ദുബൈ ഷോപ്പിങ് മേളക്ക് ഇന്ന് തുടക്കം

ദുബൈ: വര്‍ണം വാരിവിതറിയ പുതുവത്സരാഘോഷത്തിന്‍െറ ആലസ്യത്തില്‍ നിന്ന് ദുബൈ ഉണരുന്നത് മറ്റൊരു ലോക മേളയിലേക്ക്. ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍(ഡി.എസ്.എഫ്) 21ാമത് പതിപ്പിന് വെള്ളിയാഴ്ച തുടക്കമാകും. വാരാന്ത്യ അവധി ദിനത്തില്‍ തന്നെ ഡി.എസ്.എഫിന്‍െറ കാഹളമുയരുന്നത് ആഘോഷാരവങ്ങള്‍ക്ക് ഇരട്ടിമധുരമായി. ജനുവരി ഒന്ന് മുതല്‍ 32 ദിവസം നടക്കുന്ന ലോകത്തെ ഏറ്റവും വലിയ  ഷോപ്പിങ് മാമാങ്കങ്ങളിലൊന്നായ ഡി.എസ്.എഫില്‍ ഇത്തവണ ഒട്ടേറെ പുതുമയേറിയ പരിപാടികളും ലോകപ്രശസ്ത കലാകാരന്മാരുടെ സാന്നിധ്യവുമുണ്ടാകുമെന്ന്  ദുബൈ ടൂറിസം ആന്‍ഡ് കമേഴ്സ്യല്‍ മാര്‍ക്കറ്റിങ് വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഹിലാല്‍ അല്‍മര്‍റി പത്രക്കുറിപ്പില്‍ അറിയിച്ചു.
ഡി.എസ്.എഫിന്‍െറ മുഖ്യ വേദിയായ ഗ്ളോബല്‍ വില്ളേജില്‍ ഇന്നും നാളെയും വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘാടകര്‍ ഒരുക്കുന്നുണ്ട്. ഇന്ന് പരേഡ് ഓഫ് ദ വേള്‍ഡ് പരിപാടിയില്‍ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൃത്തവും സംഗീതവും സംസ്കാരവും സമന്വയിക്കും. വിവിധ പവലിയനുകളിലും മുഖ്യവേദിയിലും നടക്കുന്ന പ്രത്യേക പരിപാടികള്‍ക്ക് പുറമെ വമ്പന്‍ വെടിക്കെട്ടുമുണ്ടാകും. 
‘വിശിഷ്ടമായതിന്‍െറ ചുരുളഴിക്കൂ’ എന്ന വിശേഷണത്തോടെയുള്ള ഉത്സവത്തില്‍ 150 ലേറെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് അരങ്ങേറുക. ‘ഷോപ്പ് ചെയ്യുക, വിജയിക്കുക, ഉല്ലസിക്കുക’ എന്ന മൂന്ന് സ്തംഭം അടിസ്ഥാനമാക്കിയുള്ള ഡി.എസ്.എഫ് മൊത്തം കുടുംബത്തിന് ഉല്ലസിക്കാനും ആഹ്ളാദിക്കാനുമുള്ള വേദിയാണൊരുക്കുന്നത്. ‘ഒരു ലോകം, ഒരു കുടുംബം, ഒരു ഉത്സവം’ എന്ന മുദ്രവാക്യത്തില്‍  ലോകത്തിന്‍െറ വിവിധ രാജ്യക്കാരായ കുടംബങ്ങളെ ലോകനഗരമായ ദുബൈയില്‍ ഉല്ലാസത്തിനായി എത്തിക്കുകയാണ് ഡി.എസ്.എഫിന്‍െറ മുഖ്യലക്ഷ്യം.
ഇത്തവണയും നിരവധി സമ്മാന പദ്ധതികള്‍ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. നിസാന്‍ കാറുകള്‍ ദിവസവും സമ്മാനമായി നല്‍കുന്ന നിസാന്‍ ഗ്രാന്‍ഡ് റാഫിള്‍ ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി ആറു വരെ നടക്കും. ഇനോക്-എപ്കോ പെട്രോള്‍ സ്റ്റേഷനുകളില്‍ നിന്നും സൂം ഷോപ്പുകളില്‍ നിന്നും 20 ദിര്‍ഹത്തിന് മുകളില്‍ ഇന്ധന ഇതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് സമ്മാനത്തിന് അവസരം. 
എല്ലാ വര്‍ഷത്തേയും പോലെ ദുബൈ ഗോള്‍ഡ് ആന്‍റ് ജ്വല്ലറി ഗ്രൂപ്പിന്‍െറ സ്വര്‍ണ സമ്മാന പദ്ധതിയില്‍ ദിവസം മൂന്നു പേര്‍ക്ക് ഒരു കിലോ, അര കിലോ, കാല്‍ക്കിലോ സ്വര്‍ണമാണ് സമ്മാനമായി നല്‍കുന്നത്. മൊത്തം 100 വിജയികള്‍ക്ക് 56 കിലോ സ്വര്‍ണമാണ് ലഭിക്കുക. 
ദുബൈയിലെ അഞ്ഞൂറോളം ജ്വല്ലറികളില്‍ നിന്ന് 500 ദിര്‍ഹത്തിനോ മുകളിലോ സ്വര്‍ണ വജ്ര ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ലഭിക്കുന്ന കൂപ്പണ്‍ നറുക്കെടുത്താണ് വിജയികളെ തീരുമാനിക്കുക. മാള്‍ ഓഫ് എമിറേറ്റ്സ് ,ദേര സിറ്റി സെന്‍റര്‍, മിര്‍ദിഫ്, മെയിസം സിറ്റി സെന്‍റര്‍ എന്നിവിടങ്ങളില്‍ ഇന്ന് ഉച്ച 12 മുതല്‍ രാത്രി 12 വരെ 80-90 ശതമാനം വരെ വിലക്കിഴിവാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.  50,000 ദിര്‍ഹം സമ്മാനമായ നല്‍കുന്ന ഡി.എസ്.എഫ് പ്രമോഷനും ഈ മാളുകളില്‍ നടക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.