ട്രേഡ് സെന്‍ററില്‍ റമദാന്‍  രാത്രിച്ചന്ത തുടങ്ങി

ദുബൈ: ദുബൈയുടെ ഏറ്റവും വലിയ നിശാ വിപണിയെന്നറിയപ്പെടുന്ന റമദാന്‍ നൈറ്റ് മാര്‍ക്കറ്റിന് വേള്‍ഡ് ട്രേഡ് സെന്‍ററിലെ സാബീല്‍ അഞ്ചാം നമ്പര്‍ ഹാളില്‍ തുടക്കമായി. ദുബൈ സാമ്പത്തിക വികസന വിഭാഗം ഡയറക്ടര്‍ ജനറല്‍ സമി അല്‍ ഖാസിമി  ഉദ്ഘാടനം ചെയ്തു.
 300 ലേറെ പ്രദര്‍ശനക്കാര്‍ പങ്കെടുക്കുന്ന വിപണി രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ രണ്ടു വരെയാണ് പ്രവര്‍ത്തിക്കുക. അഞ്ച് ദിര്‍ഹമാണ് പ്രവേശ നിരക്ക്. അഞ്ച് വയസിന് താഴെയുള്ളവര്‍ക്ക് പ്രവേശം സൗജന്യം. പത്തു ദിവസം തുടരുന്ന രാത്രിച്ചന്ത ഒരു ലക്ഷം പേര്‍ സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകരായ സുമാന എക്സിബിഷന്‍സ് ബ്രാന്‍ഡ് മാനേജര്‍ സാമന്ത കോര്‍ഡീറോ മിറാന്‍ഡ പറഞ്ഞു. 
വസ്ത്രങ്ങള്‍, ജ്വല്ലറി, വീട്ടുപകരണങ്ങള്‍, ആരോഗ്യ, സൗന്ദര്യ വര്‍ധക ഉത്പന്നങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍, കളിപ്പാട്ടങ്ങള്‍, കരകൗശല വസ്തുക്കള്‍, ഓട്ടോമൊബീല്‍ ഉത്പന്നങ്ങള്‍, വിനോദ സഞ്ചാര, മെഡിക്കല്‍ വിഭാഗങ്ങള്‍ എന്നിവ വിലക്കുറവില്‍ ഷോപ്പിങ് നടത്താം. വൈവിധ്യങ്ങളായ ഭക്ഷണശാലകളാണ് മറ്റൊരു പ്രത്യേകത. ഇരുന്ന് കഴിക്കാനുള്ള സൗകര്യവുമുണ്ട്. കൂടാതെ, സൗജന്യ ആരോഗ്യ പരിശോധനയും കുടുംബങ്ങള്‍ക്ക് ഒന്നടങ്കം വിനോദങ്ങളിലേര്‍പ്പെടാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് നറുക്കെടുപ്പിലൂടെ വിമാന ടിക്കറ്റുകളടക്കം ആകര്‍ഷകങ്ങളായ സമ്മാനങ്ങളും വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ramadannightmarket.com
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.