. പരിസ്ഥിതിയെയും വന്യജീവികളെയും സംരക്ഷിക്കുന്നവർക്ക് നിർണായകമായ പിന്തുണ നൽകുന്നതിനാണ് പണം വിനിയോഗിക്കുകയെന്ന് മുഹമ്മദ് ബിൻ സായിദ് സ്പീഷിസ് കൺസർവേഷൻ ഫണ്ട് അറിയിച്ചു. വികസ്വര രാജ്യങ്ങളിലെ ഗവേഷകർക്കും മറ്റുമായി മൂന്നുവർഷം കൊണ്ട് പണം വിനിയോഗിക്കും.
ജൈവവൈവിധ്യ മാറ്റത്തിനും കാലാവസ്ഥ വ്യതിയാനത്തിനും പരിസ്ഥിതി മലിനീകരണത്തിനും എതിരായി പ്രവർത്തിക്കുന്ന ഗ്ലോബൽ എൻവയൺമെന്റ് ഫെസിലിറ്റിയുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ലോകത്തുടനീളമുള്ള വികസ്വര രാജ്യങ്ങളിലെ യുവ പ്രകൃതി സംരക്ഷകരെ പിന്തുണക്കുന്നതിനായി ഓൺലൈൻ അപേക്ഷ സംവിധാനത്തിലൂടെ പ്രതിവർഷം അഞ്ചുലക്ഷം ഡോളർ വീതമാണ് മുഹമ്മദ് ബിൻ സായിദ് സ്പീഷിസ് കൺസർവേഷൻ ഫണ്ട് ചെലവഴിക്കുക.
കഴിഞ്ഞ 15 വർഷത്തിനിടെ വരും തലമുറയിലെ പ്രകൃതി സംരക്ഷകരെ പ്രതിനിധീകരിക്കുന്ന നിരവധി ഗവേഷകർക്ക് സാമ്പത്തിക സഹായം നൽകിയതായി മുഹമ്മദ് ബിൻ സായിദ് സ്പീഷിസ് കൺസർവേഷൻ ഫണ്ടിന്റെ ആക്ടിങ് ഡയറക്ടർ ജനറൽ നികോളാസ് ഹേർഡ് പറഞ്ഞു.
കരിയറിന്റെ തുടക്കകാലത്തുള്ള സംരക്ഷകർക്കാണ് ഇത്തരം പിന്തുണ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2008ൽ മുഹമ്മദ് ബിൻ സായിദ് സ്പീഷിസ് കൺസർവേഷൻ ഫണ്ട് പ്രവർത്തനം തുടങ്ങിയത് മുതൽ 2.4 കോടി ഡോളറിന്റെ പദ്ധതികളാണ് നടപ്പാക്കിയത്.
170ലേറെ രാജ്യങ്ങളിലെ 2800ലധികം പ്രകൃതി സംരക്ഷണ പദ്ധതികൾക്കാണ് സാമ്പത്തിക സഹായം നൽകിയത്. കൂടുതൽ വിവരങ്ങൾക്കും ഗ്രാൻഡിനുമായി www.speciesconservation.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.