ആദ്യ നോമ്പ് തുറക്കാന്‍  പള്ളികളില്‍ ആയിരങ്ങള്‍

ആദ്യ നോമ്പ് തുറക്കാന്‍  പള്ളികളില്‍ ആയിരങ്ങള്‍

ഷാര്‍ജ: കൊടും ചൂടില്‍ 15 മണിക്കൂറിലേറെ വ്രതമെടുത്ത് വിശ്വാസികള്‍ ആത്മ സംതൃപ്തിയോടെ ആദ്യ ഇഫ്താറിന് ഒത്ത് കൂടി. വിവിധ പള്ളിയങ്കണങ്ങളില്‍ ഒരുക്കിയ ഇഫ്താറുകളില്‍ ആയിരങ്ങളാണ് എത്തിയത്. സന്നദ്ധ പ്രവര്‍ത്തകര്‍  ലേബര്‍ ക്യാമ്പുകളില്‍ നോമ്പുതുറക്ക് നേതൃത്വം നല്‍കി. യു.എ.ഇയിലെ ചാരിറ്റി സംഘടനകളും ഇഫ്താര്‍ സംഗമകളൊരുക്കിയിരുന്നു. യാത്രക്കാര്‍ക്ക് ഇഫ്താര്‍ കിറ്റുകളുമായി പൊലീസും റെഡ്ക്രസന്‍റും രംഗത്തുണ്ടായിരുന്നു. കച്ചവട കേന്ദ്രങ്ങളിലും പെട്രോള്‍ പമ്പുകളിലും  ഇഫ്താറിനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരുന്നു. 
റമദാന്‍ മൂന്ന് പിന്നിടുന്നതോടെയാണ് ഇഫ്താര്‍ സംഗമങ്ങള്‍ക്ക് തിരക്കേറുക. സംഘടനകളും പ്രാദേശിക കൂട്ടായ്മകളും ഇഫ്താര്‍ സംഗമങ്ങള്‍ സംഘടിപ്പിക്കുന്നു. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ മുസ്ലിംസ് (എയിം) നടത്തിയിരുന്ന ഇഫ്താര്‍ സംഗമം നിന്ന് പോയതില്‍ പലരും മനോവിഷമത്തിലാണ്. എല്ലാ സംഘടനകളും നേതാക്കളും എല്ലാ വിധ അഭിപ്രായ വ്യത്യാസങ്ങളും മാറ്റി വെച്ചാണ് ഇതില്‍ സംഘമിച്ചിരുന്നത്. ഇത് വീണ്ടും നടക്കണമെന്ന ആഗ്രഹത്തിലാണ് പലരും. 
 കടുത്ത ചൂട് നിലനില്‍ക്കുന്നതിനാല്‍ നോമ്പ് തുറക്കുമ്പോള്‍ ധാരാളം ശുദ്ധ ജലം കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. പരമാവധി എണ്ണ പലഹാരങ്ങള്‍ ഒഴിവാക്കണമെന്നും അവര്‍ നിര്‍ദേശിക്കുന്നു. പഴവും പഴച്ചാറുകളും കഴിക്കുന്നത് നല്ലതാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.