ദുബൈ: മറ്റു ഗള്‍ഫ് രാജ്യങ്ങളെയും യു.എ.ഇയിലെ തന്നെ മറ്റു എമിറേറ്റുകളെയും പോലെ എണ്ണ സമ്പത്ത് ഭൂമിക്കടിയില്‍ ഒളിപ്പിച്ച നാടല്ല ദുബൈ. മരുഭൂമിയും കടല്‍ത്തീരവും മാത്രമാണ് ദുബൈക്ക് പ്രകൃതി നല്‍കിയത്. പിന്നെ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം എന്ന ഭരണാധികാരിയെയും. വൈവിധ്യമാര്‍ന്ന വരുമാന സ്രോതസ്സുകള്‍ കണ്ടത്തെി ശക്തമായ സമ്പദ്ഘടനയും തിളക്കമാര്‍ന്ന ലോകനഗരവും സൃഷ്ടിക്കാന്‍ ശൈഖ് മുഹമ്മദിന്‍െറ നേതൃത്വം ധാരാളമായിരുന്നെന്ന് കഴിഞ്ഞ ഒരു ദശകം തെളിയിച്ചുകഴിഞ്ഞു.
പക്വതയും പ്രായോഗികതയും ജനക്ഷേമ താല്പര്യവും ഒന്നിക്കുന്ന അപൂര്‍വ ഭരണാധികാരിയായി ശൈഖ് മുഹമ്മദ്, ദുബൈയുടെ ചെങ്കോല്‍ ഏറ്റെടുത്തത് 2006 ജനുവരി നാലിനായിരുന്നു. 10 വര്‍ഷം മുമ്പ്. പിന്നീടുള്ള ദുബൈയുടെ വികസന മുന്നേറ്റം നേരില്‍ കണ്ടവരുടെയെല്ലാം ഹൃദയത്തില്‍ ഈ നഗരത്തിനൊപ്പം അതിന്‍െറ ഭരണാധികാരിയും സ്ഥാനം പിടിച്ചു. എല്ലാ മേഖലയിലും ദുബൈ കുതിച്ചുപാഞ്ഞ ദശകമാണ് കടന്നുപോകുന്നത്. ഒരു പതിറ്റാണ്ട് മുമ്പത്തെ ദുബൈയില്‍ നിന്ന് ഇന്നത്തെ ദുബൈയിലേക്കുള്ള കുതിപ്പിനെ എന്തെല്ലാം പറഞ്ഞ് വിശേഷിപ്പിച്ചാലും ശൈഖ് മുഹമ്മദിനോടുള്ള ആദരവും സ്നേഹവും അതില്‍ നിറഞ്ഞുനില്‍ക്കും.
സഹോദരന്‍ ശൈഖ് മക്തൂം ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ വിയോഗത്തത്തെുടര്‍ന്നായിരുന്നു ശൈഖ് മുഹമ്മദിന്‍െറ സ്ഥാനാരോഹണം. 200ഓളം രാജ്യങ്ങളിലെ പൗരന്മാര്‍ സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയുന്ന ലോകനഗരമായി ദുബൈയെ വളര്‍ത്തിയതിന് പിന്നില്‍ ഈ 66 വയസ്സുള്ള ഭരണാധികാരിയുടെ ധിഷണയും കര്‍മകുശലതയും സൈ്ഥര്യവും മാത്രമായിരുന്നു.
പുതിയ ഓരോ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോഴും അദ്ദേഹം ആവര്‍ത്തിച്ചുപറയുന്ന ഒരു കാര്യമുണ്ട്, ജനങ്ങളുടെ സന്തോഷത്തിനും സംതൃപ്തിക്കും വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നതെന്ന്. ആ പറയുന്നത് നൂറു ശതമാനവും ശരിയാണെന്ന് ദുബൈയില്‍ വസിക്കുന്ന പ്രവാസിയും സ്വദേശിയൂം സഞ്ചാരിയുമെല്ലാം ഒരുപോലെ തലകുലുക്കി സമ്മതിക്കും. സ്വന്തംനാട്ടിലെ നേതാക്കളെയും ഭരണാധികാരികളെയും പോലെയോ ഒരു പക്ഷെ അതിനേക്കാളേറെയോ ശൈഖ് മുഹമ്മദിനെ ഇഷ്ടപ്പെടുന്നവരാണ് ദുബൈയില്‍ ജീവിതം തുഴയുന്ന ലക്ഷകണക്കിന് പ്രവാസികള്‍. ദുബൈ ഭരണാധികാരിയെക്കുറിച്ച് ചോദിച്ചാല്‍, ആയിരം നാവോടെ അവര്‍ പ്രശംസ ചൊരിയും.
