പൂരക്കളി മത്സരം ആവേശമായി

ദുബൈ: കാസര്‍കോട് ജില്ലയിലെ കിനാന്നൂര്‍-കരിന്തളം പഞ്ചായത്ത് പ്രവാസി സമിതിയുടെ ആഭിമുഖ്യത്തില്‍ ദുബൈ എമിറേറ്റ്സ് ഇംഗ്ളീഷ് സ്പീക്കിങ് സ്കൂളില്‍ സംഘടിപ്പിച്ച പൂരക്കളി സെമിനാറും മത്സരവും സൗഹൃദരുടെ പ്രശംസ പിടിച്ചുപറ്റി. ഉത്തര മലബാറിന്‍െറ അനുഷ്ഠാന കലാരൂപമായ പൂരക്കളി യു.എ.ഇയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇവിടെ അവതരിപ്പിക്കപ്പെടുന്നത്. 
വെള്ളിയാഴ്ച രാവിലെ നടന്ന മത്സര പരിപാടികള്‍  എഴുത്തുകാരന്‍ എ.വി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ദിനേശന്‍ കിനാനൂരിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ വി.വി. ബാലകൃഷ്ണന്‍ സ്വാഗതവും കനിവ് രക്ഷാധികാരി ശ്രീനിവാസന്‍ നെല്ലിയടക്കം നന്ദിയും പറഞ്ഞു. 
പി.പി. മാധവപ്പണിക്കര്‍, രത്നാകര പണിക്കര്‍, വിജയന്‍ പാലക്കുന്ന്, മണികണ്ഠന്‍ നായര്‍, ഗണേഷ് അരമണ്ടാനം, സാസര്‍ ബേപ്പൂര്‍, പത്നാഭന്‍ മാസ്റ്റര്‍, തമ്പാന്‍ പണിക്കര്‍, മധു പണിക്കര്‍, മുകുന്ദന്‍, പ്രഫ. അന്‍സാരി തുടങ്ങിയവരെ ആദരിച്ചു. 
ഉദ്ഘാടനത്തോടനുബന്ധിച്ച് കഥകളി, തെയ്യം, തുടങ്ങിയ കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തി ഭരതം കലാക്ഷേത്രത്തിന്‍െറ ആഭിമുഖ്യത്തില്‍ ഘോഷയാത്ര നടന്നു. ശിങ്കാരിമേളം, തിരുവാതിരക്കളി, ആലാമിക്കളി എന്നിവ ചടങ്ങിന് കൊഴുപ്പേകി. 
കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ ഒമ്പത് ടീമുകള്‍ മത്സരിച്ചു. പ്രശസ്ത പൂരക്കളി പണിക്കാര്‍മാരായ പി.പി. മാധവപ്പണിക്കര്‍, ഒ.വി.രത്നാകര പണിക്കര്‍ എന്നിവരാണ് മത്സരങ്ങള്‍ വിലയിരുത്തിയത്. 
മാധവപണിക്കരും രത്നാകര പണിക്കരും തമ്മിലുള്ള മറത്തുകളിയും അരങ്ങേറി. ആവേശകരമായ മത്സരത്തില്‍ റെഡ് സ്റ്റാര്‍ ദുബൈ ഒന്നാം സ്ഥാനവും പയ്യന്നൂര്‍ പെരുമ, മോനാച്ച എന്നീ ടീമുകള്‍ രണ്ടും മൂന്ന് സ്ഥാനങ്ങളും നേടി. 
രാത്രി നടന്ന സമാപന ചടങ്ങില്‍ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും വിതരണം ചെയ്തു. പ്രസിഡന്‍റ് രവിന്ദ്രന്‍ കമ്പിക്കാത്തിന്‍െറ അധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനം തമ്പാന്‍ പണിക്കര്‍ ഉദ്ഘാടനം ചെയ്തു. 
വിജയസ പത്മനാഭന്‍ സ്വാഗതവും  കനിവ് സെക്രട്ടറി നന്ദിയും പറഞ്ഞു. ഉച്ചക്ക് മൂവായിരത്തോളം പേര്‍ക്ക് അന്നദാനം നടന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.