അബൂദബി/ദുബൈ: രാജ്യമെങ്ങും വീശിയടിച്ച കനത്ത കാറ്റിലും ശക്തമായ മഴയിലും വ്യാപക നാശം. നിരവധി പ്രദേശങ്ങള്‍ വെള്ളത്തിലായി. കനത്ത കാറ്റില്‍ കെട്ടിടങ്ങളുടെ ചില്ലുകള്‍, പരസ്യ ബോര്‍ഡുകള്‍, മരങ്ങള്‍, വൈദ്യുത പോസ്റ്റുകള്‍ തുടങ്ങിയവ നിലംപൊത്തി. ശക്തമായ ഇടിമിന്നലും അനുഭവപ്പെട്ടു. അബൂദബി, അല്‍ഐന്‍, ദുബൈ, ഷാര്‍ജ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ ശക്തമായ മഴയാണ് പെയ്തത്. കനത്ത കാറ്റുമുണ്ടായിരുന്നു. അബൂദബിയില്‍ പുലര്‍ച്ചെ മുതല്‍ പെയ്ത മഴയും ഇടക്കിടെയുള്ള ശക്തമായ കാറ്റും ജനജീവിതത്തെ സാരമായി ബാധിച്ചു. റോഡുകളില്‍ വെള്ളം പൊങ്ങുകയും മരങ്ങള്‍ കടപുഴകി പാതകളിലേക്ക് വീഴുകയും ചെയ്തതോടെ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയില്‍ അബൂദബി വിമാനത്താവളത്തിലും ചോര്‍ച്ചയുണ്ടായി. മോശം കാലാവസ്ഥ പരിഗണിച്ച് വിമാനത്താവളത്തിന്‍െറ പ്രവര്‍ത്തനം ഇടക്ക് നിര്‍ത്തിവെച്ചു. തലസ്ഥാന എമിറേറ്റില്‍ ചൊവ്വാഴ്ചയും ശക്തമായ മഴ പെയ്തിരുന്നു.
അബൂദബി സ്റ്റോക്ക് എക്സ്ചേഞ്ചിന്‍െറ പ്രവര്‍ത്തനവും ബുധനാഴ്ച നിര്‍ത്തിവെച്ചിരുന്നു. നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം നേരത്തേ അവസാനിപ്പിക്കുകയും ജീവനക്കാര്‍ക്ക് നേരത്തേ പോകുന്നതിന് അവസരം ഒരുക്കുകയും ചെയ്തു.
ഉച്ചക്ക് 11.30ഓടെ വീശിയടിച്ച കാറ്റില്‍ നിരവധി കെട്ടിടങ്ങളുടെ ചില്ലുകള്‍ പറന്നുപോയി. പലതും വാഹനങ്ങള്‍ക്ക് മേല്‍ വീണ് കേടുപാടുകള്‍ സംഭവിച്ചു. അബൂദബി നഗരത്തിലും മുസഫയിലും ബനിയാസിലും നിരവധി മരങ്ങള്‍ നിലംപൊത്തിയിട്ടുണ്ട്. അബൂദബി നഗരത്തില്‍ വൈദ്യുത പോസ്റ്റുകള്‍ വീണ് ഏതാനും കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. നിരവധി കെട്ടിടങ്ങള്‍ക്കൊപ്പമുള്ള പാര്‍ക്കിങ് സൗകര്യങ്ങളും തകര്‍ന്നു. അബൂദബിയില്‍ മാത്രം നൂറുകണക്കിന് വാഹനങ്ങള്‍ക്കാണ് തകരാറുകള്‍ സംഭവിച്ചത്.
ദുബൈ ജബല്‍ അലിഭാഗത്ത് ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണി മുതല്‍ തന്നെ ശക്തമഴയായിരുന്നു. കാറ്റിന്‍െറ അകമ്പടിയോടെയത്തെിയ മഴയെ ബര്‍ദുബൈ, ദേര ഭാഗങ്ങളില്‍ അന്നേരം കാണാനുണ്ടായിരുന്നില്ല. എന്നാല്‍ നേരം വെളുത്തതോടെ പേമാരിയും കാറ്റും ഇടിയും മിന്നലുമത്തെുകയായിരുന്നു.
പുറത്തിറങ്ങിയവരെ മഴ അകത്തേക്ക് തന്നെ പറഞ്ഞയച്ചു. നടന്ന് പോകുന്നവര്‍ മഴയത്ത് നനഞ്ഞൊട്ടി. ചിലര്‍ മഴ അസ്വദിച്ച് നിരത്തുകളിലൂടെ നടന്നും സൈക്കിള്‍ ചവിട്ടിയും ആഘോഷിച്ചു. ജബല്‍ അലി ഭാഗത്തെ മിക്ക റോഡുകളും സ്ഥാപനങ്ങളും വെള്ളത്തിലായി. മെട്രോ സ്റ്റേഷനെയും വെള്ളക്കെട്ട് വെറുതെ വിട്ടില്ല.
ശക്തമായ മഴയും കാറ്റും ഉണ്ടായതിനെ തുടര്‍ന്ന് ജനങ്ങള്‍ താമസ സ്ഥലങ്ങള്‍ക്കുള്ളില്‍ തന്നെ കഴിയണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്ക് അല്ലാതെ പുറത്തിറങ്ങരുതെന്നും ആവശ്യപ്പെട്ടു. കാലാവസ്ഥ മോശമായ സാഹചര്യത്തില്‍ വീട്ടില്‍ തന്നെ കഴിയുന്നതാണ് ഏറ്റവും സുരക്ഷിതമെന്ന് മുനിസിപ്പല്‍ അധികൃതര്‍ വ്യക്തമാക്കി.
അടിയന്തര സാഹചര്യങ്ങളിലല്ലാതെ വാഹനങ്ങളുമായി റോഡില്‍ ഇറങ്ങരുതെന്ന് അബൂദബി ട്രാഫിക് അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. വലിയ വാഹനങ്ങളുടെയും മൊബൈല്‍ ക്രെയിനുകളുടെയും പ്രവര്‍ത്തനങ്ങള്‍ അബൂദബിയില്‍ താല്‍ക്കാലികമായി നിര്‍ത്തിവെപ്പിക്കുകയും ചെയ്തു. കെട്ടിടങ്ങളുടെ വശങ്ങളിലെ ചില്ലുകള്‍ വൃത്തിയാക്കുന്നതിന് ക്രെയിന്‍ വഴി ഇറങ്ങിയ തൊഴിലാളികളില്‍ ഏതാനും പേര്‍ കുടുങ്ങുകയും ചെയ്തിരുന്നു.
ക്രെയിനിന് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് മണിക്കൂറുകള്‍ കുടുങ്ങിയത്. ടൂറിസ്റ്റ് ക്ളബ് ഏരിയയിലെ കെട്ടിടത്തിലെ ക്രെയിനില്‍ കുടുങ്ങിയ രണ്ട് തൊഴിലാളികളെ പൊലീസും സിവില്‍ ഡിഫന്‍സും എത്തിയാണ് രക്ഷപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.