അംബരചുംബികളായ കെട്ടിടങ്ങളും കണ്ണാടിപോലുള്ള രാജപാതകളും പണിതുയര്‍ത്തിയ ഭരണാധികാരി മാത്രമല്ല ശൈഖ് മുഹമ്മദ്. എന്നും പുതിയ ആശയങ്ങള്‍ക്ക് പിറകെയായിരുന്നു അദ്ദേഹം. അതിനായി അന്താരാഷ്ര്ട സമ്മേളനങ്ങളും ഉച്ചകോടികളും മത്സരങ്ങളും നിരന്തരം സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ഇന്നവേഷന്‍ ലാബുകള്‍ തുടങ്ങി. ഇതില്‍ നിന്നെല്ലാം ലഭിക്കുന്ന നൂതന ആശയങ്ങള്‍ പ്രയോഗത്തില്‍ കൊണ്ടുവരുന്നത് പതിവാക്കിയതാണ് ദുബൈയെ ലോകത്തെ ഏറ്റവും വലിയ വ്യാപാര കേന്ദ്രമാക്കി വളര്‍ത്തിയത്.
എണ്ണ വരുമാനം ആകെ വരുമാനത്തിന്‍െറ വെറും ആറു ശതമാനമായിട്ടും ദുബൈയുടെ സാമ്പത്തിക വളര്‍ച്ച ഏറെ സ്ഥിരതയാര്‍ന്നതും ശക്തവുമാണെന്നാണ് സാമ്പത്തിക പഠനങ്ങള്‍ പറയുന്നത്. അതുകൊണ്ടുതന്നെ എണ്ണ വിലയിടിവ് ശൈഖ് മുഹമ്മദിനെ ഏറെ അസ്വസ്ഥനാക്കുന്നില്ല. വ്യാപാരവും ടൂറിസവും വ്യോമയാനവും ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന വരുമാന സ്രോതസ്സുകള്‍ വളര്‍ത്തിയെടുത്തത് അദ്ദേഹത്തിന്‍െറ വിജയകരമായ തന്ത്രമായിരുന്നു. യു.എ.ഇയുടെ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും കൂടിയായ അദ്ദേഹത്തിന്‍െറ കാര്‍മികത്വത്തില്‍ രാജ്യം വിജ്ഞാധിഷ്ഠിത സമ്പദ്ഘടനയിലേക്ക് മാറുകയുമാണ്.
50 ഡിഗ്രി താപനിലയില്‍ തിളക്കുമ്പോള്‍ പോലും ദുബൈയിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പാടവം ലോകത്തെ ഏറ്റവും വലിയ മാര്‍ക്കറ്റിങ് വിദഗ്ധരെപോലൂം അമ്പരപ്പിക്കും. ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ ദിനേനയെന്നോണം അന്താരാഷ്ര്ട സമ്മേളനങ്ങളും പ്രദര്‍ശനങ്ങളും നടക്കുമ്പോള്‍ ലോകത്തിന്‍െറ നാനാഭാഗങ്ങളില്‍ നിന്ന് അതാത് മേഖലയിലെ വിദഗ്ധര്‍ ഇവിടെയത്തെും. അതോടെ ദുബൈയുടെ സ്വന്തം വിമാനക്കമ്പനിയായ എമിറേറ്റ്സ് എയര്‍ലൈനില്‍ നിറയെ യാത്രക്കാരായി. നക്ഷത്ര ഹോട്ടലുകളിലും ആള്‍ത്തിരക്ക്. അതിന്‍െറ പ്രതിഫലനം വമ്പന്‍ മാളുകള്‍ മുതല്‍ ദേരയിലെയും ബര്‍ദുബൈയിലെയും തെരുവുകളിലും ടാക്സികളിലും വരെ ദൃശ്യമാകും. ദുബൈയെ സദാ ചലനാത്മകമാക്കുന്നതിലെ ഒരുഘടകം മാത്രമാണിത്. കടല്‍ ആകാശമാര്‍ഗങ്ങളിലുടെ ലോകത്തിന്‍െറ ചരക്കുനീക്കത്തിന്‍െറ വലിയൊരു പങ്കും കടന്നുപോകുന്നത് ദുബൈവഴിയാണ്. ലോകത്തെ ഏറ്റവും വലുത്, മികച്ചത്, നല്ലത് എന്നതാണ് ശൈഖ് മുഹമ്മദിന്‍െറ ദൗര്‍ബല്യം. ബുര്‍ജ്ഖലീഫയും ദുബൈ മാളും പാം ജുമൈറയും ദുബൈ മെട്രോയുമെല്ലാം ബുര്‍ജുല്‍ അറബുമെല്ലാം അതിന്‍െറ പ്രതീകങ്ങളാണ്. പുതിയ വിമാനത്താവളവും റോഡുകളും പാലങ്ങളും ജലപാതകളും പാര്‍ക്കുകളും മരുഭൂമിയില്‍ മരുപ്പച്ച സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഭാവിയെ എങ്ങനെ നേരിടണമെന്നും ലക്ഷ്യങ്ങള്‍ എങ്ങനെ എത്തിപ്പിടിക്കണമെന്നും വ്യക്തമായ കാഴ്ചപ്പാടുള്ള ദീര്‍ഘദര്‍ശി ദുബൈയെ ലോകത്തെ ആദ്യത്തെ സ്മാര്‍ട്ട് നഗരമാക്കാനുള്ള തയാറെടുപ്പിലാണ്. അദ്ദേഹത്തിന്‍െറ കണിശമാര്‍ന്ന നിര്‍ദേശങ്ങള്‍ പിന്‍പറ്റി എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും പുതിയ പുതിയ പദ്ധതികള്‍ നടപ്പാക്കാന്‍ മത്സരിക്കുന്ന കാഴ്ചയാണ് ദുബൈയില്‍ കാണാനാവുക. സ്മാര്‍ട്ട് ഫോണ്‍ വഴി ഏതാണ്ടെല്ലാ സര്‍ക്കാര്‍ സേവനങ്ങളും ദുബൈ വാസികള്‍ക്ക് ഇപ്പോള്‍ ലഭ്യമാണ്. കൂടുതല്‍ സേവനങ്ങള്‍ സ്മാര്‍ട്ടായിക്കൊണ്ടിരിക്കുന്നു. സൗരോര്‍ജമാണ് ദുബൈ ലക്ഷ്യം വെക്കുന്ന അടുത്ത ഊര്‍ജ സ്രോതസ്സ്. തീരുമാനിച്ചാല്‍ പിന്നെ സമയബന്ധിതമായി നടപ്പാക്കുക എന്നതാണ് ശൈഖ് മുഹമ്മദിന്‍െറ രീതി. അതില്‍ ഒരുവിട്ടുവീഴ്ചയുമില്ല.
ലോകത്തെങ്ങുമുള്ള ദുര്‍ബലരെയൂം പീഡിതരെയും സഹായിക്കുന്ന കാരുണ്യപ്രവര്‍ത്തകന്‍കൂടിയാണ് ശൈഖ് മുഹമ്മദ്. ഫലസ്തീനും യമനും മുതല്‍ ആഫ്രിക്കന്‍ നാടുകളില്‍ വരെ അദ്ദേഹത്തിന്‍െറ സഹായഹസ്തം നിരന്തരം എത്തിക്കൊണ്ടിരിക്കുന്നു. സാധാരണക്കാര്‍ക്ക് പ്രാപ്യനായ, ദുബൈയിലുടെ സ്വന്തമായി വാഹനമോടിച്ച് പോകുന്ന, മാളുകള്‍ സന്ദര്‍ശിക്കുന്ന, എപ്പോഴും പ്രചോദനാത്മകമായി മാത്രം സംസാരിക്കുന്ന, കവിതയെഴുതുന്ന, പ്രവാസികളടക്കം അദ്ഭുതാദരവുകളോടെ കൈവീശുന്ന മഹാനായ ഭരണാധികാരിയുടെ ഏറ്റവും വലിയ മികവ് ഈ എളിമയിലധിഷ്ഠിതമായ കരുത്താണ്.
നാലു വര്‍ഷം കഴിഞ്ഞത്തെുന്ന എക്സ്പോ 2020 ദുബൈയെ പുതിയ ഉയരങ്ങളില്‍ എത്തിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. ആത്മവിശ്വാസത്തോടെ അതിലേക്ക് ചുവടുവെക്കാന്‍ ശൈഖ് മുഹമ്മദിന്‍െറ നേതൃത്വം മാത്രം മതി എന്നതാണ് യാഥാര്‍ഥ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.